സന്തുഷ്ട രാഷ്ട്രസങ്കല്പവും ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളും

ഐക്യരാഷ്ട്രസഭയുടെ ലോകസന്തുഷ്ടിവൃത്താന്ത രേഖ (വേള്‍ഡ് ഹാപിനസ് റിപ്പോര്‍ട്ട്) 2018 മാര്‍ച്ച് 14ന് പുറത്തുവന്നു. അതനുസരിച്ച് ലോകത്തെ ഏറ്റവും സന്തുഷ്ട രാഷ്ട്രമായി വിലയിരുത്തപ്പെടുന്നത് ഫിന്‍ലാന്‍ഡ് ആണ്. കഴിഞ്ഞകൊല്ലം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നോര്‍വെയെ പിന്തള്ളിയാണ് ഫിന്‍ലാന്‍ഡ് ഒന്നാം സ്ഥാനത്ത് എത്തിയത്. ലോകസന്തുഷ്ട വൃത്താന്ത രേഖയില്‍ പതിവായി ആദ്യത്തെ അഞ്ചു സ്ഥാനങ്ങളില്‍ ഒന്നു കരസ്ഥമാക്കാറുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഫിന്‍ലാന്‍ഡ്. അവയില്‍ നോര്‍വെ, ഡെന്മാര്ക്ക്, ഫിന്‍ലാന്‍ഡ് എന്നീ നോര്‍ഡിക് രാജ്യങ്ങള്‍ സന്തുഷ്ടി അടിസ്ഥാനമാക്കി യുഎന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ച 2012 മുതല്‍ സ്വിറ്റ്സര്‍ലന്റ്, ഐസ്ലാന്റ് എന്നിവക്കൊപ്പം ആദ്യത്തെ പത്ത് ഇടങ്ങളില്‍ സ്ഥാനം പിടിച്ചു പോന്നിട്ടുള്ളവയാണ്. ലോകരാഷ്ട്രങ്ങളില്‍ ‘വേള്‍ഡ് ഗാലപ് പോള്‍’ നടത്തുന്ന അഭിപ്രായ വോട്ടെടുപ്പിനും ആഗോളതലത്തില്‍ നടക്കുന്ന മൂല്യപഠനങ്ങളുടേയും അടിസ്ഥാനത്തിലാണ് അതില്‍ പങ്കാളികളാകുന്ന രാജ്യങ്ങളുടെ സ്ഥാനനിര്‍ണയം നടത്തുക. രാഷ്ട്രത്തിന്റെയും സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ ജീവിതവുമായി ബന്ധപ്പെട്ട 14 മേഖലകളെയും സംബന്ധിക്കുന്ന ചോദ്യാവലിയുടെയും അടിസ്ഥാനത്തിലാണ് ഗാലപ് പോള്‍ സംഘടിപ്പിക്കുന്നത്. അതോടൊപ്പം വരുമാനം, ആരോഗ്യത്തോടുകൂടിയ ആയുര്‍ദൈര്‍ഘ്യം, സാമൂഹ്യപിന്തുണ, സ്വാതന്ത്ര്യം, പ്രത്യാശ, ഭൂതദയ എന്നിവകൂടി വ്യക്തികളുടെയും സമൂഹത്തിന്റെയും ക്ഷേമത്തിന്റെ അടിത്തറയായി കണക്കാക്കപ്പെടും. തികച്ചും സങ്കീര്‍ണവും പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നവയുമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും അതിനായി അവലംബിക്കുന്ന രീതികളും മാനദണ്ഡങ്ങളും. ഇത്തവണ അഭയാര്ഥിപ്രശ്നങ്ങള്ക്കും കുടിയേറ്റക്കാര്‍ക്കും പ്രതേ്യക ഊന്നല്‍ നല്‍കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. ഇക്കൊല്ലത്തെ റിപ്പോര്‍ട്ടില്‍ 156 രാജ്യങ്ങളാണ് പഠനവിധേയമായത്. അവയില്‍ത്തന്നെ 117 എണ്ണം കുടിയേറ്റക്കാരെ സംബന്ധിച്ച പഠനങ്ങള്‍ക്കും വിധേയമായി. ഇക്കൊല്ലം ഇന്ത്യ റിപ്പോര്‍ട്ടില്‍ 122-ാം സ്ഥാനത്താണുള്ളത്. അയല്‍രാജ്യങ്ങളായ ചൈന (79), പാകിസ്ഥാന് (80), ഭൂട്ടാന് (97) നേപ്പാള്‍ (99), ബംഗ്ലാദേശ് (110), മ്യാന്മാര് (114), ശ്രീലങ്ക (120) എന്നിവയ്ക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.
