Saturday
15 Dec 2018

വധേരയടക്കം പ്രതിയാകും; ഗുരുഗ്രാം ഭൂമി ഇടപാടുകള്‍ സുപ്രീംകോടതി റദ്ദാക്കി

By: Web Desk | Tuesday 13 March 2018 2:34 PM IST

ഹരിയാനയിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ഗുരുഗ്രാം ഭൂമി ഇടപാടുകള്‍ സുപ്രീംകോടതി റദ്ദാക്കി.

പാവപ്പെട്ട കര്‍ഷകരെ പറ്റിച്ച്സര്‍ക്കാര്‍ ഒത്താശയോടെ ബില്‍ഡര്‍മാര്‍ വാങ്ങിക്കൂട്ടിയ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍മുഴുവന്‍ റദ്ദാക്കിയ കോടതി സര്‍ക്കാരിനെ കടുത്തഭാഷയിലാണ് വിമര്‍ശിച്ചത്. ഏതാണ്ട് 1500കോടിരൂപയാണ് അധികൃതരും സ്വകാര്യ ബില്‍ഡര്‍മാരും ചേര്‍ന്ന് പാവപ്പെട്ട ഗ്രാമവാസികളില്‍ നിന്നും തട്ടിയെടുത്തിരുന്നതെന്ന് എകെ ഗോയലും യു ലളിതും ഉല്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. 2004ല്‍ കോണ്‍ഗ്രസിന്റെ ഭൂപിന്ദര്‍ സിംങ് ഹൂഡ സര്‍ക്കാര്‍ വ്യാവസായിക നഗരം സ്ഥാപിക്കാന്‍ മാനേശ്വര്‍, നൗരംങപൂര്‍,ലാക്‌നൗല ഗ്രാമങ്ങളിലെ 912ഏക്കര്‍ വിജഞാപനത്തിലൂടെ അക്വയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ബില്‍ഡര്‍മാര്‍ രംഗത്തെത്തി തുഛമായ വിലയ്ക്ക് ഈ ഭൂമി സ്വന്തമാക്കി. 2007 ഓഗസ്റ്റില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കേണ്ടിയിരുന്ന ദിവസത്തിന് രണ്ടുദിവസംമുമ്പ് സര്‍ക്കാര്‍ മുൻ വിജ്ഞാപനം പിന്‍വലിക്കുകയായിരുന്നു.

സ്വകാര്യ ബില്‍ഡര്‍മാര്‍ക്ക് നേട്ടമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയും പാവപ്പെട്ട ഗ്രാമവാസികളെ കരുവാക്കുകയും ചെയ്തുവെന്ന് ബോധ്യപ്പെട്ടാണ് കോടതി ഭൂമി പഴയ ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ ഉത്തരവായത്. ഹരിയാന അര്‍ബന്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍,ഹരിയാന ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എന്നിവയടക്കം കൈവശത്തില്‍വച്ചിരിക്കുന്ന ഭൂമി പണം ഈടാക്കാതെതന്നെ നിരുപാധികം ഭൂവുടമകള്‍ക്ക് വിട്ടുനല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചത്.
ഇടനിലക്കാരും രാഷ്ട്രീയക്കാരുമടങ്ങുന്ന ഭൂമി പ്രശ്‌നത്തില്‍ ഇടപെട്ടഎല്ലാവരെയും കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ കോടതി സിബിഐക്ക് നിര്‍ദ്ദേശം നല്‍കി. അസാധാരണമായ നേട്ടമുണ്ടാക്കിയ ഇടനിലക്കാരെ പുറത്തുകൊണ്ടുവരണം.

മുന്‍മുഖ്യമന്ത്രി ഭൂപിന്ദര്‍ സിംങ് ഹൂഡയടക്കം 33പേരെ പ്രതിചേര്‍ത്ത് സിബിഐ ഫെബ്രുവരിയില്‍ കോടതിക്ക് ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചിരുന്നു. സംഭവം സംബന്ധിച്ച് ഹരിയാന സര്‍ക്കാര്‍ സുപ്രീം കോടതിക്ക് നല്‍കിയ ജസ്റ്റിസ് ധിന്‍ഗ്ര റിപ്പോര്‍ട്ടില്‍ ഹൂഡയുടെ ശക്തമായ ഇടപെടല്‍ പറയുന്നുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ സഹോദരീ ഭര്‍ത്താവ് റോബര്‍ട്ട് വധേരയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിഅടക്കം ചില കമ്പനികള്‍ക്ക് നേട്ടത്തിനായി ഹൂഡ ഇടപെട്ടുവെന്ന് 2017 ഏപ്രിലില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.