Monday
17 Dec 2018

‘ഹൃദയഭേദകമായ ‘ദക്ഷിണ’

By: Web Desk | Sunday 17 December 2017 1:26 AM IST

 ടി എം അജയകുമാര്‍

എല്ലാ വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പോരാളികള്‍ക്കും മൂര്‍ത്തമായ മാതൃകയാണ് ശാരദ കറ്റാനം.ജന്മനാകിട്ടിയ അംഗപരിമിതികളെയും ജീവിതത്തിലുടനീളം അണപൊട്ടിയൊഴുകുന്ന സങ്കടങ്ങളെയും നിരന്തരം വെല്ലുവിളിച്ചുകൊണ്ടാണ് അവരുടെ പോരാട്ടം. ബാല്യം മുതല്‍ തീവഴികളില്‍ കാലമര്‍ത്തിയാണ് ശാരദ നടന്നു തുടങ്ങിയത്.കായംകുളത്തിനടുത്ത് കറ്റാനം എന്ന കാര്‍ഷിക-ഗ്രാമത്തിലെ നിര്‍ദ്ധന കുടുംബത്തില്‍ ജനിച്ചു. ദാരിദ്ര്യവും ശാരീരിക വൈകല്യങ്ങളും അവഗണനകളും അനുഭവിച്ചറിഞ്ഞ കുട്ടിക്കാലം. മദ്യപാനിയായ അച്ഛന്‍. വീട്ടില്‍ സദാബഹളം. പഠിക്കാന്‍ പ്രയാസമള്ള ജവിത സാഹചര്യം. പക്ഷെ ശാരദ എന്ന പെണ്‍കുട്ടി പഠിക്കാനുള്ള മോഹം  വേണ്ടെന്നുവെച്ചില്ല. ദുര്‍ബലമായ ശരീരവും വൈകല്യങ്ങളും അവളെ വല്ലാതെ വിഷമിപ്പിച്ചു. മറ്റുള്ളവരോടൊപ്പം നടക്കുമ്പോള്‍ അവള്‍ നിരന്തരം വീണുപോയിരുന്നു. പക്ഷെ നടക്കാതിരുന്നില്ല. പലപ്പോഴും ഓടുകയായിരുന്നു. അപ്പോഴെല്ലാം വീണുകൊണ്ടേയിരുന്നു. ശാരീരിക പരമിതികളില്ലാത്തവരെ അമ്പരപ്പിച്ചുകൊണ്ടാണ് ശാരദ പോരാട്ടവഴികളില്‍ തന്റെ സഞ്ചാരം തുടങ്ങുന്നത്.

എങ്കിലും അംഗപരിമിതികളെ  ഭിന്നശേഷി എന്ന ഭംഗിവാക്കുകൊണ്ട് മൂടിവെക്കാനാകില്ലെന്ന് ശാരദ തുറന്നുപറയുന്നു.  എഴുത്താണ് ശാരദയുടെ ആയുധം. സ്ത്രീയുടെ സ്വതന്ത്രമായ വ്യക്തിത്വത്തെ ഹനിക്കുന്ന എല്ലാ ചുറ്റുപാടുകളോടും കലഹിച്ചുകൊണ്ടാണ് അവര്‍ എഴുതുന്നത് .വേട്ടയാടിയും കീഴ്‌പ്പെടുത്തിയും ചൂഷണം ചെയ്തും നിരന്തരം അവഹേളിച്ചും സ്ത്രീകള്‍ക്കെതിരെ മേധാവിത്വമുറപ്പിക്കുന്ന ചുറ്റുവട്ടങ്ങളെ സൂക്ഷ്മ മായി നിര്‍ദ്ധാരണം ചെയ്യുകയും അസന്ദിഗ്ദ്ധമായി നിലപാടിലെത്തുകയും ചെയ്യുന്നതിലൂടെ തന്റെ രാഷ്ട്രീയം ശാരദ വ്യക്തമാക്കുന്നു.  തന്റെ ഏറ്റവും പതിയ  പുസ്തകമായ ദക്ഷിണ എന്ന നോവലിലൂടെ പുരുഷമേല്‍കോയ്മയുടെ കോലങ്ങളെ അവര്‍ പൊതുസമക്ഷത്തില്‍ പച്ചക്കു കത്തിക്കുകയാണ്. ആത്മകഥാപരമായ നോവലാണ് ദക്ഷിണ. ദക്ഷിണ എന്ന കഥാപത്രത്തില്‍നിന്നും  ശാരദ കറ്റാനം എന്ന എഴുത്തുകാരിയെയും, ശാരദ എന്ന പോരാളിയില്‍ നിന്നും ദക്ഷിണ എന്ന കരുത്തുറ്റ കഥാപാത്രത്തെയും വേര്‍പിരിക്കുക സാദ്ധ്യമാകില്ല.അതുകൊണ്ടുതന്നെ വായനയുടെ വഴികളിലൊക്കെയും കണ്ണീരിന്റെയുപ്പും വേദനയുടെയും ചുടു   നിശ്വാസവും പകര്‍ന്ന് ദക്ഷിണ നമുക്ക് അസാധാരണ വായനാനുഭവം സമ്മാനിക്കുന്നു.മദ്യത്തിനടിമയായിരുന്നു അച്ഛന്‍. പത്താം ക്ലാസ്സിലെ പരീക്ഷയുടെ തലേന്ന് മദ്യപിച്ചുവന്ന അച്ഛന്‍ വീട്ടിലുള്ളതെല്ലാം തല്ലിപ്പൊട്ടിച്ചു. പുസ്തകങ്ങള്‍ കീറികളഞ്ഞു. ഹാള്‍ടീക്കറ്റുമെടുത്ത് പുറത്തേക്കോടി രക്ഷപ്പെട്ട ദക്ഷിണയും അമ്മയും ഒരു രാത്രി മഴുവന്‍ മരച്ചീനിത്തോട്ടത്തില്‍ ഒളിച്ചിരുന്നു. പിറ്റേന്ന് രാവിലെ പരീക്ഷക്ക് പോകാന്‍ ഉടുതുണിപോലും ബാക്കിവച്ചിരുന്നില്ല. അടുത്ത വീട്ടിലെ കുട്ടിയുടെ പഴയ വേഷവുമിട്ട് ദക്ഷിണ പരീക്ഷയെഴുതി. ഇതിനിടെ അച്ഛന്‍ നാടുവിട്ടു.മൂന്നു ദശാബ്ദങ്ങളായി ആ കുടുംബം അച്ഛന്റെ തിരിച്ചുവരവ് കാത്തിരിക്കുന്നു. അനാഥത്വത്തിന്റെ പെരുവഴിയില്‍ തുടര്‍പഠനം ഒരു കടമ്പയായിരുന്നു. കൊച്ചുകുട്ടികള്‍ക്ക് ട്യൂഷനെടത്തു. ഓടിനടന്ന് പഠിപ്പിച്ചു.

