Tuesday
21 Aug 2018

ഹാരിസണ്‍: സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചേക്കും

By: Web Desk | Saturday 5 May 2018 10:57 PM IST

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം കമ്പനി അടക്കമുള്ള വിവിധ തോട്ടങ്ങളുടെ ഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചേക്കും. കേസില്‍ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ അഡീഷണല്‍ റവന്യുസെക്രട്ടറി, എജി എന്നിവരുടെ അഭിപ്രായം തേടിയിട്ടുണ്ട്.
ഹൈക്കോടതി വിധിയെച്ചൊല്ലി ആശങ്കകളും ആക്ഷേപങ്ങളും ഉയര്‍ന്ന സാഹചര്യവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും പരിഗണിച്ചാണ് സുപ്രിം കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാരുടെ കൈവശമുണ്ടായിരുന്ന ഭൂസ്വത്തുക്കളെല്ലാം സംസ്ഥാന സര്‍ക്കാരിന് വന്നുചേരുമെന്നും അതിന്റെ ഉടമസ്ഥന്‍ സര്‍ക്കാരാണ് എന്നതിനാല്‍ പ്ലാന്റേഷന്‍ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നുമായിരുന്നു എം ജി രാജമാണിക്യം കമ്മിഷന്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. എന്നാല്‍ രാജമാണിക്യം റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. റവന്യു ഭൂമിയുടെ 58 ശതമാനവും ഹാരിസണ്‍ അടക്കമുള്ള വന്‍കിട എസ്റ്റേറ്റ് ഉടമകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്നും ഇത് തിരിച്ചു പിടിക്കണമെന്നും രാജമാണിക്യം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചിലയിടങ്ങളില്‍ ഭൂമി തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഹാരിസണ്‍ മലയാളം പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ റിട്ട് ഹര്‍ജി പരിഗണിച്ചാണ് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.