Tuesday
11 Dec 2018

ഹൈടെക്ക് പ്രതീക്ഷകള്‍

By: Web Desk | Sunday 11 February 2018 6:20 PM IST

എസ് വി രാമനുണ്ണി, സുജനിക

കുട്ടിക്കും അദ്ധ്യാപകനും പ്രാഥമികമായി ക്ലാസ് സമയത്ത് , ആവശ്യം വരുമ്പോഴൊക്കെ പരമാവധി സമയവും ഐ സി ടി പിന്തുണ ഉറപ്പാകും. വീഡിയോകള്‍, ഓഡിയോകള്‍, വര്‍ക്ക്ഷീറ്റുകള്‍, ഇന്ററാക്ടീവ് കളികള്‍, മൂല്യനിര്‍ണ്ണയ പരീക്ഷകള്‍, പരിഹാരബോധനപരിപാടികള്‍, മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ക്ലാസിലെ മുഴുവന്‍ കുട്ടികളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇന്റഗ്രേറ്റഡ് സംവിധാനം എന്നിവ ഉണ്ടാവും. ‘സമഗ്ര’ പോലുള്ള സംവിധാനങ്ങള്‍ അദ്ധ്യാപകരെ സഹായിക്കാന്‍ ഇനിയും വളരെയധികം വിപുലപ്പെടും. സര്‍ക്കാര്‍ പൊതുസമീപനത്തിനത്തോടൊപ്പം അദ്ധ്യാപകരുടെ മികവുകള്‍ കൂടി ഉള്‍ച്ചേരുന്ന സാധ്യതകള്‍ രൂപപ്പെടും. സ്വീകരിക്കലും പങ്കുവെക്കലും ഉള്‍ച്ചേര്‍ക്കലുമാവും ആത്യന്തികമായ സ്‌കൂള്‍ രീതിശാസ്ത്രം. ഇങ്ങനെയായിരിക്കും ഒരു സാധാരണ അദ്ധ്യാപികയുടെ പ്രതീക്ഷ.
സ്മാര്‍ട്ട് ക്ലാസ്മുറികള്‍ വഴിമാറി ഓരോ ക്ലാസും ഹൈടെക്കാവുന്ന അവസ്ഥ സംജാതമായിരിക്കുന്നു. സമൂഹം മുഴുവന്‍ ഇതിനുപിന്നില്‍ നിരക്കുകയാണ്. നേരത്തെ ഒന്നോ രണ്ടോ സ്മാര്‍ട്ട് മുറികളായിരുന്നു. ഉന്നതശ്രേണിയില്‍പ്പെട്ട ഉപകരണങ്ങള്‍ ഇവിടെയുണ്ട്. എന്നാല്‍ അതിന്റെ ഉപയോഗസാധ്യത വളരെ വളരെ കുറവായിരുന്നു. ഡിജിറ്റല്‍ മെറ്റീരിയല്‍ ക്ലാസില്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്കിടക്ക് അപ്പപ്പോള്‍ കിട്ടേണ്ട ഒന്നാണ്. പിന്നെയൊരിക്കല്‍ കിട്ടുന്ന അവസ്ഥയില്‍ അത് പഠനത്തിന്റെ ജൈവരൂപവുമായി കൂടിച്ചേരില്ല. ഒരധികപഠന സാമഗ്രിയെന്ന നിലയില്‍ ഒരൊഴിവുസമയത്ത് കിട്ടുന്നാതാവരുതല്ലോ ഡിജിറ്റല്‍ സാമഗ്രികള്‍ . സ്മാര്‍ട്ട് റൂമുകളുടെ ഒരു പരാധീനത അതായിരുന്നു. ഒരു ക്ലാസ് ഒഴിഞ്ഞാലേ അടുത്ത ക്ലാസിന്ന് കയറാനാവൂ. ക്ലാസ് റൂമുകളില്‍ നേരിട്ട് ഹൈടെക്ക് സംവിധാനം വരുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. ക്ലാസ് മുറികള്‍ പഠനകാര്യങ്ങളില്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ സഹായമുള്ളതാവും.
