Saturday
17 Nov 2018

ശബരിമലയിലെ അക്രമം സുപ്രിംകോടതി വിധിക്ക് എതിര്: ഹൈക്കോടതി

By: Web Desk | Thursday 8 November 2018 10:58 PM IST

കൊച്ചി: ശബരിമലയില്‍ നടന്ന സമരവും അക്രമവും സുപ്രിം കോടതി വിധിക്കെതിരെയാണെന്നും ഒരുകാരണവശാലും അക്രമത്തെ ന്യായീകരിക്കാനാവില്ലെന്നും ഹൈക്കോടതി. നിലയ്ക്കലിലെ അക്രമത്തില്‍ പ്രതിയായ അഭിഭാഷകന്‍ ഗോവിന്ദ് മധുസൂദനന്റെ ജാമ്യഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

അറസ്റ്റിലായവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അക്രമം ആവര്‍ത്തിക്കുമെന്നും പ്രതി അക്രമത്തില്‍ പങ്കെടുത്തതിന് പ്രഥമദൃഷ്ട്യാ തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നും കോടതി.
തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ നിലയ്ക്കലില്‍ അഭിഭാഷകന്‍ അക്രമം നടത്തിയതിന് തെളിവുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ആള്‍ക്കൂട്ട അക്രമത്തിന്റെ മുന്‍പന്തിയില്‍ ഇയാള്‍ ഉണ്ടായിരുന്നതായി കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. പൊലീസിനെ ആക്രമിക്കുകയും കെഎസ്ആര്‍ടിസി ബസ് അടക്കമുള്ള വാഹനങ്ങള്‍ തകര്‍ത്തെന്നുമാണ് അഭിഭാഷകനെതിരെയുള്ള കേസ്.

പ്രതി അക്രമത്തില്‍ പങ്കെടുത്തു എന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളും സാക്ഷിമൊഴികളുമുണ്ട്. സുപ്രിംകോടതി വിധിക്കെതിരെയാണ് സമരം നടന്നത്. ജാമ്യം അനുവദിക്കുന്നത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കും. അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്നും കോടതി നിരീക്ഷിച്ചു. അക്രമം നടന്ന സ്ഥലങ്ങളില്‍ പ്രതിയുടെ സാന്നിധ്യം ഉറപ്പു വരുത്തുന്ന ചിത്രങ്ങള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ശബരിമല അക്രമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെത്തിയ ആദ്യ ജാമ്യാപേക്ഷയാണ് ഇത്.

ജാമ്യം അനുവദിക്കുന്നത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്ന നിരീക്ഷണം കോടതി നടത്തി. ന്യായീകരിക്കാനാവാത്ത അക്രമസംഭവങ്ങളാണ് ശബരിമലയില്‍ അരങ്ങേറിയതെന്നും കോടതി പറഞ്ഞു. നേരത്തെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. സുപ്രിംകോടതി വിധി നടപ്പാക്കുന്നതിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച പ്രതികളുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.

ദേവസ്വം ബോര്‍ഡംഗത്തിന്റെ ആചാരലംഘനത്തിന് തെളിവില്ല

കൊച്ചി: ആചാരലംഘനവും പെരുമാറ്റദൂഷ്യവും ഉണ്ടായെന്ന് തെളിഞ്ഞെങ്കില്‍ മാത്രമേ ദേവസ്വം ബോര്‍ഡ് അംഗത്തിനെതിരെ നടപടിയെടുക്കാന്‍ കഴിയൂവെന്ന് ഹൈക്കോടതി. ഇതുവരെ ലഭ്യമായ തെളിവുകളില്‍ നിന്ന് അത്തരത്തിലൊരു നിഗമനത്തില്‍ എത്തിച്ചേരാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡംഗം കെ പി ശങ്കരദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സംഭവത്തില്‍ ദുരുദ്ദേശ്യത്തോടെ ആചാരം ലംഘിച്ചെങ്കില്‍ മാത്രമേ ദേവസ്വം ബോര്‍ഡ് അംഗത്വം റദ്ദാക്കാനാകു. പതിനെട്ടാം പടിയില്‍ പൊലീസുകാര്‍ സേവനം ചെയ്യുന്നത് ആചാരലംഘനമെന്ന് പറയാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു.
അതേസമയം ഇരുമുടിക്കെട്ടില്ലാതെ താന്‍ പതിനെട്ടാം പടി കയറിയത് ചടങ്ങിന്റെ ഭാഗമായിട്ടായിരുന്നു. അത് ആചാര ലംഘനമല്ല. ആചാര ലംഘനമാണെങ്കില്‍ പരിഹാരക്രിയ ചെയ്യാന്‍ തയാറാണെന്നും ശങ്കരദാസ് പറഞ്ഞു.

 

Related News