Thursday
24 Jan 2019

ഹാരിസണ്‍ ഭൂമി ഏറ്റെടുക്കുന്നത് നിർത്തിവയ്ക്കാൻ കോടതി ഉത്തരവ്

By: Web Desk | Wednesday 11 April 2018 11:12 AM IST

  • ഉടമസ്ഥാവകാശം സിവില്‍ കോടതി തീരുമാനിക്കട്ടെ

കൊച്ചി: ഹാരിസണ്‍ മലയാളം അടക്കമുള്ള വിവിധ പ്ലാന്റേഷനുകള്‍ക്ക് കീഴിലെ 38,000 ഏക്കറോളം വരുന്ന ഭൂമി ഏറ്റെടുക്കാനുള്ള സ്‌പെഷല്‍ ഓഫീസര്‍ എം ജി രാജമാണിക്യത്തിന്റെ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി.അതേസമയം ഹാരിസണ്‍ കമ്പനിക്ക് ഉടമസ്ഥാവകാശമില്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ ഇത് സ്ഥാപിക്കാന്‍ സര്‍ക്കാരിന് സിവില്‍ കോടതിയെ സമീപിക്കാമെന്ന് ഉടമസ്ഥാവകാശം സംബന്ധിച്ച് ഈ കോടതി തീരുമാനമെടുക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു.

ഹാരിസണ്‍ മലയാളം കൈമാറ്റം ചെയ്ത ഭൂമിയുടെ കാര്യത്തിലും ഇടപെടുന്നില്ലെന്നും സിവില്‍ കോടതി തന്നെ ഇക്കാര്യത്തിലും തീരുമാനമെടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി. കേരള ഭൂ സംരക്ഷണ നിയമ പ്രകാരം സര്‍ക്കാര്‍, പുറമ്പോക്ക് ഭൂമികള്‍ തിരിച്ചു പിടിക്കാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന് ഭൂമിയുടെ ഉടമസ്ഥാവകാശം ഏകപക്ഷീയമായി നിര്‍ണയിച്ച് തുടര്‍ നടപടിയെടുക്കാനുള്ള അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഭൂമി ഒഴിപ്പിക്കാനായി രാജമാണിക്യം നല്‍കിയ ഉത്തരവുകളും ഒഴിയാന്‍ ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസുകളും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. നിയമം പരിഗണിക്കാതെ ജനതാല്‍പര്യത്തിന്റെ പേരിലുള്ള സര്‍ക്കാരിന്റെ ഇടപെടലുകളെ 192 പേജുള്ള വിധിന്യായത്തില്‍ കോടതി വിമര്‍ശിച്ചിട്ടുമുണ്ട്.
1849 മുതല്‍ പ്രവര്‍ത്തിക്കുന്ന കമ്പനി 1948ല്‍ ഹാരിസണ്‍ മലയാളമായി മാറിയെന്നും നൂറ്റാണ്ടായി കൈവശമുള്ള ഭൂമിക്ക് കൃത്യമായി നികുതി അടക്കുന്നുണ്ടെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്‌പെഷല്‍ ഓഫീസറുടെ നടപടി ചോദ്യം ചെയ്ത് ഹാരിസണ്‍ കമ്പനിയടക്കം ഹര്‍ജി നല്‍കിയത്. എല്ലാ നിയമങ്ങളും ലംഘിച്ചാണ് ഹാരിസണ്‍ ഭൂമി കൈയടക്കിയിരിക്കുന്നതെന്നും സര്‍ക്കാര്‍ ഭൂമിയാണെന്ന് രേഖാമൂലം കണ്ടെത്തിയതിനാലാണ് തിരിച്ചു പിടിക്കലിന്റെ ഭാഗമായി സ്‌പെഷല്‍ ഓഫീസര്‍ നടപടിയാരംഭിച്ചതെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് അനധികൃത കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന് വ്യാജ രേഖയുടേയും തട്ടിപ്പിന്റെയും ഒത്തുകളിയുടേയും പേരുപറഞ്ഞ് കമ്പനിയുടെ ഉടമസ്ഥാവകാശം നിഷേധിക്കാനാവില്ലെന്നും സ്വയം തീരുമാനമെടുത്ത് ഏകപക്ഷീയമായി കമ്പനിയുടെ കൈവശമുള്ള ഭൂമി ഒഴിപ്പിക്കാന്‍ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.

