Saturday
21 Oct 2017

ഹോളണ്ട് പുറത്തേക്ക്

By: Web Desk | Sunday 8 October 2017 10:12 PM IST

ആംസ്റ്റര്‍ഡാം:

ഓറഞ്ച് പട റഷ്യന്‍ ലോകകപ്പിന്റെ നഷ്ടമായേക്കും. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബെലാറസിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയെങ്കിലും ഹോളണ്ട് ലോകകപ്പിന് യോഗ്യത നേടണമെങ്കില്‍ ഇനി അത്ഭുതങ്ങള്‍ തന്നെ സംഭവിക്കണം.
അവസാന മത്സരത്തില്‍ സ്വീഡനെ നേരിടാന്‍ ഇറങ്ങുന്ന നെതര്‍ലാന്റ്‌സിന് 7 ഗോളിന്റെ വ്യത്യാസത്തില്‍ എങ്കിലും സ്വീഡനെ പരാജയപ്പെടുത്തിയാലെ ലോകകപ്പ് മോഹം നിലനിര്‍ത്താന്‍ എങ്കിലും പറ്റൂ. സ്വീഡന്‍ ഇന്നലെ നേടിയ എട്ടു ഗോളിന്റെ വലിയ വിജയമാണ് ഹോളണ്ടിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്.
യോഗ്യതാ റൗണ്ടില്‍ ഒരു മത്സരം മാത്രം ശേഷിക്കെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുള്ള സ്വീഡന് 19 പോയിന്റും മൂന്നാം സ്ഥാനത്തുള്ള ഹോളണ്ടിന് 16 പോയന്റുമാണ് ഉള്ളത്. എന്നാല്‍ ലക്‌സംബര്‍ഗിനെതിരായ വലിയ വിജയം സ്വീഡന് മികച്ച ഗോള്‍ ശരാശരിയാണ് നേടിക്കൊടുത്തിരിക്കുന്നത്.
ബെലാറസിനെതിരെ ഹോളണ്ടിന് വിജയം ഒരുക്കിയത് സൂപ്പര്‍താരം ആര്യന്‍ റോബന്റെ മികച്ച പ്രകടനമായിരുന്നു. റോബന്‍ ഒരു ഗോള്‍ നേടുകയും ഒരു ഗോള്‍ അവസരം ഒരുക്കുകയും ചെയ്തു. ഡിപായും പ്രോപ്പറുമാണ് ഹോളണ്ടിന്റെ മറ്റു രണ്ടു ഗോളുകള്‍ നേടിയത്.
അതേസമയം മാസിഡോണിയയോട് 1-1 നു സമനില വഴങ്ങിയ മുന്‍ ലോക ചാമ്പ്യന്‍ ഇറ്റലിക്കും ലോകകപ്പ് യോഗ്യത നേടാന്‍ പ്ലേ ഓഫില്‍ കളിക്കേണ്ടി വരും. യൂറോപ്യന്‍ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ജി ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ സമനില വഴങ്ങിയതാണ് ഇറ്റലിക്കു തിരിച്ചടിയായത്.
ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജോര്‍ജിയോ കെല്ലിനി നേടിയ ഗോളില്‍ മുന്നിട്ടുനിന്ന ഇറ്റലിയെ അലക്‌സാണ്ടര്‍ ട്രാജ്‌കോവ്‌സ്‌കിയാണു കുടുക്കിയത്. അല്‍ബേനിയയ്‌ക്കെതിരേ നടക്കുന്ന അവസാന മത്സരത്തില്‍ ഇറ്റലിക്കു ജയിച്ചേ തീരു. എങ്കിലേ പ്ലേഓഫ് കളിക്കാനാകൂ. ഇറ്റലി രണ്ടാംസ്ഥാനത്തും അല്‍ബേനിയ മൂന്നാംസ്ഥാനത്തുമാണ്. മുന്‍ ചാമ്പ്യന്‍ സ്‌പെയിന്‍ ഗ്രൂപ്പ് ജേതാക്കളായി യോഗ്യത ഉറപ്പാക്കി.

 

Related News