Friday
18 Aug 2017

ഹൈറേഞ്ചിൽ ഡാലിയ പൂത്തുലഞ്ഞു

By: Web Desk | Monday 31 July 2017 4:45 AM IST

രാജാക്കാട്‌: ഹൈറേഞ്ചിൽ ഡാലിയാപൂക്കളുടെ വസന്തകാലം. മഞ്ഞും കുളിർകാറ്റും കൊണ്ട്‌ മനോഹരമായ ഹൈറേഞ്ചിന്റെ മാറ്റുകൂട്ടുകയാണ്‌ വിവിധ വർണ്ണങ്ങളിൽ വിടർന്ന്‌ നിൽക്കുന്ന ഡാലിയാപൂക്കൾ.
നിറവസന്തത്തിന്റെ വർണ്ണക്കാഴ്ച്ചയായി മാറിയിരിക്കുകയാണ്‌ ഹൈറേഞ്ച്‌ മേഖലയിൽ വ്യാപകമായി പൂത്തിരിക്കുന്ന ഡാലിയാപൂക്കൾ. വിവിധ ഇനങ്ങളിലും വർണ്ണങ്ങളിലുമായി പൂത്തുലഞ്ഞ്‌ നിൽക്കുന്ന ഡാലിയാപൂക്കൾ ആരെയും ആകർഷിക്കുന്ന കാഴ്ച്ചകൂടിയാണ്‌. മഞ്ഞ, വെള്ള, വൈലറ്റ്‌, മെറൂൺ, പഴുക്കാമഞ്ഞ തുടങ്ങിയ നിറത്തിലുള്ള പൂക്കളാണ്‌ വിരിഞ്ഞ്‌ നിൽക്കുന്നത്‌. ഇതിൽ ഇതളുകൾ നിറയെയുള്ള മഞ്ഞയും പഴുക്കാമഞ്ഞയും മെറൂണുമാണ്‌ ഏറെ ആകർഷണീയമായത്‌. നിലവിൽ കർക്കിടകമാസമാണെങ്കിലും ഓണത്തിന്റെ മൂന്നാര്റിയിപ്പുകൂടിയാണ്‌ ഡാലിയാ പൂക്കളുടെ വസന്തകാലം. ആസറ്ററേഷ്യ കുടുംബത്തിൽപ്പെടുന്ന കുറ്റിച്ചെടിയാണ്‌ ഡാലിയ.
രണ്ടുവർഷത്തിലേറെയാണ്‌ ഒരുചെടിയുടെ ആയുസെങ്കിലും എല്ലാക്കാലവും ഇവ പുഷ്പിക്കുന്നു എന്നതും പ്രത്യേകതയാണ്‌. വേരുകളിൽ ആഹാരം സൂക്ഷിച്ച്‌ വെയ്ക്കുന്ന ചെടിയായതിനാൽ ചില രാജ്യങ്ങളിൽ ഇവയെ ആഹാരത്തിനായും നട്ടുപരിപാലിക്കുന്നുണ്ട്‌. ഔഷധ ഗുണമുള്ള ഡാലിയാ ചെടികളുടെ തണ്ടുകൾ വെള്ളം വലിച്ച്‌ കുടിക്കുവാനും ഉപയോഗിക്കുന്നുണ്ട്‌.