Saturday
23 Jun 2018

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ പണം മുടക്കുന്നത് ഇതിനുവേണ്ടി

By: Web Desk | Wednesday 13 June 2018 12:56 PM IST

ആരോഗ്യപരിപാലന ചെലവിലൂടെ ദരിദ്രരാവുന്നവരുടെ എണ്ണം ഇന്ത്യയിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഒരൊറ്റ വർഷം മാത്രം ചികിത്സാ ചെലവ് കാരണം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയത് ഏകദേശം 55 മില്യൺ ഇന്ത്യക്കാർആണ് . പൊതുജനാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന മൂന്ന് വിദഗ്ധർ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മൂന്ന് വിദഗ്ധർ രാജ്യത്തെ വിവിധ മേഖലകൾ സന്ദർശിച്ചാണ് പഠനം നടത്തിയത്. ഈ പഠനത്തിൽ നിന്ന് കണ്ടെത്തിയ റിപ്പോർട്ട് ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ ആരോഗ്യമേഖലയിൽ സർക്കാർ നിയന്ത്രണത്തിലുള്ള ആരോഗ്യപരിപാലന സംവിധാനങ്ങൾ നിഷ്ക്രിയമാണെന്നും, ചികിത്സാ ചെലവ് കുത്തനെ കൂടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിൽ രോഗബാധിതരായവരിലെ മൂന്നിലൊരു വിഭാഗം ജനങ്ങൾ മാത്രമേ ആരോഗ്യ ഇൻഷൂറൻസ് പദ്ധതികളുടെ ഗുണഭോക്താക്കളായിട്ടുള്ളുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. മെച്ചപ്പെട്ട ചികിത്സ ലഭിക്കാത്തതും സൗജന്യ മരുന്നുകളുടെ അഭാവവും സാധാരണക്കാരെ സർക്കാർ ആശുപത്രികളിൽ നിന്നും അകറ്റുന്നു. തുച്ഛമായ വിലയിൽ മരുന്നുകൾ നൽകാൻ ആരംഭിച്ച ജൻഔഷധി സ്റ്റോറുകൾ വൻ പരാജയമാണെന്നും റിപ്പോർട്ടിൽ പറയുന്നു.