Wednesday
18 Jul 2018

ഫാര്‍മസിസ്റ്റുകളുടെ കടമ

By: Web Desk | Tuesday 26 September 2017 1:38 AM IST

എം കെ ഉണ്ണികൃഷ്ണ പണിക്കര്‍

തൊരു രാജ്യത്തിന്റെയും സമ്പത്ത് എന്നത് പരമപ്രധാനമായും ആ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യമാണ്. മിക്ക രാഷ്ട്രങ്ങളും ആരോഗ്യപരിപാലന രംഗത്തിനായി വാര്‍ഷിക ബജറ്റിന്റെ സിംഗഭാഗവും നീക്കിവയ്ക്കുന്നത് ഇതിനാലാണ്.
നമ്മുടെ ഭരണഘടനയില്‍ തന്നെ ആരോഗ്യം ഒരു അടിസ്ഥാന അവകാശം ആയി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ആരോഗ്യം എന്നതുകൊണ്ട് ഭൗതികവും മാനസികവും ആത്മീയവുമായ ആരോഗ്യം എന്നാണ് ഉദ്ദേശിക്കുന്നത്. പൗരന്മാരുടെ സാമ്പത്തികമോ, സാമൂഹികമോ, സാംസ്‌കാരികമോ മതപരമോ ആയ ഘടകങ്ങള്‍ക്കുപരിയായി ആരോഗ്യം സംരക്ഷിക്കുന്നതിന് ഭരണഘടന അനുശാസിക്കുന്നു. ഇത്തരത്തിലുളള നടപടികളുടെ ഫലമായി ഇന്ന് ആരോഗ്യ പരിപാലനം ഒരു സംഘടിത ശ്രമമായി ഭരണകര്‍ത്താക്കളും ജനങ്ങളും കാണുന്നു. ഇരുപതാം നൂറ്റാണ്ടില്‍ അസുഖങ്ങളുടെ ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ കണ്ടുപിടിക്കുന്നതില്‍ ഊന്നല്‍ നല്‍കിയിരുന്നു എങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആരോഗ്യപരിപാലനം ജൈവശാസ്ത്രത്തിന്റെ വളര്‍ച്ചയിലൂടെ മരുന്നുകളുടെ ശരിയായ രീതിയിലുള്ള, സുരക്ഷിതമായ രീതിയിലുള്ള ഉപയോഗം ഉറപ്പുവരുത്തുന്നതിന് ഊന്നല്‍ നല്‍കിയിരിക്കുന്നു.
പുതിയ രോഗങ്ങള്‍ ഓരോന്നായി മനുഷ്യനെ ആക്രമിക്കപ്പെടുമ്പോള്‍(ഡെങ്കി, ചിക്കന്‍ഗുനിയ, എച്ച് 1, എന്‍ 1, മെര്‍സി മുതലായവ) നവീനരീതിയിലുള്ള ഡയഗ്‌നോസ്റ്റിക് പരിശോധന സംവിധാനങ്ങളും ശാസ്ത്രം കണ്ടുപിടിക്കുന്നു. ഒപ്പം പുതിയ രോഗങ്ങളെ നേരിടുവാനുള്ള മരുന്നുകളും ഗവേഷണം വഴി കണ്ടുപിടിക്കപ്പെടുന്നു.
മരുന്നുകളുടെ കണ്ടുപിടിത്തത്തിലും നിര്‍മാണത്തിലും ഫാര്‍മസിസ്റ്റുകളുടെ പങ്ക് വളരെ വലുതാണ്. ഭാരതസര്‍ക്കാരിന്റെ 2001 ലെ ഔഷധനയം അനുസരിച്ച് ലാഭത്തിന്റെ ഒരു നിശ്ചിത വിഹിതം നിര്‍മാതാക്കള്‍ ഗവേഷണത്തിനായി നീക്കിവയ്ക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇന്ന് അലോപ്പതി രംഗത്തുള്ളതുപോലെ ആയുര്‍വേദരംഗത്തും ഇത്തരത്തിലുള്ള ഗവേഷണം നടക്കുന്നുണ്ട്. ഫാംഡി, പിഎച്ച്ഡി, എംഫാം പാസായ ഫാര്‍മസിസ്റ്റുകള്‍ ഗവേഷണമേഖലയുടെ അത്യന്താപേക്ഷിത ഘടകമായി മാറിയിരിക്കുന്നു.