മികച്ച പഠനാനുഭവങ്ങള്‍ കുട്ടിക്ക് ലഭ്യമാക്കലാണ് ഡിജിറ്റല്‍ സംവിധാനം കൊണ്ട് എറ്റവുമാദ്യം സാധ്യമാകേണ്ടത് . ഡിപ്പാര്‍ട്ട്‌മെന്റ് ഈയൊരുലക്ഷ്യം വെച്ചാണ് ഐ സി ടി പഠനം മുന്നോട്ടുവെക്കുന്നത്. വിവിധ പാഠങ്ങളും അവയുടെ ഉള്ളടക്കങ്ങളും പ്രവര്‍ത്തനങ്ങളും പ്രക്രിയകളുമായി നേരിട്ട് ബന്ധമുള്ള ചെറിയ ചലചിത്രങ്ങള്‍, അനിമേഷന്‍ വീഡിയോകള്‍, സാധാരണ വീഡിയോകള്‍, ഓഡിയോകള്‍, ജിമ്പ്, ജിയോജിബ്ര മുതലായ നിരവധി സോഫ്ട്‌വെയറുകള്‍ , ഇന്ററാക്ടീവ് കളികള്‍, വര്‍ക്ക്ഷീറ്റുകള്‍, റീഡിങ്ങ് കാര്‍ഡുകള്‍ , ചിത്രങ്ങള്‍, പാഠങ്ങള്‍, അധികവായനാസാമഗ്രികള്‍, പരിഹാരബോധന പരിപാടികള്‍, മൂല്യനിര്‍ണ്ണയ സംവിധാനങ്ങള്‍, വിക്ടേര്‍സ് ചാനല്‍ പോലുള്ള സാധ്യതകള്‍ തുടങ്ങി പലതലങ്ങളിലായി നിരവധിയാണ് ഡിജിറ്റല്‍ ഉള്ളടക്കം . നിലവാരമുള്ള ഉള്ളടക്കം ഡിപ്പാര്‍ട്ട്‌മെന്റ് വഴി നിര്‍മ്മിക്കുന്നവയും സ്‌കൂളിന്നകത്തും പ്രാദേശിക വിഭവ സാധ്യതയെന്ന നിലയ്ക്കു നിര്‍മ്മിക്കപ്പെടുന്നവയും ഉള്‍ച്ചേരണം. സ്‌കൂളിനകത്ത് കുട്ടിയും അദ്ധ്യാപകരും തയ്യാറാക്കുന്ന –വിദഗ്ദ്ധര്‍ കൃത്രിമമായി ഉണ്ടാക്കുന്നവയല്ല പഠനപ്രവര്‍ത്തനസന്ദര്‍ഭങ്ങളില്‍അദ്ധ്യാപകന്റേയോ കുട്ടിയുടേയോ രണ്ടുപേരുടേയും കൂടിയോ ആവശ്യമായി സ്വയമേവ രൂപം കൊള്ളുന്നവ –ഡിജിറ്റല്‍ വിഭവങ്ങളാണ് ഏറെ പ്രസക്തമായവ.
അദ്ധ്യാപകര്‍ക്കും തങ്ങളുടെ ബോധനസാമഗ്രികള്‍ ഡിജിറ്റല്‍ രൂപത്തില്‍ കിട്ടാനാവണം . തന്റെ ടിച്ചിങ്ങ് മാന്വല്‍, അതിനടിസ്ഥാനമായ ഹാന്‍ഡ് ബുക്കും ടെക്സ്റ്റ് ബുക്കും, പഠനോപകരണങ്ങള്‍, പ്രക്രിയാരേഖ, ക്ലാസ് ഫീഡ്ബാക്ക് എന്നിങ്ങനെ സാധ്യമായതൊക്കെ ഡിജിറ്റലായി ലഭിക്കണം. ലഭിക്കണം എന്നാല്‍ പുറത്തുനിന്ന് ലഭിക്കണമെന്നല്ല , അദ്ധ്യാപകര്‍ക്ക് സ്വയമേവ ഡിസൈന്‍ ചെയ്യാനും അപ്പ്‌ലോഡ് ചെയ്യാനുമുള്ള സൗകര്യം വേണം . അതിനാവശ്യമായ പരിശീലനവും സ്‌കൂള്‍ – വിഷയ കൂട്ടായ്മകളും വേണം. അതെല്ലാം സമയാസമയങ്ങളില്‍ ഔദ്യോഗികസംവിധാനത്തിന്ന് നേരിട്ടോ ഓണ്‍ ലയിനായോ പരിശോധിക്കാനും അധിക നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ശക്തിപ്പെടുത്താനും കഴിയണം. സ്‌കൂളിനകത്തും യഥാവസരം മികച്ചതാണെന്ന് പലവട്ടം ബോദ്ധ്യപ്പെട്ടാല്‍ പുറത്തേക്കും സംസ്ഥാനത്ത് മുഴുവന്‍ ഇതെല്ലാം ലഭ്യമാവുകയും വേണം. പ്രാദേശികമായി ഉണ്ടാവുന്ന വിഭവങ്ങള്‍ സംസ്ഥാനത്ത് മുഴുവനും ലോകം മുഴുവനും കിട്ടുന്ന അവസ്ഥ ഉണ്ടാവണം.
