Tuesday
24 Oct 2017

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് ന്യൂട്രീഷ്യന് സ്ഥിരം മേധാവിയില്ല

By: Web Desk | Monday 25 September 2017 4:02 PM IST

ന്യൂഡല്‍ഹി: ഭക്ഷ്യ-പോഷകാഹാര ഗവേഷണ രംഗത്ത് രാജ്യത്തെ പ്രമുഖ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് ന്യൂട്രീഷ്യ(എന്‍ഐഎന്‍)ന് സ്ഥിരം മേധാവിയില്ലാതായിട്ട് അഞ്ചുവര്‍ഷം. ഡയറക്ടറായിരുന്ന ബി ശശി കേരണ്‍ 2012 ഓഗസ്റ്റില്‍ വിരമിച്ചതിന് ശേഷം താല്‍ക്കാലിക ഡയറക്ടര്‍മാരാണ് സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ അലംഭാവവും ആശയക്കുഴപ്പവുമാണ് സ്ഥിരം ഡയറക്ടറെ നിയമിക്കുന്നതിന് തടസമാകുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി(ഐസിഎംആര്‍) ന് കീഴിലുള്ള സ്ഥാപനമാണ് നൂറ് വര്‍ഷം പ്രായമുള്ള എന്‍ഐഎന്‍. സ്ഥാപനത്തിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടികള്‍ ചൊവ്വാഴ്ച കേന്ദ്ര മന്ത്രി ജെ പി നഡ്ഡ ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്. രാജ്യത്ത് ഭക്ഷ്യ പോഷകാഹാര മേഖലയില്‍ പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നഇന്‍സ്റ്റിറ്റിയൂട്ട്‌ട്ടിന് രാജ്യത്താകെ 33 പഠന-ഗവേഷണ കേന്ദ്രങ്ങളാണുള്ളത്.

2012ല്‍ സ്ഥിരം മേധാവി വിരമിച്ചതിന് ശേഷം ആ വര്‍ഷം സെപ്റ്റംബര്‍ ഒന്നിന് ഐസിഎംആറിലെ ഫുഡ് ആന്‍ഡ് ടോക്‌സിക്കോളജി വിഭാഗം മേധാവി കല്‍പാഗം പൊളാസയ്ക്ക് താല്‍ക്കാലിക ചുമതല നല്‍കുകയും സ്ഥിരം മേധാവിയെ നിയമിക്കുന്നതിന് നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തതാണ്. അഭിമുഖമുള്‍പ്പെടെ നടത്തി എം രഘുനാഥ് എന്ന വ്യക്തിയെ മേധാവി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തതായും പറയപ്പെടുന്നു. പക്ഷേ നിയമനം മാത്രം നടന്നില്ല. താല്‍ക്കാലിക മേധാവിയാകട്ടെ 2015 ഏപ്രിലില്‍ വിരമിക്കുകയും ചെയ്തു. അതിന് ശേഷം ചുമതലയേറ്റ താല്‍ക്കാലിക മേധാവി ടി ലോങ് വാ ഇപ്പോഴും തുടരുന്നു. പുതിയ മേധാവിയെ കണ്ടെത്തുന്നതിന് ഐസിഎംആര്‍ വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളും ഭക്ഷ്യ-പോഷകാഹാര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പഠന – ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രമുഖ സ്ഥാപനത്തിന് മേധാവിയെ നിയമിക്കുന്നതിലാണ് വീഴ്ച വരുത്തുന്നത്. എന്‍ഐഎന്നിന്റെ മാതൃസ്ഥാപനമായ ഐസിഎംആര്‍ വിവാദങ്ങളും വിമര്‍ശനങ്ങളും നേരിടുന്ന സ്ഥാപനമാണെന്നിരിക്കേയാണ് അനുബന്ധ സ്ഥാപനത്തിന് മേധാവിയെ നിയമക്കുന്നതിലും കാലതാമസം വരുത്തുന്നത്.
പഠന – ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ സ്ഥാപനത്തിന്റെ കെടുകാര്യസ്ഥത പാര്‍ലമെന്ററി സമിതിപോലും ചൂണ്ടിക്കാട്ടിയിരുന്നു. 2015, 2016 എന്നീ രണ്ടു വര്‍ഷങ്ങളില്‍ ഐസിഎംആര്‍ എന്ന ബൃഹത്തായ സ്ഥാപനത്തില്‍ നിന്ന് 43 പേറ്റന്റുകളും 1685 ഗവേഷണ പ്രബന്ധങ്ങളും മാത്രമാണ് തയ്യാറാക്കിയിരുന്നത്.