Friday
19 Oct 2018

എച്ച്ഒസിയെ വിറ്റഴിക്കാന്‍ വീണ്ടും കേന്ദ്ര നീക്കം

By: ഷാജി ഇടപ്പള്ളി | Wednesday 25 October 2017 10:34 PM IST

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് (എച്ച്ഒസി) സ്വകാര്യവല്‍ക്കരിക്കാന്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍ നീക്കം. മാതൃസ്ഥാപനമായ മഹാരാഷ്ട്രയിലെ രാസായനി യൂണിറ്റിന്റെ ഭീമമായ നഷ്ടം ചൂണ്ടിക്കാണിച്ച് ലാഭകരമായി പ്രവര്‍ത്തിക്കുന്ന കൊച്ചി യൂണിറ്റടക്കം അടച്ചുപൂട്ടാന്‍ 2016 ജൂലൈയില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ അതിനെതിരെ ശക്തമായ പ്രതിഷേധവും സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലും ഉണ്ടായതിനെത്തുടര്‍ന്നാണ് ആ നീക്കം ഉപേക്ഷിച്ചത്. എന്നാല്‍ വീണ്ടും കൊച്ചി യുണിറ്റ് വിറ്റഴിക്കാന്‍ കേന്ദ്രം പുതിയ തന്ത്രം പയറ്റുകയാണ്. എച്ച്ഒസി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് താല്പര്യമുണ്ടെങ്കില്‍ ആ വിവരം അറിയിക്കണമെന്നുകാണിച്ച് രണ്ടാഴ്ച മുമ്പാണ് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചിട്ടുള്ളത്. നിലവിലുള്ള സാഹചര്യത്തില്‍ വന്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നുള്ള അവസ്ഥ മനസിലാക്കിയാണ് ഇത്തരമൊരു അടവുനയം കൈകൊണ്ടിട്ടുള്ളത്. സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്നുള്ള കാര്യം അറിയിച്ചാല്‍ അതിന്റെ മറവില്‍ കൊച്ചി യുണിറ്റ് വിറ്റഴിക്കാന്‍ വേണ്ടിയാണിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തുനിയുന്നത്.എന്നാല്‍ പൊതുമേഖലയില്‍ നിലനിര്‍ത്തി സംരക്ഷിക്കണമെന്നും അതിനു കഴിയില്ലെങ്കില്‍ ബിപിസിഎല്‍ ഏറ്റെടുക്കണമെന്നുമാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.
2017 മെയ് മാസത്തില്‍ കൂടിയ സാമ്പത്തിക കാര്യ മന്ത്രിസഭാ ഉപ സമിതിയുടെ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നപ്പോള്‍ എച്ച്ഒസി പുനഃസംഘടനാ പാക്കേജിന് അംഗീകാരം നല്‍കിയിരുന്നു.നഷ്ടത്തിലായ മഹാരാഷ്ട്രയിലെ രാസായനി യൂണിറ്റ് അടച്ചുപൂട്ടിയും അവിടുത്തെ 442 ഏക്കര്‍ ഭൂമി ബിപിസിഎല്ലിന് വിറ്റഴിച്ച് 618 കോടി രൂപയും സര്‍ക്കാരിന്റെ ബ്രിഡ്ജ് ലോണായി 360 കോടി വകയിരുത്തിയും ആകെ 1008 കോടി സമാഹരിച്ച് കഴിഞ്ഞ ജൂണ്‍ 30 വരെയുള്ള എച്ച്ഒസിയുടെ ബാധ്യത തീര്‍ക്കാനാണ് അംഗീകാരം നല്‍കിയത്. ഇതുവഴി ബ്രിഡ്ജ് ലോണായി 360 കോടി കിട്ടിയെങ്കിലും അതില്‍ നിന്നും 250 കോടിയും സര്‍ക്കാരിന്റെ ജാമ്യത്തില്‍ ലഭിച്ച ബോണ്ടിന്റെ തിരിച്ചടവിനായി ഉപയോഗിക്കാനാണ് സാധിച്ചത്. ഇതുമൂലം കഴിഞ്ഞ 23 മാസമായി ശമ്പളം ലഭിക്കാത്ത ജീവനക്കാരുടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.
അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ മാസങ്ങളായി ഫിനോള്‍ പ്ലാന്റ് അടഞ്ഞു കിടക്കുകയായിരുന്നു, സംസ്ഥാന സര്‍ക്കാരിന്റെയും കേരളത്തില്‍ നിന്നുള്ള എംപി മാരുടെയും ഇടപെടലിനെത്തുടര്‍ന്ന് ഒരു മാസത്തെ കടപരിധിയില്‍ ഫിനോള്‍ നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളായ എല്‍ പി ജി ,ബെന്‍സീന്‍ എന്നിവ കൊച്ചി റിഫൈനറി നല്‍കിയിരുന്നു. ഇതുകൊണ്ടു കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബര്‍, മാസങ്ങളില്‍ 34 ദിവസത്തോളം ഫിനോള്‍ പ്ലാന്റ് പ്രവര്‍ത്തിക്കുകയും മൂന്നര കോടിയോളം രൂപ നേട്ടമുണ്ടാക്കുകയും ചെയ്തു.എന്നാല്‍ തുടര്‍ച്ചയായി അസംസ്‌കൃത വസ്തുക്കള്‍ നല്കാന്‍ ബി പി സി എല്ലിന് സാധിക്കാതെവന്നതിനാല്‍ വീണ്ടും പ്ലാന്റ് അടച്ചിടുകയായിരുന്നു.എച് ഒ സി ഉല്‍പ്പന്നമായ ഫിനോളിന്റെ പ്രതിവര്‍ഷ ആഭ്യന്തര ഉത്പാദനം 70000 ടണ്ണാണ്. ഹൈഡ്രജന്‍പെറോക്‌സയിഡിനും നല്ല ഡിമാന്റുള്ളതാണ്.ഇത്തരം സാഹചര്യത്തില്‍ കമ്പനിയെ പൊതുമേഖലയില്‍ നിലനിര്‍ത്തി ഉത്പാദനം വര്‍ധിപ്പിച്ചാല്‍ ലാഭകരമായി ഈ സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും. 292 ജീവനക്കാരും,നൂറോളം കരാര്‍ ജീവനക്കാരുമാണിപ്പോള്‍ എച്ച്ഒസിയില്‍ ജോലിചെയ്യുന്നത്.