ക്ലാസ് റൂം ലോകനിലവാരത്തിലെത്തുന്നത് ഇങ്ങനെയാവും . കുട്ടികളും അദ്ധ്യാപകരും പ്രാദേശിക വിദ്യാഭ്യാസ പ്രവര്‍ത്തകരും ഒരു ക്ലാസ് മുറിയിലേക്കായി ഒരു വിഷയത്തിനായി ഒരു പ്രത്യേക ആവശ്യത്തിനായി ഒരു പീരിയേഡിനായി ഉണ്ടാക്കുന്ന ഒരു വിഭവം ക്രമത്തില്‍ മറ്റു സ്‌കൂളുകളിലേക്കും മറ്റു രാജ്യങ്ങളിലേക്കും ഒരവശ്യവസ്തുവെന്ന നിലയില്‍ പരിഗണിക്കപ്പെടുമ്പോഴാണല്ലോ നമ്മുടെ ക്ലാസും കുട്ടിയും അദ്ധ്യാപകരും ലോകനിലവാരമുള്ളവരായിത്തീരുന്നത് . ഏതോ ക്ലാസിലേക്ക് ഏതോ പ്രത്യേക ആവശ്യത്തിന്ന് ഏതോ അദ്ധ്യാപകന്‍ എന്നോ ഉണ്ടാക്കിയ ഒരു ഡിജിറ്റല്‍ സാമഗ്രി നമ്മളിപ്പോള്‍ നമ്മുടെ ക്ലാസില്‍ പ്രയോജനപ്പെടുത്തുന്നത് ലോകനിലവാര സൂചനയല്ല . അറിവുകള്‍, വിവരങ്ങള്‍ , ദത്തങ്ങള്‍, മാതൃകകള്‍, പ്രോസസ് ചെയ്യാനുള്ള സോഫ്ട്‌വെയറുകള്‍ എന്നിവ തീര്‍ച്ചയായും പലയിടങ്ങളില്‍ നിന്നും ശേഖരിക്കേണ്ടി വരും . അതിന്റെ സംഘാടനത്തിലും പ്രോസസ്സിങ്ങിലും നമ്മുടെ ക്ലാസ് മുറികളും കുട്ടികളും അദ്ധ്യാപകരുമായിരിക്കണം. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ജ്ഞാനം നമ്മുടെതായിരിക്കണം. അതിന്റെ പ്രോസസും ഉല്‍പ്പന്നവും നമ്മുടെതായിരിക്കണം . ലഭിക്കുന്ന സ്‌കോര്‍ നമ്മുടെ കുട്ടിക്കായിരിക്കണം. അംഗീകാരം അദ്ധ്യാപകനും കുട്ടിക്കും സ്‌കൂളിന്നും ഡിപ്പാര്‍ട്ട്‌മെന്റിനും ആയിരിക്കണം . അത് ലോകനിലവാരമുള്ളതായിരിക്കണം. ഈയൊരു നിലയില്‍ വേണം നമ്മുടെ വിദ്യാലയങ്ങള്‍ ഡിജിറ്റലായി ലോകനിലവാരമുള്ളവയായിത്തീരേണ്ടത്.