Wednesday
24 Oct 2018

അറ നിറയും നെല്ല്; മലയാളിക്ക് ഇനി മനം നിറഞ്ഞ് ഉണ്ണാം

By: Web Desk | Friday 10 August 2018 9:44 PM IST

സരിത കൃഷ്ണന്‍

കോട്ടയം: കാടും പടലുമായി കിടന്ന പാടങ്ങളാകെ നെല്ലിന്റെ പച്ചപ്പ് നിറഞ്ഞപ്പോള്‍ മലയാളിയുടെ അറയും മനസും ഒരുപോലെ നിറയുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ അരി ഉല്‍പ്പാദത്തില്‍ വലിയ വര്‍ദ്ധനവുണ്ടായതായാണ് കൃഷി വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും പിന്തുണയോടെ കൃഷിക്കാര്‍ നെല്‍കൃഷി വ്യാപകമാക്കുകയാണ്. ഇതോടെ നെല്‍കൃഷി വ്യാപനത്തിലും അരി ഉല്‍പ്പാദനത്തിലും സംസ്ഥാനത്ത് ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് അരി ഉല്‍പ്പാദനം 6,17,260 ടണ്ണിലെത്തിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആറു വര്‍ഷത്തിനു ശേഷം നെല്‍കൃഷി 2 ലക്ഷം ഹെക്ടറിനു മുകളിലേക്ക് എത്തിയതായും കണക്കുകള്‍ പറയുന്നു.

ഏകദേശം 12 വര്‍ഷത്തിനു ശേഷമാണ് സംസ്ഥാനത്തെ അരി ഉത്പാദനത്തില്‍ ഇത്തരത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വേനലില്‍ പലയിടത്തും കൃഷി ഉണങ്ങി നശിച്ചിരുന്നു. പിന്നീടുണ്ടായ മഴയിലും വ്യാപക കൃഷി നാശമാണുണ്ടായത്. എന്നിട്ടുകൂടി വലിയതോതില്‍ അരി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനായത് സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

2006-07 കാലഘട്ടത്തില്‍ 2,63,529 ഹെക്ടറിലായിരുന്നു നെല്‍കൃഷി ഉണ്ടായിരുന്നത്. ആ വര്‍ഷം ഉല്‍പാദനം നടന്നത് 6, 41,575 ടണ്‍ നെല്ലാണ്. എന്നാല്‍ പിന്നീട് 2007-08 കാലഘട്ടത്തില്‍ കൃഷി 2,28, 978 ഹെക്ടറിലായി ചുരുങ്ങുകയായിരുന്നു. ഉല്‍പാദനം 5.28,488 ടണ്ണായി കുറഞ്ഞു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലൊന്നും ഉല്‍പ്പാദനം ആറ് ലക്ഷം ടണ്ണിലേക്കുയര്‍ന്നില്ല. പല വര്‍ഷങ്ങളിലും കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ അളവ് കുറയുകയും ചെയ്തു.

നെല്‍കൃഷിയും ഉല്‍പ്പാദനവും ഗണ്യമായി കുറയുന്ന സാഹചര്യത്തിലാണ് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. കൃഷി വകുപ്പ് നെല്‍കൃഷിക്ക് പ്രാധാന്യം നല്‍കിയുള്ള വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി. നെല്ലിന്റെ വര്‍ഷമായി ആചരിക്കുന്നതടക്കമുള്ള വിധത്തിലുള്ള പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും കൃഷി വകുപ്പ് നടത്തിയിരുന്നു.

