Sunday
22 Oct 2017

ബ്രിട്ടീഷ്‌ രാജകുമാരനെ വെല്ലുവിളിച്ച് ഐഎസ്‌

By: Web Desk | Monday 25 September 2017 10:54 PM IST

സിങ്കപ്പൂര്‍:

ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിക്കെതിരെ വെല്ലുവിളിയുമായി ഐഎസ്. സിങ്കപ്പൂരിലെ ഐഎസ് പ്രവര്‍ത്തകനായ അബു ഉകെയ്ല്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ബ്രിട്ടീഷ് രാജകുമാരന്റെ ജീവനു ഭീഷണിയായി വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.

ജിഹാദികളുമായി നേരിടാന്‍ ഉകെയ്ല്‍ വെല്ലുവിളിയിലൂടെ മുഴക്കുന്നു. ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ ഐഎസ്‌ഐഎസിനു വേണ്ടി പൊരുതാന്‍ ഭീകരരോട് മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയയിലൂടെ ഉകെയ്ല്‍ ആവശ്യപ്പെടുന്നു. അബു ഉകെയ്ല്‍ എന്ന് സ്വയം വിശേഷിപ്പിച്ചാണ് ഐഎസിന്റെ സിങ്കപ്പൂര്‍ അംഗം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.

‘ഹാരി, നീ സിങ്കപ്പൂരിലേക്കു വരൂ. നിന്റെ നാട്ടില്‍, ലണ്ടനില്‍, നടന്ന ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട സഹതാപ കഥകളൊക്കെ പറയൂ. ഇത്രയും ധൈര്യമുണ്ടായിട്ടും എന്തുകൊണ്ട് നീ നേരിട്ട് വരുന്നില്ല. നേരിട്ട് ഏറ്റുമുട്ടാം. നിന്നെയും നീ അഫ്ഗാന്‍ യുദ്ധവേളയില്‍ പറത്തിയ അപാച്ചെ കോപ്റ്ററിനെയും നരകാഗ്നിക്ക് ഇരയാക്കും’, ഉകെയ്ല്‍ വീഡിയോയിലൂടെ കൊലവിളി നടത്തുന്നു.

മുപ്പത്തിമൂന്നുകാരനായ ഹാരി ബ്രിട്ടീഷ് ആര്‍മിയുടെ കൂടെ അഫ്ഗാനിസ്ഥാനില്‍ സൈനീകനായി സേവനമനുഷ്ഠിക്കുമ്പോള്‍ തീവ്രവാദ കേന്ദ്രങ്ങളില്‍ അപ്പാച്ചെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് വ്യോമയാന ആക്രമണത്തിനു നേതൃത്വം നല്‍കിയിരുന്നു. ഇതിനോടുള്ള പ്രതികാരമെന്നോണമാണ് ഉകെയ്ല്‍ ഹാരിക്കെതിരെയുള്ള ഭീഷണി ഉയര്‍ത്തിത്. ലണ്ടന്‍ ബ്രിഡ്ജിലും ബോറോ മാര്‍ക്കറ്റിലുമുണ്ടായ ആക്രമണത്തിനുശേഷം സിങ്കപ്പൂരില്‍ ഹാരി സന്ദര്‍ശിച്ചിരുന്നു. സിങ്കപ്പൂരില്‍ എത്തിയ ഹാരി ലണ്ടനില്‍ നടന്ന ഭീകരാക്രമണത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു.

39 കാരനായ മേഖത് ഷഹദാന്‍ ബിന്‍ അബ്ദുല്‍ സമദ് തന്നെയാണ് അബു ഉകെയ്ല്‍ എന്ന്‌ സിങ്കപ്പൂര്‍ അധികാരികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ ജോലി ചെയ്യാനായി 2014 ല്‍ ഇയാള്‍ സ്ഥലം വിട്ടെന്നു അധികാരികള്‍ പറയുന്നു. സിങ്കപ്പൂരിലെ ഐഎസ് പ്രവര്‍ത്തനങ്ങളെ കുറിച്ച് സുരക്ഷാ ഏജന്‍സി ബോധവാത്മാരാണ്. മേഖത് ഷഹാദ് ബിന്‍ അബ്ദുല്‍ സമദ് തങ്ങളുടെ നിരീക്ഷണവലയത്തിലാണ്, സിങ്കപ്പൂര്‍ ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

ഹാരി രാജകുമാരന്‍ കാനഡയിലുള്ള ടൊറോന്റോയില്‍ യുദ്ധത്തില്‍ പരിക്കേറ്റ പോരാളികള്‍ക്കു വേണ്ടിയുള്ള കായിക പരിപാടിയില്‍ പങ്കെടുക്കുകയാണ്.