ട്യൂഷന്‍ ഫീസായി കിട്ടുന്ന പണം പഠനച്ചെലവിനെടുത്തു. അങ്ങനെ എംഎ വരെ പഠിച്ചു. പിന്നെ തൊഴിലിനായുള്ള ഓട്ടം.  ഭിന്നശേഷിക്കാരിയുടെ അര്‍ത്ഥമില്ലാത്ത അലച്ചില്‍. ഇതിനിടെ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴിങ്ങിയുള്ള വിവാഹം. ദുരിതപൂര്‍ണ്ണമായിരുന്നു വിവാഹജീവിതം. യാതൊരു മുന്‍പരിചയവുമില്ലാത്ത വടക്കേയിന്ത്യയിലേക്ക് പെട്ടെന്നൊരു പറിച്ചുനടല്‍. ഗുജറാത്തിലെ അഴുക്കുനിറഞ്ഞ ചേരിപ്രദേശത്തെ ദുരിതജീവിതം. വര്‍ഗ്ഗീയലഹളയും, കലാപദിവസങ്ങളിലെ അനുഭവങ്ങളും. ഹിന്ദിയും മറാത്തിയും ഗുജറാത്തിയും സംസാരിക്കുന്ന ഇന്ത്യയുടെ ഹൃദയഭൂമിയിലെ വര്‍ഗ്ഗീയ കലാപങ്ങളുടെയും പരസ്പരവൈരത്തിന്റെയും നേര്‍ക്കാഴ്ചകള്‍.ദുരിതാനുഭവങ്ങളുമായി തിരിച്ചുനാട്ടിലെത്തിയ  ശാരദയുടെ കണ്ണുകളില്‍ ഇരുട്ടുകയറി. ജീവിതം വല്ലാതെ വഴിമുട്ടിനില്‍ക്കുന്നു. സംഭവബഹുലമായിരുന്നു ശാരദയുടെ ഇന്നലെകള്‍. അവരുടെ സമരവും ജീവിതവും സ്ത്രികള്‍ക്കുമാത്രമല്ല, ദുരിതജീവിതം നയിക്കുന്ന എല്ലാ ജനങ്ങള്‍ക്കും ആത്മവിശ്വാസം പകരുന്നതാണ്. വര്‍ത്തമാനകാലത്തെ ഇന്ത്യയില്‍ പുരോഗമനരാഷ്ട്രീയത്തിന്റെ പ്രസക്തിയെ തന്റെ കൃതിയില്‍ ശാരദ നന്നായി അടയാളപ്പെടുത്തിയിരിക്കുന്നു. കമ്മ്യൂണിസ്റ്റ്കാരിയുടെ പോരാട്ടവീറും വര്‍ഗ്ഗീയതക്കെതിരായ  കമ്മ്യൂണിസ്റ്റ് വീക്ഷണവും ഈ പുസ്‌കത്തെ പുരോഗമന സാഹിത്യശ്രേണിയില്‍ ഒരു കണ്ണിയാക്കുന്നു. അതുകൊണ്ടുതന്നെയാവണം ശാരദക്ക് ഒരു ഗ്രാമത്തിന്റെയാകെ പിന്തുണയാര്‍ജ്ജിക്കാനായത്. ശാരദയുടെ പുസ്തകപ്രകാശനം കറ്റാനം എന്ന ഗ്രാമം ഉത്സവമായി ആഘോഷിക്കുന്നതിന്റെ കാരണവും മറ്റൊന്നാകില്ല.കറ്റാനത്ത് പഞ്ചായത്ത് ഠൗണ്‍ ഹാളില്‍നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ വിപ്ലവഗായിക പി കെ മേദിനി പുസ്തകം പ്രകാശനം ചെയ്തു. ശാരദയുടെ അസാധാരണജീവിതത്തില്‍ അവര്‍ക്ക് ഒരു സഹോദരനായി, വഴികാട്ടിയായി നിലകൊണ്ട സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന് ആദ്യപ്രതി നല്‍കിക്കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്. ശാരദയുടെ കുടുംബം മുപ്പതിലേറെ വര്‍ഷമായി ശാരദയുടെ അച്ഛന്‍ വാസുദേവന്‍പിളളയെ കാത്തിരിക്കുന്നു. ഈ പുസ്തകം പുറത്തിറങ്ങിയതോടെ അവരുടെ കാത്തിരിപ്പിന് അവസാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ശാരദയുടെ വിലാസം:  സ്യമന്തകം, കോട്ടാരത്തില്‍, കറ്റാനം, പള്ളിക്കല്‍ പിഒ -690503