Wednesday
17 Oct 2018

കനത്ത കാലവര്‍ഷം: ഡാമുകള്‍ നിറയുന്നു

By: Web Desk | Wednesday 13 June 2018 9:52 PM IST

ജോമോന്‍ വി സേവ്യര്‍

തൊടുപുഴ: കാലവര്‍ഷം ശക്തി പ്രാപിച്ചത്തോടെ സംസ്ഥാനത്ത് വൈദ്യുതി വകുപ്പിന്‍റെ ഉടമസ്ഥതയിലുളള ഡാമുകളില്‍ കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് 5 ശതമാനം വെളളം വര്‍ദ്ധിച്ചു. 35 ശതമാനം വെളളമാണ് ഇപ്പോള്‍ ഡാമുകളില്‍ ഉളളത്. കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ മഴയാണ് ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് ലഭിക്കുന്നത്.

പൊന്‍മുടി, കല്ലാര്‍കുട്ടി, നേര്യമംഗലം, മലങ്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിരുന്നു. ഇടുക്കി ഡാമില്‍ കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് 7 അടിയോളം വെളളമാണ് ഉയര്‍ന്നത്. ഇന്ന് രാവിലത്തെ കണക്കനുസരിച്ച് 2333.42 അടി വെളളം ഡാമിലുണ്ട്. ഇത് സംഭരണ ശേഷിയുടെ 35 ശതമാനം വരും. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് 23.8 മില്ലി മീറ്റര്‍ മഴ ഇന്നലെ ലഭിച്ചു. 50.977 ദശ ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുളള വെളളം ഇന്നലെ മാത്രം ഡാമില്‍ ഒഴുകിയെത്തി.
ഷോളയാറില്‍ സംഭരണ ശേഷിയുടെ 26 ശതമാനവും മാട്ടുപ്പെട്ടിയില്‍ 41 ശതമാനവും കുറ്റിയാടിയില്‍ 76 ശതമാനവും പൊന്‍മുടിയില്‍ 78 ശതമാനവും നേര്യമംഗലത്ത് 97 ശതമാനവും ലോവര്‍ പെരിയാറില്‍ 100 ശതമാനവും വെളളമുണ്ട്.

ഡാമുകളില്‍ വെളളം വര്‍ദ്ധിച്ചത്തോടെ ജല വൈദ്യുത പദ്ധതികളില്‍ നിന്നുളള ഉല്‍പ്പാദനവും വര്‍ദ്ധിപ്പിച്ചു. ചെറുകിട പദ്ധതികളിലെ ഉല്‍പ്പാദനമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇന്നലെ 22.8246 ദശ ലക്ഷം യൂണിറ്റ് വൈദ്യുതി ജല പദ്ധതികളില്‍ നിന്ന് ഉല്‍പാദിപ്പിച്ചു. ഇടുക്കി പദ്ധതിയുടെ ഉല്‍പാദന കേന്ദ്രമായ മൂലമറ്റത്ത് 6.018 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇന്നലെ ഉല്‍പാദിപ്പിച്ചു. ഷോളയാറില്‍ 0.154 ഉം ശബരിഗിരിയില്‍ 2.4025, ഇടമലയാറില്‍ 0.2963, കുറ്റിയാടിയില്‍ 3.0148, നേര്യമംഗലത്ത് 1.7996, ലോവര്‍പെരിയാറില്‍ 4.12 ഉം ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു. 66.6922 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ സംസ്ഥാനത്തെ മൊത്തം ഉപഭോഗം. 42.4201 യൂണറ്റ് വൈദ്യുതി ഇതര മാര്‍ഗ്ഗങ്ങളില്‍ നിന്നും വാങ്ങി.