Saturday
15 Dec 2018

മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു

By: Web Desk | Tuesday 12 June 2018 9:49 PM IST

കൈതപ്പൊയില്‍ കണ്ണോത്ത് റോഡില്‍ വെള്ളം കയറിയ നിലയില്‍
  • പലയിടത്തും ഉരുള്‍പൊട്ടി
  • റോഡുകള്‍ പുഴയായ് മാറി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ പുഴകളും തോടുകളും കര കവിഞ്ഞൊഴുകി റോഡുകള്‍ പുഴയായി മാറി. ജീരകപ്പാറ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയെത്തിയ മലവെള്ളപാച്ചിലില്‍ തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തില്‍ മണ്ണും കല്ലുകളും വന്നടിഞ്ഞു.

ചാലിപ്പുഴയില്‍ ചെമ്പ്കടവ് പാലം കരകവിഞ്ഞൊഴുകുന്നു

വട്ടച്ചിറ ആദിവാസി കോളനിക്ക് സമീപം ഉരുള്‍പൊട്ടി കോളനി ഒറ്റപ്പെട്ട നിലയിലാണ്. കുരോട്ടുപാറയിലും,പാത്തിപ്പാറ കോളനിയിലും ഉരുള്‍പൊട്ടി. വൈകിയെത്തിയ പ്രകൃതി ക്ഷോഭത്തില്‍ നാശനഷ്ടം സംഭവിച്ച കാര്‍ഷിക വിളകളുടെ കണക്ക് അറിവായിട്ടില്ല. വെള്ളപ്പൊക്കത്തില്‍ ചെമ്പ്കടവ് പാലം കരകവിഞ്ഞൊഴുകി.

കുപ്പായക്കോട് കൈപ്പുറം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപെട്ടപ്പോള്‍

പ്രദേശത്തെ വൈദ്യുതി വിതരണം തടസപെട്ടിരിക്കുകയാണ്. നെല്ലിപ്പൊയില്‍, പുല്ലൂരാംപാറ റോഡില്‍ ഇരവഞ്ഞിപുഴയില്‍ വെള്ളം കയറി കിലോമീറ്ററോളം വെള്ളത്തിലായി. കനത്ത മഴ തുടരുന്നത് കൊണ്ട് ഇവിടങ്ങളിലെ ഗതാഗതം തടസപെട്ടിരിക്കുകയാണ്.

തുഷാരഗിരിയില്‍ ജീരകപ്പാറ വനത്തിലുണ്ടായ ഉരുല്‍പൊട്ടലില്‍ വെള്ളം കയറിയ നിലയില്‍

കൈതപ്പൊയില്‍ കണ്ണോത്ത് റോഡില്‍ കിലോമീറ്ററോളം ദൈര്‍ഘ്യത്തില്‍ വെള്ളം കയറി വാഹനഗതാഗതം നിലച്ചിരിക്കുകയാണ്. കണ്ണോത്തിനടുത്ത് കളപ്പുറത്ത് കൂട്ടുകല്‍ വില്‍സന്റെ വീട്ടില്‍ വെള്ളം കയറി.

പലയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ കുപ്പായക്കോട് പുഴയിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് കൈതപ്പൊയില്‍ കണ്ണോത്ത് റോഡില്‍ വെള്ളം കയറിയത്.

ദേശീയപാതില്‍ എലോക്കരയില്‍ വെള്ളം കയറിയ നിലയില്‍

7 മണിയോടെ വെള്ളം ഇറങ്ങിയതിനെ തുടര്‍ന്നാണ് ഗതാഗതം പുനസ്ഥാപിച്ചത്. കുപ്പായക്കോട് കൈപ്പുറം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

പുഴയായി മാറിയ നെല്ലിപ്പൊയില്‍ പുല്ലൂരാംപാറ റോഡ്