Wednesday
16 Jan 2019

തെലങ്കാനയുടെ വീരവനിത ചക്കാലി ഇലമ്മ

By: Web Desk | Saturday 13 January 2018 7:02 PM IST

ഗീതാനസീര്‍

ഹിസ്റ്ററിയെ നമുക്ക് കുറ്റപ്പെടുത്താനാകില്ല. ഹിസ്‌സ്റ്റോറി അഥവാ അവന്റെ കഥ അല്ലെങ്കില്‍ ചരിത്രം എഴുതുന്നത് അവനാണ്. അവന്റെ കണ്ണില്‍ അവന്‍ മാത്രം പതിയുക സ്വാഭാവികം. എന്നാല്‍ അപൂര്‍വം ചില സ്ത്രീകളെപ്പറ്റി ചിലപ്പോഴൊക്കെ എഴുതാന്‍ അവന്‍ നിര്‍ബന്ധിതനാകും. അത്തരത്തില്‍ പുറത്തുവന്ന ഒരു ചരിത്രകഥയാണ് ചക്കാലി ഇലമ്മയുടേത്.
ആന്ധ്രപ്രദേശില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെയും നിസാമിന്റെ ജന്മികാടത്തത്തിനെതിരെയും കര്‍ഷകര്‍ നടത്തിയ ഉജ്ജ്വല പോരാട്ടമാണ് തെലങ്കാന സമരം. ഒരര്‍ഥത്തില്‍ അതൊരു സ്വാതന്ത്ര്യസമരം തന്നെയായിരുന്നു. ആ സമരത്തിന് നേതൃത്വം നല്‍കിയതാകട്ടെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും. വീരതെലങ്കാന സമരമായി അത് ഇന്ത്യന്‍ ചരിത്രത്തില്‍ സുപ്രധാന ഇടംനേടുകയുണ്ടായി. എല്ലാ പോരാട്ടങ്ങളെയുമെന്നപോലെ തെലങ്കാന സമരത്തിന്റെയും സ്ത്രീ സംഭാവനകള്‍ വേണ്ടത്ര വിലയിരുത്തപ്പെടുകയുണ്ടായില്ല. ആയിരക്കണക്കിന് ദളിത് കര്‍ഷക സ്ത്രീകള്‍ ജീവന്‍ ബലിയര്‍പ്പിച്ച സമരത്തിലെ ഒരു ധീര പോരാളിയായ ഇലമ്മയുടെ വീരചരിത്രം ഈയിടെ ഇന്ത്യന്‍ വനിതകള്‍ക്കായുള്ള ഫെമിനിസം ഇന്‍ ഇന്ത്യ.കോം എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിക്കുകയുണ്ടായി.
ബഹുജന്‍ കുടുംബത്തില്‍ രജകസ്ത്രീയായി 1919 സെപ്തംബര്‍ 10-നാണ് ഇലമ്മ ജനിക്കുന്നത്. ചെക്കാല എന്ന ജാതിപ്പേരിലാണ് ഇവര്‍ തെലങ്കാനയില്‍ അറിയപ്പെടുന്നത്. അലക്ക് തൊഴിലാളികളാണെങ്കിലും നല്ല കര്‍ഷകര്‍ കൂടിയായ ഇവരുടെ ഭൂമിക്കുമേലുള്ള അവകാശം തട്ടിപ്പറിച്ച് നൈസാമിന്റെ ജന്മി ഭൂപ്രഭുക്കന്മാര്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ സഹായത്തോടെ ക്രൂരമായ അക്രമം അഴിച്ചുവിടാന്‍ തുടങ്ങി. തെലങ്കാനയിലെ കാര്‍ഷികമേഖലയില്‍ ഇവര്‍ ഭീതി പരത്തിക്കൊണ്ട് കര്‍ഷകത്തൊഴിലാളികള്‍ക്കും ദളിത് ജനവിഭാഗത്തിനുമെതിരെ സംഘടിത ആക്രമണം ആരംഭിച്ചപ്പോള്‍ അതിനെ ചെറുത്തുനില്‍ക്കാനുള്ള പോരാട്ടങ്ങള്‍ക്ക് സിപിഐ നേതൃത്വം നല്‍കി. ജാതീയതയുടെ നുകംപേറുന്ന ഇലമ്മ സ്ത്രീകളുടെ പ്രതിരോധത്തിന് നേതൃത്വം നല്‍കിയതോടെ അവര്‍ ബ്രിട്ടീഷുകാരുടേയും ജന്മി ഗുണ്ടകളുടെയും നോട്ടപ്പുള്ളിയായി. ഉയര്‍ന്ന ജാതിക്കാരെ വിളിക്കുന്ന ഡോറ എന്ന അഭിസംബോധന ദളിത് ജനതയ്ക്കുകൂടി നല്‍കിയാണ് ഇലമ്മ ജന്മി ഭൂപ്രഭുത്വത്തിനെതിരെ ആദ്യത്തെ വെടിയുതിര്‍ത്തത്. ജാതിമേല്‍ക്കോയ്മയെ ഈ നീക്കം അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഇലമ്മയുടെ പോരാട്ടം സത്യത്തില്‍ ജന്മിത്വത്തിനും ഭൂമിക്കുംവേണ്ടി മാത്രമായിരുന്നില്ല.

