Monday
25 Jun 2018

പാഠം പഠിക്കാന്‍ കഴിയാതെ പോയാല്‍

By: Web Desk | Monday 11 September 2017 10:03 PM IST

ഗീതാ നസീര്‍
ഏകദേശം 180 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങള്‍ വരുത്തിയ കൊടുങ്കാറ്റ് അമേരിക്കയ്ക്ക് നല്‍കിയ പാഠമെന്താണ്? കാലാവസ്ഥാ വ്യതിയാനമെന്ന ആഗോള പ്രതിഭാസത്തെ ഒറ്റയടിക്ക് തള്ളിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഈ കൊടുങ്കാറ്റ് നല്‍കുന്ന പാഠമെന്തായിരിക്കും എന്നതിനെ ആശ്രയിച്ചാണ് ഇനിയങ്ങോട്ട് അമേരിക്കയുടെ നിലനില്‍പ് തന്നെയുണ്ടാവുക. ഒരു വകതിരിവ് സംഭവിച്ചില്ലായെങ്കില്‍ എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ചും ട്രംപല്ല മറ്റുള്ളവരാണ് ഉല്‍ക്കണ്ഠപ്പെടേണ്ടിവരിക. നിരുത്തരവാദികളായ ഭരണകര്‍ത്താക്കള്‍ അധികാരകേന്ദ്രങ്ങളെ നയിക്കുന്നതാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ദുരന്തം! സ്വന്തം ജനതയുടെ ക്ഷേമസുരക്ഷയെക്കാള്‍ ഇത്തരക്കാരെ നയിക്കുന്നത് വ്യക്തിഗത ഈഗോകളാണ്. അതാകട്ടെ അവരെ നിയന്ത്രിക്കുന്ന മൂലധന ശക്തികളുടെ ചരട് വലിക്കനുസരിച്ചുമായിരിക്കും രൂപപ്പെടുക.
കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന പെട്രോള്‍-കല്‍ക്കരി പോലുള്ള ഇന്ധനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുക മാത്രമല്ല രാജ്യസമ്പത്തുതന്നെ അവയുടെ ക്രയവിക്രയത്തില്‍ അടിസ്ഥാനപ്പെടുത്തിയ അമേരിക്കയിലാണ് കാലാവസ്ഥ വ്യതിയാനത്തിനെതിരെ നില്‍ക്കുന്നവര്‍ ഏറെ ഉള്ളതെന്നതൊരു വിരോധാഭാസമാകാം. അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകം വര്‍ധിക്കുന്നതിനെ കാലാവസ്ഥ വ്യതിയാനവുമായി നേരിട്ട് ബന്ധപ്പെടുത്താന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ അവ അന്തരീക്ഷ ഊഷ്മാവ് വര്‍ധിപ്പിക്കാനും കാലാവസ്ഥവ്യതിയാനത്തിന് കാരണമാകാനും ഇടയാകുമെന്ന് ശാസ്ത്രജ്ഞര്‍ വളരെ മുന്‍പ് തന്നെ പ്രവചിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഹാര്‍വി പോലുള്ള കൊടുങ്കാറ്റ് ആഞ്ഞുവീശിയ സാഹചര്യത്തില്‍ ശാസ്ത്രജ്ഞരുടെ താക്കീതുകള്‍ ശരിയാണെന്ന് തെളിയുകയാണ്. കാലാവസ്ഥയിലുണ്ടാകുന്ന പല കാതലായ മാറ്റങ്ങള്‍ക്കും കാരണം മനുഷ്യന്റെ പ്രവൃത്തിയാണെന്നും ശാസ്ത്രലോകം ചൂണ്ടിക്കാണിക്കുന്നു.