2006ല്‍ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അനധികൃത കൈവശ ഭൂമിയെന്ന നിലയില്‍ സര്‍ക്കാര്‍ ഹാരിസണിനെതിരെ നടപടി തുടങ്ങിയത്. ഉന്നതാധികാര സമിതിയുടേയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും റിപ്പോര്‍ട്ട് ഇത് സംബന്ധിച്ചുണ്ടായി. റിട്ട. ഹൈക്കോടതി ജഡ്ജിയുടേതടക്കം നിയമോപദേശവും ലഭിച്ചു. തുടര്‍ന്നാണ് തട്ടിപ്പ് ഉള്‍പ്പെടെയുള്ള ആരോപണങ്ങളുന്നയിച്ച് കമ്പനിക്ക് അനുകൂലമായ നിയമപരമായ ഉത്തരവുകളും സിവില്‍ കോടതി നടപടികളും എല്ലാം അസാധുവാക്കി സ്‌പെഷല്‍ ഓഫീസറുടെ നടപടികളുണ്ടായത്. എന്നാല്‍, നിയമപരമായി രജിസ്റ്റര്‍ ചെയ്ത കൈമാറ്റങ്ങള്‍, ലാന്റ് ബോര്‍ഡ് പര്‍ച്ചേസ് സര്‍ട്ടിഫിക്കറ്റുകള്‍, കരാറുകള്‍, ഭൂപരിഷ്‌കരണ നിയമത്തിലെ ഇളവുകള്‍ എന്നിവ ഇങ്ങിനെ അസാധുവാക്കാന്‍ ഉദ്യോഗസ്ഥന് കഴിയില്ല. കൈയേറ്റം ഒഴിപ്പിക്കാന്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഒഴിപ്പിക്കാനുള്ള അധികാരമാണുള്ളത്. അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന വസ്തുവിന്റെ ഉടമസ്ഥാവകാശം തീരുമാനിക്കാനുള്ള അധികാരമില്ല.

രജിസ്റ്റര്‍ ചെയ്ത രേഖകളും നികുതി അടച്ച രസീതിയും ഭൂമി കൈവശം വെച്ചതിന്റെ തെളിവും ഉടമസ്ഥാവകാശം തെളിയിക്കാന്‍ കമ്പനി ഹാജരാക്കുമ്പോള്‍ സിവില്‍ കോടതിയാണ് ഇത് പരിശോധിക്കേണ്ടത്. സ്‌പെഷല്‍ ഓഫീസര്‍ക്ക് സിവില്‍ കോടതിയുടെ അധികാരം എടുക്കാനാവില്ല. മൂന്നാം കക്ഷികളുടെ ഭൂമിയുടെ കാര്യത്തില്‍ സര്‍ക്കാരിന് പരമാധികാരം ഉപയോഗിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് അധികാരപരിധി മറികടന്നുള്ള നടപടിയായതിനാല്‍ ഹാരിസണ്‍ കമ്പനിയുടേതുള്‍പ്പെടെയുള്ള പ്ലാന്റേഷന്‍ ഭൂമി സര്‍ക്കാരിന്റേതെന്ന പേരില്‍ തിരിച്ചുപിടിക്കാനുള്ള സ്‌പെഷല്‍ ഓഫീസറുടെ നടപടിക്ക് നിയമസാധുതയില്ലെന്നും റദ്ദാക്കുന്നതായും വ്യക്തമാക്കി കോടതി ഉത്തരവിട്ടത്.