ജന്മിത്വത്തിന്റെ സൃഷ്ടിയായ പുരുഷാധിപത്യ ധാര്‍ഷ്ട്യത്തിനെതിരെ സ്ത്രീ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടംകൂടിയായിരുന്നു അത്. കൊണ്ടലറാവു എന്ന ജന്മിയില്‍ നിന്ന് 40 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് ഇലമ്മ കൃഷി ചെയ്യാനാരംഭിച്ചു. ഒരു അലക്കുകാരിക്ക് ഇത്ര ധൈര്യമോ എന്നതായിരുന്നു അന്ന് ഉയര്‍ന്നുകേട്ട ചോദ്യം. അവര്‍ണസ്ത്രീ ജന്മിത്വത്തെ മുഴുവന്‍ വെല്ലുവിളിച്ചു എന്നത് തെലങ്കാന സമരത്തിലെ ആവേശംതരുന്ന ഒരു ഏടാണ്. ഇലമ്മയുടെ ചങ്കൂറ്റത്തില്‍ വിറളിപൂണ്ട ജന്മിത്വം ആദ്യം അവരെ അനുനയിപ്പിക്കാനാണ് ശ്രമിച്ചത്. ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പത്‌വാരി എന്നാണറിയപ്പെടുന്നത്. ഈ പത്‌വാരി വീരമണി ശേഷഗിരി തന്റെ ഭൂമിയില്‍ ജോലിയെടുക്കാന്‍ ഇലമ്മയേയും കുടുംബത്തേയും നിര്‍ബന്ധിച്ചു. എന്നാല്‍ ആരാന്റെ കൃഷിയിടത്തില്‍ അടിമപ്പണി ചെയ്യാന്‍ തങ്ങളെ കിട്ടില്ലെന്ന് ഇലമ്മ തുറന്നടിച്ചു. ‘ഇതെന്റെ വിയര്‍പ്പുവീണ ഭൂമിയാണ്. ഈ ഭൂമിയും ഇതിലെ കൃഷിയും തട്ടിയെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല’-ഇലമ്മ പറഞ്ഞു. തെലങ്കാന സമരത്തിന് നേതൃത്വം നല്‍കുന്ന സിപിഐയുടെ ആന്ധ്ര മഹാസഭയില്‍ അംഗമായ ഇലമ്മയുടെ പോരാട്ടം ചെറുത്തുതോല്‍പ്പിക്കുക എളുപ്പമല്ലെന്ന് അപ്പോഴേക്കും ജന്മിമാര്‍ക്ക് ബോധ്യമായി. ഇലമ്മയെ പിന്തുണയ്ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികൂടി ഉണ്ടെന്ന് വന്നതോടെ അവരെ കേസില്‍ കുടുക്കാന്‍ ജില്ലാ ഭരണാധികാരികള്‍ നീക്കമാരംഭിച്ചു. പത്‌വാരിയുടെ കീഴുദ്യോഗസ്ഥര്‍ ഇലമ്മയുടെ വീട് ചുട്ടുകരിച്ചു. ഇലമ്മയെ ആക്രമിച്ചു. ഭൂമിയിന്മേലുള്ള അവകാശം എടുത്തുകളഞ്ഞ് സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമവും തുടങ്ങി. ഇത്രയുമായപ്പോള്‍ പത്‌വാരിയുടെ വീട് ആക്രമിച്ച് അതേ ഭൂമിയില്‍ പൂര്‍വാധികം ശക്തിയോടെ ഇലമ്മയും കൂട്ടരും കൃഷിയിറക്കി പകരംവീട്ടി. ഇലമ്മയുടെ ഈ നീക്കം പത്‌വാരിയേയും ഭരണകൂടത്തേയും അങ്കലാപ്പിലാക്കി. ഇലമ്മയുടെ ഈ ചെറുത്തുനില്‍പ്പ് തെലങ്കാന സമരത്തിന് ചെറുതല്ലാത്ത ഊര്‍ജ്ജവും ആവേശവുമാണ് പകര്‍ന്നുനല്‍കിയത്. ശക്തമായ ചെറുത്തുനില്‍പ്പുപ്രക്ഷോഭത്തില്‍ ഇലമ്മയുടെ ഭര്‍ത്താവിനെ ജന്മി ഗുണ്ടകള്‍ കൊലപ്പെടുത്തി. സവര്‍ണ ജാതിക്കാരായ ഡോറകള്‍ അഴിച്ചുവിട്ട ക്രൂരമര്‍ദ്ദനത്തിനും ആക്രമണത്തിനുമെതിരെ ഇതോടെ കര്‍ഷകരും ദളിത് ജനതയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആയുധമേന്തി പോരാട്ടം ആരംഭിച്ചു. രൂക്ഷമായ പോരാട്ടമായിരുന്നു അത്. ജന്മികള്‍ കയ്യടക്കിവച്ച ധാന്യങ്ങളും ഭക്ഷണസാധനങ്ങളും പിടിച്ചെടുത്ത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ മുന്‍പന്തിയില്‍ ഇലമ്മയും നില്‍ക്കുകയുണ്ടായി. നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടി തെലങ്കാനയിലെ ജനങ്ങള്‍ നടത്തിയ വീരപോരാട്ടത്തില്‍ ഇലമ്മ ഒരുജ്ജ്വല പോരാളിയായി നിറഞ്ഞുനിന്നു. നിരവധി സ്ത്രീകളെ പോരാട്ടഭൂമിയില്‍ ഉറച്ചുനില്‍ക്കാന്‍ പ്രേരിപ്പിച്ചത് ഇലമ്മയുടെ ഉരുക്കുസാന്നിധ്യമായിരുന്നു. ജീവിതത്തില്‍ പലതും നഷ്ടപ്പെട്ടെങ്കിലും ഒരു ജനതയുടെ മോചനത്തിന് ഇലമ്മ നല്‍കിയ ധീരസംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടേണ്ടതുണ്ട്. 1985 സെപ്തംബര്‍ 10ന് 66-ാം വയസില്‍ ഇലമ്മ വിട പറഞ്ഞു.