ജനതയുടേയും രാഷ്ട്രത്തിന്റേയും സന്തുഷ്ടി അളക്കുന്ന രീതികളെയും സമ്പ്രദായങ്ങളെയും മാനദണ്ഡങ്ങളെയും പറ്റിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കെ തന്നെ ഈ സ്ഥാനനിര്‍ണയം ഇന്ത്യയടക്കം ഓരോ രാജ്യത്തിന്റെ ജീവിതാവസ്ഥകളെയാണ് തുറന്നുകാട്ടുന്നതെന്ന് പറയാതെ വയ്യ. കടന്നുപോകുന്ന ഓരോ അരമണിക്കൂറിലും ഒരു കര്‍ഷകനെങ്കിലും ആത്മഹത്യ ചെയ്യുന്ന രാജ്യമാണ് നമ്മുടേതെന്ന് കേന്ദ്ര ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ഔദേ്യാഗിക കണക്കാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളജുകളില്‍ കൂട്ടശിശുമരണം ഇതുപോലെ നടക്കുന്ന മറ്റൊരു രാജ്യം ഭൂമുഖത്ത് മറ്റൊന്നുമുണ്ടാവില്ല. ദിനംപ്രതി മൂന്ന് വര്‍ഗീയ കലാപങ്ങള്‍ അല്ലെങ്കില്‍ സംഘര്‍ഷങ്ങള്‍ രാജ്യത്ത് നടക്കുന്നുവെന്ന കണക്ക് ഗവണ്മെന്റ് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച രേഖകളാണ് വെളിവാക്കുന്നത്. പൗരന് എന്ത് ഭക്ഷിക്കണമെന്ന് നിശ്ചയിക്കുന്ന, അതിനനുസൃതമായി ജീവിക്കുന്നില്ലെന്നു സംശയിക്കപ്പെടുന്നവരെ പിച്ചിച്ചീന്താന്‍ കൊലയാളി സംഘങ്ങളെ കെട്ടഴിച്ചുവിടുന്ന മറ്റേതൊരു രാഷ്ട്രമാണ് ഭൂമുഖത്തുള്ളത്? പ്രായപൂര്‍ത്തിയാവാത്ത കുട്ടികളടക്കം ലക്ഷങ്ങള്‍ ഇപ്പോഴും അടിമകളെപോലെ പണിയെടുക്കേണ്ടി വരുന്ന ഉടമ്പടി തൊഴില്‍ സമ്പ്രദായം നിര്‍ബാധം തുടരാന്‍ മറ്റെത്ര പരിഷ്കൃത രാജ്യങ്ങളാണ് ആധുനിക ലോകത്ത് അനുവദിക്കുക? തൊഴിലില്ലായ്മ, പട്ടിണി, ഭവനരാഹിത്യം, വിദ്യാഭ്യാസ അവകാശ നിഷേധം തുടങ്ങി അടിസ്ഥാന മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഒന്നൊന്നായി പരിശോധിക്കന് മുതിരുന്നതു തന്നെ ഭയാനകമായ അനുഭവമായിരിക്കും. ഒരു ജനതയുടെ സന്തുഷ്ടി രാഷ്ട്രഭരണകൂടത്തിന്റെ നയപരിപാടികളുമായും കാഴ്ചപ്പാടുകളുമായും ഭരണവര്‍ഗത്തിന്റെ പ്രതിബദ്ധത ആരോടെന്നതിനോടും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇക്കൊല്ലത്തെ ലോകസന്തുഷ്ടി റിപ്പോര്‍ട്ട് കഴിഞ്ഞ കാലങ്ങളിലെന്ന പോലെ ഇന്ത്യന്‍ പൗരന്റെ ദയനീയമായ ജീവിതാവസ്ഥയെപ്പറ്റി ഒരു നിമിഷമെങ്കിലും ചിന്തിക്കാന്‍ ഭരണാധികാരിവര്‍ഗത്തെ പ്രേരിപ്പിക്കുമെന്നുള്ള പ്രതീക്ഷപോലും അസ്ഥാനത്താണ്.
ഒരു ജനതയുടെ സന്തുഷ്ടിയെപ്പറ്റി ചിന്തിക്കുമ്പോള്‍ ഫിന്ലാന്ഡടക്കം ഉത്തര പശ്ചിമ യൂറോപ്പിലെ നോര്‍ഡിക് രാഷ്ട്രങ്ങളുടെ ചില സവിശേഷതകള്‍ പ്രതേ്യകം പ്രസ്താവ്യമാണ്. ലോകത്ത് ഏറ്റവും ഉയര്‍ന്ന വരുമാന നികുതി നിലവിലുള്ള രാജ്യങ്ങളാണ് അവ. ഏറ്റവും ഉയര്‍ന്ന വരുമാനമുള്ളവര്‍ അവരുടെ വരുമാനത്തിന്റെ അമ്പത് ശതമാനത്തിലുമധികം നികുതി നല്‍കേണ്ടിവരുന്നു. ആ നികുതി സമ്പ്രദായമാണ് അവരെ ക്ഷേമരാഷ്ട്രമാക്കി നിലനിര്‍ത്തുന്ന സമ്പദ്ഘടനയുടെ അടിത്തറ. ആ രാജ്യങ്ങള്‍ എല്ലാം തന്നെ ഉന്നത വിദ്യാഭ്യാസമടക്കം വിദ്യാഭ്യാസം അപ്പാടെ തങ്ങളുടെ കുട്ടികള്‍ക്ക്, കുടിയേറ്റക്കാര്‍ക്കടക്കം, സൗജന്യമായി നല്കുന്നു. മറ്റ് സാമൂഹ്യ സുരക്ഷാ സംവിധാനങ്ങള്‍ സാധാരണ ഇന്ത്യാക്കാര്‍ക്ക് സ്വപ്നം കാണാന്‍ പോലുമാവില്ല. അതിന് വിപരീതമായ നയങ്ങളാണ് എല്ലാ അര്‍ഥത്തിലും കൂടുതല്‍ സമ്പന്നമായ യുഎസ് സമ്പദ്ഘടനയെപോലും സന്തുഷ്ടരാഷ്ട്രങ്ങളുടെ പട്ടികയില്‍ പ്രതിവര്‍ഷം പിന്നോട്ട് തള്ളിമാറ്റുന്നത്.