Wednesday
23 Jan 2019

വാള്‍മാര്‍ട്ടിന്‍റെ കടന്നുവരവ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍

By: Web Desk | Friday 11 May 2018 10:37 PM IST

വാള്‍മാര്‍ട്ട് സ്ഥാപനങ്ങളിലേക്ക് വില്‍പന ചരക്കുകള്‍ നല്‍കുന്ന ഉല്‍പാദക ശൃംഖല തൊഴിലാളി വര്‍ഗചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത ചൂഷണത്തിന്റെ പാതാളങ്ങളാണെന്ന് അതെപ്പറ്റി നടന്നിട്ടുള്ള പഠനങ്ങള്‍ ഓരോന്നും തുറന്നുകാട്ടുന്നു. ഇന്ത്യയില്‍ മാത്രം വാള്‍മാര്‍ട്ടിന്റെ വില്‍പന വസ്തു സ്രോതസുകളായ 24 ഫാക്ടറികളില്‍ നടത്തിയ പഠനം അതിക്രൂരമായ തൊഴില്‍ചൂഷണത്തിന്റെ അനുഭവങ്ങളാണ് പുറത്തുകൊണ്ടുവരുന്നത്

ചില്ലറ വ്യാപാര രംഗത്തെ ആഗോളഭീമനായ വാള്‍മാര്‍ട്ടും ഇന്ത്യന്‍ ഓണ്‍ലൈന്‍ വ്യാപാര കുത്തക ഫ്‌ളിപ്കാര്‍ട്ടും കൈകോര്‍ക്കുന്ന വാര്‍ത്ത ഇന്ത്യന്‍ കോര്‍പറേറ്റ് മാധ്യമലോകം ശരിക്കും കൊണ്ടാടുകയായിരുന്നു. തൊഴിലാളികളെയും ഉല്‍പാദകരേയും ഒന്നുപോലെ കൊള്ളയടിക്കുന്നതില്‍ കുപ്രസിദ്ധി നേടിയ വാള്‍മാര്‍ട്ടിന്റെ ഇന്ത്യന്‍ വിപണിയിലേക്കുള്ള കടന്നുകയറ്റത്തിനെതിരെ സിപിഐ, സിപിഐഎം എന്നിവയടക്കം കമ്യൂണിസ്റ്റ്, ഇടതുപക്ഷ പാര്‍ട്ടികളും ട്രേഡ്‌യൂണിയനുകളും കര്‍ഷകസംഘടനകളും ഉയര്‍ത്തിയ പ്രതിഷേധം വാര്‍ത്താപ്രളയത്തില്‍ മുങ്ങിപോയതില്‍ അത്ഭുതം ഏറെയില്ല. ചില്ലറ വ്യാപാരികളും കര്‍ഷകരും ഉള്‍പ്പെട്ട ചില സംഘപരിവാര്‍ സംഘടനകള്‍ക്കും വാര്‍ത്തയില്‍ സ്ഥാനം ലഭിച്ചെങ്കില്‍ അത് പാളയത്തില്‍ പടയായി മാറുമോ എന്ന ഉല്‍ക്കണ്ഠയുടെ മാത്രം പ്രതിഫലനമാണ്. കാര്‍ഷിക മേഖല കഴിഞ്ഞാല്‍ ഏറ്റവും അധികം ജനങ്ങള്‍ക്ക് തൊഴിലും ഉപജീവനവും നല്‍കുന്ന സാമ്പത്തിക മേഖലയിലേക്കാണ് ആഗോളഭീമന്റെ കടന്നുവരവെന്നത് ഉദാരീകരണ പ്രക്രിയയുടെ വിജയാഹ്ലാദത്തിമിര്‍പ്പില്‍ വിസ്മരിക്കപ്പെടുകയായിരുന്നു. ഇന്ത്യന്‍ സമ്പദ്ഘടനയിലെ അതിപ്രധാന മേഖലകളില്‍ ഒന്നിന്റെ തകര്‍ച്ചയുടെ ആരംഭമാണ് വാള്‍മാര്‍ട്ട്-ഫ്ളിപ്കാര്‍ട്ട്  ഇടപാടെന്ന് തിരിച്ചറിയാന്‍ ഒരുപക്ഷെ കുറച്ചുസമയം കൂടി കാത്തിരിക്കേണ്ടി വരും. അതിന് വഴിയൊരുക്കുകയായിരുന്നു നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണം. തങ്ങള്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ നിരന്തരം എതിര്‍ത്തുപോന്നിരുന്ന ചില്ലറവ്യാപാരരംഗത്തെ വിദേശ നിക്ഷേപത്തിന് പുറംവാതില്‍ പ്രവേശനം ഒരുക്കിനല്‍കി ജനവഞ്ചനയ്ക്ക് തുടക്കംകുറിച്ചത് നരേന്ദ്രമോഡി സര്‍ക്കാരാണെന്ന് ചരിത്രം രേഖപ്പെടുത്തുകതന്നെ ചെയ്യും. ഇതിനകം തന്നെ മൊത്തവ്യാപാരരംഗത്ത് ഇന്ത്യന്‍ മണ്ണില്‍ കാലുറപ്പിച്ചുകഴിഞ്ഞ വാള്‍മാര്‍ട്ട് ഫ്‌ളിപ്കാര്‍ട്ടിന്റെ ഓഹരിയുടെ 77 ശതമാനം കയ്യടക്കുക വഴി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയുടെ താക്കോലാണ് കൈവശപ്പെടുത്തിയിരിക്കുന്നത്.