ഇതിന്റെ ഭാഗമായി നെല്‍കൃഷി ചെയ്യുന്ന കര്‍ഷകരുടെ എണ്ണവും കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതിയും വര്‍ദ്ധിച്ചിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലെത്തിയതോടെയാണ് 2017-18 കാലഘട്ടത്തില്‍ കൃഷി 2,20,499 ഹെക്ടറിലേക്കെത്തിയത്. അരി ഉല്‍പ്പാദനം 6,17, 260 ടണ്ണായി ഉയരുകയും ചെയ്തു. പാലക്കാട് ജില്ലയിലാണ് നെല്‍കൃഷി ഏറ്റവും കൂടുതല്‍ നടന്നത്. 90,580 ഹെക്ടറിലായിരുന്നു ഇവിടെ കൃഷി. ആലപ്പുഴയില്‍ 40,282.49 ഹെക്ടറില്‍ കൃഷി ചെയ്തപ്പോള്‍ തൃശൂരില്‍ 22,470.48 ഹെക്ടറിലും കോട്ടയത്ത് 20,309.02 ഹെക്ടറിലും കൃഷി നടന്നു. ഇടുക്കിയിലായിരുന്നു നെല്‍കൃഷി കുറവ്. 1520.5 ഹെക്ടറിലാണ് ഇവിടെ കൃഷി നടന്നത്. തിരുവനന്തപുരത്ത് 2,663.27, കൊല്ലത്ത് 3467.92, പത്തനംതിട്ടയില്‍ 3591.2, എറണാകുളത്ത് 5300.84, മലപ്പുറത്ത് 8084.26, കോഴിക്കോട് 3783, വയനാട് 9508.24, കണ്ണൂരില്‍ 6083.14, കാസര്‍ഗോഡ് 2804.98 ഹെക്ടറുകളിലും ഈ വര്‍ഷം നെല്‍കൃഷി ചെയ്തു.

തരിശ് നില കൃഷിയും കര നെല്‍കൃഷിയും വ്യാപകമായതാണ് നെല്ലിന്റെ കാര്യത്തില്‍ നേട്ടമുണ്ടാക്കാനായത്. വര്‍ഷങ്ങളായി തരിശ് കിടന്നിരുന്ന പത്തനംതിട്ട ജില്ലയിലെ ആറന്മുള, കോട്ടയം ജില്ലയിലെ മെത്രാന്‍കായല്‍, ആലപ്പുഴ ജില്ലയിലെ റാണി കായല്‍ എന്നിവിടങ്ങളില്‍ കൃഷി ചെയ്യാന്‍ സാധിച്ചത് വലിയ നേട്ടമായിരുന്നു. തരിശിട്ടിരുന്ന കൃഷിയോഗ്യമായ 39,000 ഏക്കറില്‍ കഴിഞ്ഞ വര്‍ഷം പുതുതായി കൃഷി ചെയ്യാന്‍ സാധിച്ചു. ഇതിനൊപ്പം ചെറിയ പാടശേഖരങ്ങള്‍ കൃഷിയോഗ്യമാക്കിയതിന് പുറമെ ഒരുപ്പൂ നിലങ്ങളില്‍ ഇരുപ്പൂ കൃഷി ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കി നല്‍കി. വിത്തും വളവും, തരിശ് നില കൃഷിക്കായി പ്രത്യേക സാമ്പത്തികസഹായവും ഉള്‍പ്പെടെ കൃഷി വകുപ്പും കര്‍ഷകര്‍ക്കൊപ്പം നിലകൊണ്ടതോടെ കൃഷി എന്നത് ആത്മവിശ്വാസമായി മാറി.

കൃഷി ചെയ്യാനുള്ള സഹായത്തിനൊപ്പം നെല്ല് സംഭരണവും സര്‍ക്കാര്‍ കാര്യക്ഷമമാക്കിയിരുന്നു. വന്‍കിട റൈസ് മില്ലുകളുടെ ചൂഷണം ഒഴിവാക്കാന്‍ മിനി റൈസ് മില്ലുകളും പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന് പുറമെ ഓയില്‍പാം ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കോട്ടയം വെച്ചൂരില്‍ റൈസ് മില്ലും പ്രവര്‍ത്തിക്കുന്നുണ്ട്.