ഗവേഷണവും നിര്‍മാണവുംപോലെ പ്രസക്തമായ ഘടകമാണ് മരുന്നുകളുടെ ഡിസ്‌പെന്‍സിങ്. പഴയ രീതിയില്‍ നിന്നും വ്യത്യസ്തമായി ഇന്നു മരുന്നുകള്‍ രോഗിക്ക് കൊടുക്കുവാന്‍ പാകത്തിനായി നിര്‍മിക്കപ്പെടുന്നു. എന്നാല്‍ വളരെ സങ്കീര്‍ണമായ മരുന്നുകളുടെ ചേരുവ മനസിലാക്കി ഓരോ രോഗിക്കും അത് വളരെ ലളിതമായ രീതിയില്‍ പറഞ്ഞു മനസിലാക്കി അവര്‍ക്ക് വേണ്ടുന്ന നിര്‍ദേശങ്ങള്‍ നല്‍കുക എന്നത് ആശുപത്രികളില്‍ ജോലി ചെയ്തുവരുന്ന ലക്ഷക്കണക്കിന് ഫാര്‍മസിസ്റ്റുകളുടെ ഉത്തരവാദിത്തമാണ്. വികസിത രാജ്യങ്ങളില്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഫാര്‍മസിസ്റ്റ് പരിശോധിച്ച് അത് രോഗിക്കു പൂര്‍ണമായും സുരക്ഷിതമായി ഉപയോഗിക്കാന്‍ പറ്റും എന്നുറപ്പ് വരുത്തിയതിനുശേഷം മാത്രമേ ഡിസ്‌പെന്‍സ് ചെയ്യാറുള്ളൂ. ഇന്ത്യയില്‍ വെല്ലൂര്‍ മെഡിക്കല്‍ കോളജുപോലുള്ള ചുരുക്കം ആശുപത്രികളില്‍ ഈ രീതി അവലംബിച്ചിട്ടുണ്ട്. ഡോക്ടര്‍ കുറിക്കുന്ന മരുന്നുകള്‍ തമ്മില്‍ പൊരുത്തക്കേടുണ്ടോ, കഴിക്കുന്ന മരുന്നുകളും രോഗിയുടെ ആഹാരരീതിയും തമ്മില്‍ പൊരുത്തക്കേടൂണ്ടോ, രോഗികള്‍ക്ക് കുറിച്ചിരിക്കുന്ന മരുന്നുകള്‍ ഏതെങ്കിലും രീതിയിലുള്ള അപ്രതീക്ഷിത പ്രതിപ്രവര്‍ത്തനം(റിയാക്ഷന്‍) ഉണ്ടാക്കുന്നവയാണോ തുടങ്ങിയ കാര്യങ്ങളും രോഗി മരുന്നു കഴിക്കുമ്പോള്‍ പാലിക്കേണ്ടുന്ന കാര്യങ്ങളും എല്ലാം രോഗിയെ ധരിപ്പിക്കുവാനുള്ള ഗൗരവമേറിയ ചുമതലയാണ് ഫാര്‍മസിസ്റ്റിനുള്ളത്. ഒരുവിധത്തില്‍ പറഞ്ഞാല്‍ രോഗിയുടെ രോഗം ഭേദമാക്കുന്നതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നത് ഫാര്‍മസിസ്റ്റാണ്. എന്നാല്‍ ഇവരുടെ ഈ നിശബ്ദമായ സേവനം ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. മാത്രവുമല്ല ആരോഗ്യമേഖലയിലെ ഒരു പ്രധാന കണ്ണിയായി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിനുപരി, ആരോഗ്യ സംരക്ഷണ പദ്ധതികളിലും ഇന്ന് ഫാര്‍മസിസ്റ്റിന് കാര്യമായ പങ്കുണ്ട്. അങ്ങനെ സമൂഹവുമായി ബന്ധപ്പെട്ട് ഫാര്‍മസിസ്റ്റ് തങ്ങളുടെ കടമ നിര്‍വഹിക്കുമ്പോള്‍ സമൂഹം അവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുവാനുള്ള ഒരു ദിനമായാണ് ഫാര്‍മസിസ്റ്റ് ദിനം കൊണ്ടാടുന്നത്. ഇന്നലെ ഫാര്‍മസിസ്റ്റ് ദിനമായിരുന്നു.
1912 ല്‍ രൂപംകൊണ്ട അന്തര്‍ദേശീയ ഫാര്‍മസിസ്റ്റ് ഫെഡറേഷനില്‍ ഇന്ന് 120 രാഷ്ട്രങ്ങള്‍ അംഗങ്ങളായുണ്ട്. ഇന്ത്യയും ഇതിലെ ഒരുംഗമാണ്. ഈ സംഘടനയുടെ കൂട്ടായ തീരുമാനമാണ് സെപ്റ്റംബര്‍ 25 ഫാര്‍മസിസ്റ്റ് ദിനമായി ആചരിക്കുക എന്നത്. ഇന്ത്യയിലുള്ള പത്തുലക്ഷത്തിലധികം ഫാര്‍മസിസ്റ്റുകള്‍ ഉള്‍പ്പെടെ ഏതാണ്ട് 120 ലക്ഷം ഫാര്‍മസിസ്റ്റുകള്‍ ഇന്ന് ലോകത്തുണ്ട് എന്നാണ് കണക്ക്. നമ്മുടെ ആരോഗ്യം ജീവിത രീതികളെയും ആശ്രയിച്ചിരിക്കുന്നു. ഡയബറ്റിസ്, ഹൃദയസംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ ഇന്ന് വര്‍ധിച്ചുവരുന്നത് ജീവിതശൈലിയിലുള്ള വ്യത്യാസം കൊണ്ടാണ്. കേരളം ആരോഗ്യരംഗത്ത് മാതൃകാപരമായ നേട്ടങ്ങള്‍ രാഷ്ട്രത്തിനു ചൂണ്ടിക്കാട്ടിക്കൊടുത്തിട്ടുണ്ട് എന്നത് നമുക്കഭിമാനിക്കാവുന്ന കാര്യമാണ്. ലോകാരോഗ്യ സംഘടനയുടെ തന്നെ പ്രശസ്തി പിടിച്ചുപറ്റുവാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. ജനറിക് മരുന്നുകള്‍ വിതരണം ചെയ്യുന്നതില്‍ കേരളം വന്‍ പുരോഗതി നേടിക്കഴിഞ്ഞു. ജനറിക് മരുന്നുകള്‍ വിതരണം ചെയ്യുമ്പോള്‍ ഫാര്‍മസിസ്റ്റുകളുടെ അറിവും പരിചയവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. രോഗികള്‍ക്ക് കൊടുക്കുന്ന മരുന്നുകള്‍ യഥാവിധി അവര്‍ക്ക് പ്രയോജനപ്പെടുന്നുണ്ട് എന്നുറപ്പു വരുത്തുന്ന തെറാപ്റ്റിക് ഡ്രഗ്‌മോണിട്ടറിങ് സംവിധാനം കൂടി നടപ്പിലാക്കുമ്പോള്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയുളള ഫാര്‍മസിസ്റ്റുകളുടെ ആവശ്യവും കൂടി വരുന്നു. ഈ ആവശ്യത്തിലേക്കായി ഭാവി മുന്നില്‍ കണ്ടുകൊണ്ട് ഫാം ഡി പോലുള്ള കോഴ്‌സുകള്‍ കേരളത്തില്‍ തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ ഈ കോഴ്‌സ് തുടങ്ങുവാനായിട്ടുള്ള ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശം സര്‍ക്കാരിന്റെ മുന്നിലുണ്ട്.
ഫാര്‍മസിസ്റ്റുകള്‍ രോഗികളോട് സുരക്ഷിതമായ മരുന്നുപയോഗത്തെക്കുറിച്ചും മറ്റും ഊന്നല്‍ നല്‍കി അവരെ ഉപദേശിക്കുക, സഹപ്രവര്‍ത്തകരായ ഫാര്‍മസിസ്റ്റുകളുമായി ചേര്‍ന്ന് ഈ മേഖലയിലെ പ്രമുഖരെ ആദരിക്കുക, പൊതുജനങ്ങള്‍ ഫാര്‍മസിസ്റ്റിനു നന്ദി പ്രകടിപ്പിക്കുക, മരുന്നു നിര്‍മാണ-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്യോന്യം തങ്ങളുടെ പരിചയ സമ്പത്ത് പങ്കിടുക, ഫാര്‍മസിവിദ്യാര്‍ഥികള്‍ തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ക്കൂടി ഫാര്‍മസിസ്റ്റ് മരുന്നിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്ന രീതിയിലുള്ള മത്സര പരിപാടികളും മറ്റും സംഘടിപ്പിക്കുക എന്നതാണ് ഫാര്‍മസിസ്റ്റ് ദിനത്തില്‍ ചെയ്തുവരുന്നത്.
കേരള സര്‍ക്കാര്‍ മാധ്യമങ്ങളില്‍ക്കൂടി ഈ ദിനത്തിന് ആശംസകള്‍ നേര്‍ന്നു എന്നുള്ളതും ഈ ദിനത്തിന്റെ മാറ്റുകൂട്ടുകയുണ്ടായി. വരും വര്‍ഷങ്ങളില്‍ വിവിധ മേഖലയിലുളള വിദഗ്ധരായ ഫാര്‍മസിസ്റ്റുകള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നതായിരിക്കും. അങ്ങനെ ഫാര്‍മസിസ്റ്റ് ദിനാഘോഷത്തോടുകൂടി ആരോഗ്യരംഗത്തിനു ശക്തി പകരുവാനുള്ള ഒരു തുടക്കം കുറിച്ചിരിക്കുകയാണ്.

Related News