വാള്‍മാര്‍ട്ടിന്റെ ജന്മനാടായ യുഎസിലടക്കം തൊഴിലാളികളെ കൊടിയ ചൂഷണത്തിന് ഇരയാക്കുന്നതിനും സംഘടിക്കാനും കൂട്ടായ വിലപേശലിനുമുള്ള അവകാശമടക്കം അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നതിലും അവര്‍ വഹിച്ചുപോന്ന പങ്ക് വിശദമായ പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. മൂലധന യുക്തിയുടെയും ഉദാരീകരണ ആഗോളീകരണ നയങ്ങളുടെയും പ്രമുഖ വക്താക്കളായ ‘ഹ്യൂമന്‍ റൈറ്റ് വാച്ച്’ പോലുള്ള സംഘടനകള്‍ പോലും വാള്‍മാര്‍ട്ടിന്റെ മനുഷ്യത്വഹീനമായ തൊഴിലാളി ദ്രോഹ നടപടികളെ തുറന്നുകാട്ടാന്‍ വിമുഖത കാട്ടുന്നില്ലെന്നത് ശ്രദ്ധേയമാണ്. യുഎസില്‍ മാത്രം ആറായിരത്തില്‍പരം ചില്ലറവ്യാപാര സ്റ്റോറുകളും ഇരുപത് ലക്ഷത്തില്‍പരം തൊഴിലാളികളുമുള്ള വാള്‍മാര്‍ട്ട് തൊഴിലാളി സംഘടനകളെയൊ, തൊഴിലാളി സമരങ്ങളെയൊ വച്ചുപൊറുപ്പിക്കാന്‍ അതിന്റെ ചരിത്രത്തില്‍ ഒരിക്കലും അനുവദിച്ചിട്ടില്ല. ചൈനയടക്കം ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും നൂറുകണക്കിന് ചില്ലറ വ്യാപാര സ്റ്റോറുകളും ലക്ഷക്കണക്കിന് തൊഴിലാളികളുമുള്ള ലോകത്തെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നാണ് വാള്‍മാര്‍ട്ട്. അവയില്‍ പണിയെടുക്കുന്ന 60-80 ശതമാനം തൊഴിലാളികളും കരാര്‍-അസ്ഥിര തൊഴിലാളികളാണ്. യാതൊരു അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങളും അവയില്‍ പാലിക്കപ്പെടുന്നില്ല. യോഗ്യതയ്ക്ക് അനുസൃതമായ ശമ്പളം നിഷേധിക്കപ്പെടുന്നു. അധികസമയ തൊഴിലിന് വേതനം നല്‍കുന്നത് അപൂര്‍വമാണ്. അന്യായമായ വേതന നിഷേധം, വൈകിയുള്ള വേതനം നല്‍കല്‍ എന്നിവ സാധാരണമാണെന്ന് പഠനങ്ങള്‍ വെളിവാക്കുന്നു.
ഇന്ത്യന്‍ വിപണിയിലേക്കുള്ള വാള്‍മാര്‍ട്ടിന്റെ കടന്നുവരവ് ആഗോളീകരണത്തിന്റെ നേട്ടങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന ഒരു ന്യൂനപക്ഷത്തിനെ സംബന്ധിച്ച് ആഘോഷമായിരിക്കാം. എന്നാല്‍ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ആയിരക്കണക്കിന് ചില്ലറ വ്യാപാരസ്ഥാപനങ്ങള്‍ക്കും അതില്‍ പണിയെടുത്ത് ഉപജീവനം കഴിക്കുന്നവര്‍ക്കും അതുയര്‍ത്തുന്നത് മരണമണിയാണ്. സംഘടിത വിലപേശലിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങളും നിയമങ്ങളും കവര്‍ന്നെടുക്കപ്പെടുന്ന അന്തരീക്ഷത്തില്‍ അവരെ കാത്തിരിക്കുന്നത് അനിശ്ചിതത്വം നിറഞ്ഞ ഭാവിയാണ്. ആഗോളീകരണം തകര്‍ച്ചയിലേക്ക് നയിക്കുന്ന കര്‍ഷകര്‍ക്കും ചെറുകിട ഉല്‍പാദകര്‍ക്കും നഷ്ടമാകുന്നത് അവരുടെ ജീവിതസുരക്ഷിതത്വമാണ്. രാജ്യത്തിനും ജനതയ്ക്കും മേല്‍ നിഴല്‍ വിരിച്ചിരിക്കുന്ന ഈ വിപത്ത് തടയാന്‍ രാഷ്ട്രീയമായ ഉയര്‍ത്തെഴുന്നേല്‍പ് മാത്രമാണ് മുന്നിലുള്ള മാര്‍ഗം. കക്ഷി രാഷ്ട്രീയത്തിനും ആശയ-വര്‍ഗ ഭിന്നതകള്‍ക്കും അതീതമായി രാജ്യത്തെ ഗ്രസിക്കുന്ന ആഗോളവിപത്തിനെതിരെ വിശാലമായ ചെറുത്തുനില്‍പ്പിന്റെയും അവകാശ സംരക്ഷണത്തിന്റെയും ജനകീയമുന്നണി രാജ്യത്ത് ഉയര്‍ന്നുവരണമെന്നാണ് ഈ വെല്ലുവിളി നല്‍കുന്ന ആഹ്വാനം.