Saturday
23 Jun 2018

കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

By: Web Desk | Monday 11 June 2018 10:38 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴ ശക്തമായതിനെ തുടര്‍ന്ന് അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ 15 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചിലയവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറേ ഭാഗത്തു മത്സ്യബന്ധനത്തിന് പോകരുതെന്നും അറിയിപ്പുണ്ട്. കര്‍ണ്ണാടക, ലക്ഷദ്വീപ് കേരളതീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഡാമുകളിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഷട്ടറുകള്‍ ഏതു നിമിഷവും തുറക്കുമെന്ന സ്ഥിതിയാണ്. കനത്തമഴ തുടരുന്നതിനാല്‍ ഇടുക്കി, കോട്ടയം ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. പകരം 23 ന് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും.
കാലവര്‍ഷത്തിന്റെ ഭാഗമായുണ്ടായ ദുരന്തങ്ങളില്‍ മരിച്ചവരുടെ എണ്ണം 21 ആയി. വയനാട് , എറണാകുളം ജില്ലകളില്‍ രണ്ട് പേര്‍ വീതമാണ് ഇന്നലെ മരിച്ചത്. ഇന്നലെ മാത്രം 46 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 591 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. തിരുവനന്തപുരത്ത് 10 കുടുംബങ്ങളും, ആലപ്പുഴയില്‍ 22 കുടുംബങ്ങളും, കോട്ടയത്ത് ഒരു കുടുംബവുമാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്.
തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ഇടുക്കി എറണാകുളം ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. മഴ തുടരുന്നതിനാല്‍ തേക്കടിയില്‍ ബോട്ടിങ് നിര്‍ത്തി. സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ചീയപ്പാറ വെള്ളച്ചാട്ടമുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ആനച്ചാല്‍ മൂന്നാര്‍ റൂട്ടില്‍ ആല്‍ത്തറയ്ക്ക് സമീപം നാലുനില കെട്ടിടം മണ്ണിടിച്ചിലില്‍ നിലംപൊത്തി. ഹൈറേഞ്ചില്‍ പലയിടത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര ഡാം തുറന്നുവിട്ടു. തിരുവനന്തപുരം നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി.
തുടര്‍ച്ചയായി മഴ പെയ്തതിനാല്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയുണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. മലയോര മേഖലയിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 15 വരെ 24 മണിക്കുറും പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.