Tuesday
22 Jan 2019

ഹര്‍ത്താല്‍ സുപ്രീം കോടതിവിധിക്കെതിരെ: പിണറായി

By: Web Desk | Thursday 3 January 2019 11:26 AM IST

തിരുവനന്തപുരം:

ഇന്നത്തെ ഹര്‍ത്താല്‍ സുപ്രീം കോടതിവിധിക്കെതിരെയാണെന്നും ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ സംഘപരിവാര്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധി അട്ടിമറിക്കാനാണ് സംഘപരിവാറിന്റെ ശ്രമം, മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്ത്രീകള്‍ ഹെലികോപ്റ്ററിലല്ല ശബരിമലയില്‍ പോയത്. എല്ലാ ഭക്തരും പോകുന്ന വഴിക്കാണ് അവരെ സന്നിധാനത്തെത്തിച്ചത്. സംഘര്‍ഷം ആഗ്രഹിക്കുന്നവര്‍ അടങ്ങിയിരിക്കില്ല. ബിന്ദുവും കനകദുര്‍ഗ്ഗയും ആവശ്യപ്പെട്ടിട്ടാണ് സുരക്ഷ ഒരുക്കിയത്. സംഘര്‍ഷങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്നും സാധാരണ ഭക്തരില്‍ നിന്നും ഒരു എതിര്‍പ്പും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നാട്ടിലോ അയ്യപ്പഭക്തര്‍ക്കിടയിലോ പ്രതിഷേധം ഉണ്ടായില്ല. സംഘര്‍ഷം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മാത്രമാണ് പ്രതിഷേധവുമായി ഇറങ്ങുന്നത്. ആത്മഹത്യയുടെയും അപകടമരണത്തിന്റെയും പേരില്‍ ഹര്‍ത്താല്‍ നടത്തുകയാണ്. നവംബര്‍ 8 ന് ഒരാള്‍ അപകടത്തില്‍ മരിച്ചതിനും പിന്നീട് വൃശ്ചികം 1 നും ഡിസംബര്‍ 17 ന് മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തതിനും പിന്നീട് ഇന്നും ഹര്‍ത്താല്‍ നടത്തുകയാണ്. സാധാരണ സമരരൂപങ്ങളില്‍ ഏറ്റവും ഒടുവില്‍ പ്രഖ്യാപിക്കുന്ന ഹര്‍ത്താല്‍ സംഘപരിവാര്‍ തോന്നുമ്പോള്‍ പ്രഖ്യാപിക്കുകയാണ്. നാടാകെ കലാപം ഉണ്ടാക്കുന്നു, മുഖ്യമന്ത്രി പറഞ്ഞു.

വിധിയോട് യോജിപ്പില്ലെങ്കില്‍ തന്ത്രിയോട് സ്ഥാനം ഒഴിയണമായിരുന്നു. കോടതിവിധി നടപ്പാക്കാന്‍ തന്ത്രിക്കും ബാധ്യതയുണ്ട്. നട അടച്ച് ശുദ്ധീകലശം ചെയ്തത് കോടതിവിധി ലംഘനം ആണ്. നട അടയ്ക്കണോ തുറക്കണോ എന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്, മുഖ്യമന്ത്രി വ്യക്തമാക്കി.

Related News