ഇന്ന് ഹാര്‍വി ആഞ്ഞടിച്ച ഹൂസ്റ്റണ്‍, ടെക്‌സാസ് എന്നിവിടങ്ങളിലെ ജനങ്ങള്‍ ഹരിത ഗൃഹവാതകം ഉല്‍പാദിപ്പിക്കുന്നതില്‍ നേരിട്ട് പങ്കുവഹിച്ചിട്ടുണ്ടാകില്ല. അതേസമയം ഭരണകൂടം കൈക്കൊള്ളുന്ന പരിസ്ഥിതി വിനാശകരമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന്‍ ശക്തമായ നിലപാടുകള്‍ എടുക്കാമായിരുന്നു. സ്വകാര്യ മൂലധനശക്തികള്‍ക്ക് പരിസ്ഥിതി വിരുദ്ധ നയങ്ങള്‍ സ്വീകരിക്കാനും നടപ്പിലാക്കാനും എല്ലാ ഒത്താശയും ചെയ്തുകൊടുത്ത അമേരിക്കന്‍ ഭരണകൂടത്തിനും അമേരിക്കന്‍ ബാങ്കിങ് ഏജന്‍സികള്‍ക്കും ഇക്കാര്യത്തിലുള്ള അവരുടെ പങ്കില്‍ നിന്ന് കൈകഴുകി മാറി നില്‍ക്കാന്‍ പറ്റില്ല. ദുരന്തമേറ്റുവാങ്ങിയവര്‍ സഹായത്തിന് കൈനീട്ടുന്നത് ഭരണകൂടത്തിന് മുന്‍പിലാണ്. ഇത് അമേരിക്കയുടെ സമ്പദ്ഘടനയില്‍ വലിയ വിള്ളലും പ്രതിസന്ധിയും സൃഷ്ടിച്ചേക്കും.
മുന്‍പും ഇത്തരം ദുരന്തങ്ങള്‍ അമേരിക്കന്‍ നഗരങ്ങളെ വേട്ടയാടിയിട്ടും അവര്‍ ഒരു പാഠവും പഠിച്ചില്ല എന്നതാണ് ട്രംപിന്റെ നിലപാട് വ്യക്തമാക്കുന്നത്. എണ്ണവാതക വ്യവസായ കുത്തകകള്‍ക്കുവേണ്ടി കാലാവസ്ഥ വ്യതിയാനത്തെ തള്ളിപ്പറഞ്ഞ ട്രംപിനെപ്പോലെയൊരാളെ അമേരിക്കന്‍ ജനത അല്ലെങ്കില്‍ തെരഞ്ഞെടുക്കുമായിരുന്നില്ല. കത്രീന ചുഴലിക്കാറ്റ് 2005 ല്‍ ന്യൂ ഓര്‍ലീന്‍സില്‍ ആഞ്ഞുവീശിയപ്പോഴും സാന്‍ഡി ചുഴലിക്കാറ്റ് 2012 ല്‍ ന്യൂയോര്‍ക്ക് സിറ്റിയെ അലങ്കോലമാക്കിയിട്ടും കാലാവസ്ഥാ വ്യതിയാനത്തെ നിസാരമാക്കിയ ട്രംപിനെ ഒരു ജനത പ്രസിഡന്റാക്കുകയായിരുന്നു. ഹാര്‍വി ആഞ്ഞടിക്കുന്നതിനും രണ്ടു നാള്‍ മുന്‍പാണ് കാലാവസ്ഥാ വ്യതിയാനത്തെയും വെള്ളപ്പൊക്കത്തെയും നേരിടാനായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഒബാമ രൂപം കൊടുത്ത ഒരു സര്‍ക്കാര്‍ നയത്തെ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ട്രംപ് റദ്ദാക്കിയത്. പ്രളയത്തില്‍ മുങ്ങിയ ഹൂസ്റ്റണ്‍ നഗരത്തിലെയും ചുഴലിക്കാറ്റ് തകര്‍ത്ത ദക്ഷിണ ഫ്‌ളോറിഡ നഗരത്തിലെയും ദുരന്തബാധിതരുടെ പ്രശ്‌നം ട്രംപിന് മുന്നില്‍ ചോദ്യചിഹ്നമായി ഇന്ന് നില്‍ക്കുന്നു. ഈ വര്‍ഷം അമേരിക്കയില്‍ പതിനൊന്നോളം കൊടുങ്കാറ്റുകള്‍ ആഞ്ഞുവീശുകയുണ്ടായി, അതില്‍ ആറ് എണ്ണം ചുഴലിക്കാറ്റായിരുന്നു. രാജ്യത്തെ അന്തരീക്ഷ സമുദ്രനിരീക്ഷണ ഏജന്‍സികള്‍ പറയുന്നത് കൊടുങ്കാറ്റുകളുടെ എണ്ണം 19 ആകുമെന്നാണ്. പന്ത്രണ്ടു വര്‍ഷത്തിനുശേഷമാണ് ഇപ്പോള്‍ അമേരിക്കയിലേക്ക് നേരിട്ട് ദുരന്തം വിതയ്ക്കാന്‍ ചുഴലിക്കാറ്റുകള്‍ എത്തിയിരിക്കുന്നത്.
ഈ ഘട്ടത്തിലും കാലാവസ്ഥ വ്യതിയാനത്തെ എങ്ങനെ നേരിടാമെന്ന ആഗോള സമൂഹത്തിന്റെ പൊതുവികാരവുമായി ട്രംപ് സമരസപ്പെട്ടില്ലെങ്കില്‍ അമേരിക്കന്‍ ജനതയുടെ ദുര്യോഗമെന്നേ പറയാനാകു.

Related News