Wednesday
21 Nov 2018

ഹിന്ദു രക്തം തിളച്ചപ്പോള്‍ ഹിന്ദുഭക്ഷണം വിളമ്പുന്നു

By: Web Desk | Saturday 7 July 2018 9:26 PM IST

വിമാനത്തില്‍ ഭക്ഷണം വിളമ്പുന്നു

കെ രംഗനാഥ്

ദുബായ്: ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനികളിലൊന്നായ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്‍റെ ഒരു പന്തിയില്‍ മൂന്ന് വിളമ്പ്. സസ്യേതര ഭക്ഷണത്തിനു പുറമേ വിമാനയാത്രികരുടെ മതമനുസരിച്ച് ഇനിമേല്‍ ഹിന്ദുഭക്ഷണവും ജെയിന്‍ ഭക്ഷണവും വിളമ്പുമെന്ന് അധികൃതര്‍ അറിയിച്ചു.

ഹിന്ദുഭക്ഷണം വിളമ്പിയിരുന്നത് നിര്‍ത്തലാക്കിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്നാണ് തീരുമാനം പൊടുന്നനേ പിന്‍വലിച്ചത്. മിക്കവാറും എല്ലാ എയര്‍ലൈനുകളിലും സസ്യഭക്ഷണവും സസ്യേതര ഭക്ഷണവും വിളമ്പുകയാണ് പതിവ്. യാത്രികര്‍ക്ക് ആവശ്യമുള്ളവ തെരഞ്ഞെടുക്കാം. എന്നാല്‍ എമിറേറ്റ്‌സിന്‍റെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളിലെ യാത്രികരില്‍ ബഹുഭൂരിപക്ഷവും ഹിന്ദുക്കളായതിനാല്‍ അവര്‍ക്കു വേണ്ടി ഹിന്ദുഭക്ഷണമെന്ന് പേരിട്ട് പ്രത്യേക സസ്യഭക്ഷണം വിളമ്പിയിരുന്നു. എന്നാല്‍ മതാടിസ്ഥാനത്തില്‍ ഭക്ഷണം വിളമ്പുന്നത് ശരിയല്ലെന്ന അഭിപ്രായമുയര്‍ന്നതിനെത്തുടര്‍ന്ന് ഹിന്ദുഭക്ഷണം എന്ന പേരു മാത്രം പിന്‍വലിക്കുകയായിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തിറങ്ങിയത് ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും സൈബര്‍ പോരാളികളാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

മാംസവും മുട്ടയും മീനും മൃഗക്കൊഴുപ്പുകളോ ഒന്നുമില്ലാത്ത ശുദ്ധ സസ്യഭക്ഷണമാണ് വിളമ്പിയിരുന്നതെങ്കിലും ഹിന്ദുഭക്ഷണം എന്നു നല്‍കിയ പേരു മാത്രം പിന്‍വലിച്ചതിലായിരുന്നു ചില കേന്ദ്രങ്ങളുടെ പ്രതിഷേധം. ഇതേത്തുടര്‍ന്നാണ് പഴയ വെജിറ്റേറിയന്‍ മെനുവിന് ഹിന്ദു എന്ന പേരു ചാര്‍ത്താന്‍ തീരുമാനമായത്. എന്നാല്‍ ഇത്തരം പ്രത്യേക ഭക്ഷണം വേണമെന്നുള്ളവര്‍ യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് എമിറേറ്റ്‌സിനെ അറിയിച്ചിരിക്കണം. ഒരു പേരില്‍ എന്തിരിക്കുന്നുവെന്ന മട്ടില്‍ ‘ഹിന്ദു മീല്‍സ്’ പുനഃസ്ഥാപിച്ച വിമാനകമ്പനി പറയുന്നത് തങ്ങള്‍ക്ക് മെനുവിലെ പേരല്ല യാത്രക്കാരാണല്ലോ പ്രധാനം എന്നും.

ഹിന്ദു മീല്‍സിനൊപ്പം ജെയിന്‍മതക്കാരായ യാത്രക്കാര്‍ക്കുവേണ്ടി ജെയിന്‍ മീല്‍സും വിളമ്പുമെന്നും അറിയിപ്പുണ്ട്. ഗള്‍ഫിലെ ബിസിനസ് സമൂഹമായ ജെയിനന്മാര്‍ പരമസസ്യഭുക്കുകളാണ്. മണ്ണിനടിയില്‍ വളരുന്ന ഉരുളക്കിക്കഴങ്ങ്, ഉള്ളി, വെളുത്തുള്ളി, കാബേജ്, കാരറ്റ്, ബീറ്റ്‌റൂട്ട്, കോളിഫ്‌ളവര്‍, സവാള, ഇഞ്ചി, ചേന, ചേമ്പ് എന്നിവയെല്ലാം നിഷിദ്ധം. മത്സ്യവും മാംസവും മുട്ടയും പാല്‍ ഉല്‍പന്നങ്ങളും ഉപോല്‍പന്നങ്ങളും നാലയലത്തു പാടില്ല. ചോറും പയറും മഞ്ഞളില്ലാത്ത പരിപ്പും പഴങ്ങളും ചില പച്ചക്കറികളും ഉണങ്ങിയ പഴങ്ങളും മാത്രമാണ് ജെയിന്‍ മീല്‍സിലെ മുഖ്യഘടകങ്ങള്‍. യാത്രക്കാരെ ചാക്കിടാന്‍ മതപ്രീണന സ്വഭാവമുള്ള ഭക്ഷണങ്ങളും ഭക്ഷണപ്പേരുകളുംകൊണ്ട് എമിറേറ്റ്‌സ് ബിസിനസ് കൊഴുപ്പിച്ച് കൂടുതല്‍ ഉയരങ്ങളിലേയ്ക്ക്.