Thursday
18 Jan 2018

ഹര്‍ ഗോവിന്ദ് ഖൊരാന

By: Web Desk | Monday 8 January 2018 8:15 PM IST

ശാസ്ത്രചരിത്രം ഈയാഴ്ച

ഡോ. എം ആര്‍ സുദര്‍ശനകുമാര്‍
പ്രിന്‍സിപ്പല്‍, മഹാത്മാഗാന്ധി കോളജ്, തിരുവനന്തപുരം

 

1922 ജനുവരി 9-നാണ് ഹര്‍ ഗോവിന്ദ് ഖൊരാന ജനിച്ചത്. ഗണ്‍പത് റായ് ഖൊരാന, കൃഷ്ണദേവി ഖൊരാന എന്നിവരുടെ അഞ്ചാമത്തെ കുട്ടിയായിരുന്നു ഹര്‍ ഗോവിന്ദ് ഖൊറാന. ഇന്ന് പാകിസ്ഥാനിലുള്ള പഞ്ചാബിലെ റായ്പൂരിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മുല്‍ത്താനിലെ ഡിഎവി സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. അവിടെ അധ്യാപകനായിരുന്ന രത്തന്‍ലാല്‍ അദ്ദേഹത്തെ വളരെയേറെ സ്വാധീനിച്ചു. ലാഹോറിലെ പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎസ്‌സി ബിരുദം നേടി. മഹാര്‍സിംഗായിരുന്നു അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശി. 1945 വരെ ഇന്ത്യയിലായിരുന്ന ഖൊറാന, പിന്നീട് ഇംഗ്ലണ്ടിലെ ലിവര്‍പൂര്‍ സര്‍വകലാശാലയില്‍ ഫെലോഷിപ്പോടുകൂടി ഗവേഷണത്തിന് ചേര്‍ന്നു. റോജര്‍ ജെ എസ് ബിയര്‍ ആയിരുന്നു അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശി. 1948 -49 കാലഘട്ടത്തില്‍ സൂറിച്ചില്‍ പ്രൊഫ. വാല്‍ഡിമിര്‍ ഹ്രെലോഗിന്റെ കീഴില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം ചെയ്തു. ജി ഡബ്ല്യു കെന്നര്‍, പ്രൊഫ. എ ആര്‍ ടോഡ് എന്നിവര്‍ക്കൊപ്പം ഫെലോഷിപ്പോടെ ഗവേഷണ പ്രവര്‍ത്തനം തുടര്‍ന്നു. ഖൊറാനയ്ക്ക് പ്രോട്ടീനുകളെ കുറിച്ചും ന്യൂക്ലിക് ആസിഡുകളെ കുറിച്ചും താല്‍പ്പര്യം തോന്നിയതപ്പോഴാണ്.
1952ല്‍ ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയില്‍ അധ്യാപകനായി ജോലിയില്‍ ചേര്‍ന്നു. പിന്നീട് 1962 ല്‍ വിസ്‌കോണ്‍സില്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈം റിസേര്‍ച്ചില്‍ പ്രൊഫസറായി ചേര്‍ന്നു. അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു. മസാച്ചുസാറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ 1970 മുതല്‍ പ്രൊഫസറായി ചേര്‍ന്നു.
1952ല്‍ സ്വിസ് പൗരയായ എസ്തര്‍ എലിസബത്ത് സിബ്‌ലറിനെ വിവാഹം കഴിച്ചു. അവര്‍ക്ക് മൂന്നു കുട്ടികള്‍ ജനിച്ചു. 1968 ലെ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം മാര്‍ഷല്‍ നീരന്‍ബര്‍ഗ്, റോബര്‍ട്ട് ഹോലെ എന്നിവരുമായി ഹര്‍ഗോവിന്ദ് ഖൊരാന പങ്കിട്ടു. ജനിതക കോഡിന്റെ വിശദീകരണത്തിനും പ്രോട്ടീന്‍ നിര്‍മാണത്തിലവയുടെ പങ്ക് കണ്ടെത്തിയതിനുമാണ് നൊബേല്‍ സമ്മാനത്തിനര്‍ഹരായത്.
1972-ല്‍ ഖൊരാന ആദ്യമായി കൃത്രിമ ജീനിനെ പരീക്ഷണശാലയില്‍ നിര്‍മ്മിച്ചു. 2011 നവംബര്‍ 6ന് അദ്ദേഹം അന്തരിച്ചു.

കഴിഞ്ഞ ലക്കത്തിലെ
ചോദ്യത്തിന്റെ ഉത്തരം
‘5020 അസിമോവ്’ ആണ് ഐസിക് അസിമോവിന്റെ പേരില്‍ നാമകരണം ചെയ്ത ആസ്റ്ററോയ്ഡ്.

ഈ ലക്കത്തിലെ ചോദ്യം
ഹര്‍ഗോവിന്ദ് ഖൊരാനയുടെ മാര്‍ഗനിര്‍ദേശത്തില്‍ പിഎച്ച്ഡി നേടിയതാരാണ്?