Sunday
24 Jun 2018

കേരളം ഹാഷ്ടാഗ് ഫ്യൂച്ചറിനെക്കുറിച്ച് ചിന്തിക്കാനുള്ള വേദിയാക്കണം; ക്രിസ് ഗോപാലകൃഷ്ണന്‍

By: Web Desk | Thursday 15 February 2018 7:02 PM IST

കൊച്ചി: വരാനിരിക്കുന്ന ഗ്ലോബല്‍ ഐടി ഉച്ചകോടിയായ ഹാഷ്ടാഗ് ഫ്യൂച്ചറിന്‍റെ (#Future) ഭാവിയെക്കുറിച്ച് ചിന്തിക്കാനുള്ള വേദിയാക്കി കേരളം മാറ്റണമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകനും മുന്‍ സിഇഒയുമായ ക്രിസ് ഗോപാലകൃഷ്ണന്‍.

കൊച്ചിയില്‍ മാര്‍ച്ച് 22, 23 തിയതികളില്‍ നടക്കുന്ന ഐടി ഉച്ചകോടിക്കു മുന്നോടിയായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നൂറോളം പ്രമുഖരുമായി നടന്ന ആശയവിനിമയ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ നമ്മുക്ക് ലഭ്യമായ എല്ലാ ശൃംഖലകളും ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാറി വരുന്ന ഐടി അന്തരീക്ഷത്തില്‍ കേരളത്തിന് എങ്ങിനെയാണ് ഗുണകരമായ പങ്ക് വഹിക്കാന്‍ കഴിയുമെന്നത് ചിന്തിക്കണം. ഐടി രംഗത്തെ ഭാവിക്ക് കേരളത്തിന് എന്തു സംഭാവനയാണ് നല്‍കാന്‍ കഴിയുന്നതെന്ന് മനസിലാക്കാനുള്ള വേദിയായികൂടി ഇതിനെ മാറ്റണം. കേരളത്തിന്റ മുഴുവന്‍ കഴിവുകളും മനസിലാക്കുന്ന വിധം പ്രൊഫഷണലുകളെ ഇവിടേക്ക് കൊണ്ടു വരാന്‍ ഈ വേദി വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി രൂപം നല്‍കിയ ഐടി ഉന്നതാധികാര സമിതി അംഗം കൂടിയാണ് അദ്ദേഹം.

സാമൂഹ്യ മാധ്യമങ്ങള്‍, ബിസിനസ് സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥ സംവിധാനം എന്നു വേണ്ട ഐടി രംഗത്തുള്ള ആരെയും ഈ സമ്മേളനത്തില്‍ എത്തിക്കാനാണ് ശ്രമിക്കേണ്ടത്. ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തുക എന്നതാണ് ഡിജിറ്റല്‍ ഭാവിയില്‍ ഏറെ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പേര്‍ പങ്കെടുക്കുന്നതോടെ ബന്ധങ്ങളുടെ ശൃംഖലയും വളരും.

കഴിഞ്ഞ 1520 വര്‍ഷത്തെ കമ്പ്യൂട്ടര്‍ സംരംഭകത്വത്തിന്‍റെ വേലിയേറ്റം കേരളം നഷ്ടപ്പെടുത്തിയെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ ശുഭസൂചകമാണെന്ന് കൊഗ്‌നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സിന്‍റെ ചീഫ് ഡിജിറ്റല്‍ ടെക്‌നോളജി ഓഫീസര്‍ ജോസഫ് കോര ചൂണ്ടിക്കാട്ടി. മികച്ച അഭിരുചി, സര്‍ഗാത്മകത, ഡിസൈനിംഗ് എന്നിവയില്‍ ഇന്ന് കേരളത്തിന്റെ പ്രതിഭ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മാനവരാശിക്ക് ഗുണകരമാകുന്ന ആപ്ലിക്കേഷനുകള്‍ അടുത്ത 1015 വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുമെന്നത് ആവേശം പകരുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഐടി പാര്‍ക്ക്‌സ് കേരള സിഇഒ ഋഷികേശ് നായര്‍, ഐടി ഉന്നതാധികാര സമിതി അംഗവും ഏണസ്റ്റ് ആന്‍ഡ് യംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ രാജേഷ് നായര്‍ എന്നിവരും സംസാരിച്ചു.

ലെ മെറിഡിയനില്‍ നടക്കുന്ന ആദ്യ ആഗോള ഐടി സംഗമമായ ഹാഷ് ടാഗ് ഫ്യൂച്ചറില്‍ ഐടി മേഖലയിലെ പ്രശസ്തരായ മുപ്പതിലേറെ വ്യക്തികളാണ് പ്രഭാഷകരായി എത്തുന്നത്. ഇന്‍ഫോസിസ് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി, മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍, പേ ടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ, ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ ഗീത ഗോപിനാഥ് എന്നിവര്‍ ഇവരില്‍ പെടും.

രണ്ടായിരത്തില്‍ പരം പ്രൊഫഷണലുകള്‍, സംരംഭകര്‍, വൈജ്ഞാനികര്‍, തുടങ്ങി ആഗോള തലത്തില്‍ ഐടി മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യക്തികളാണ് ഉച്ചകോടിയില്‍ സന്നിഹിതരാവുക.