Wednesday
19 Sep 2018

ഹോളിവുഡിലും പീഡനവിവാദം, നിര്‍മ്മാതാവ് ഹാര്‍വി വെയിന്‍സറ്റണ്‍ ആരോപണച്ചുഴിയില്‍

By: Web Desk | Thursday 12 October 2017 4:41 PM IST

ഹോളിവുഡിനെ ആട്ടിഉലച്ച് ലൈംഗികാതിക്രമ വിവാദം; ഷേക്‌സ്പിയര്‍ ഇന്‍ ലൗ പോലെയുള്ള നിരവധി വിഖ്യാത സിനിമകളുടെ നിര്‍മ്മാതാവ്‌ ഹാര്‍വി വെയിന്‍സ്‌റ്റെയിന്‍ ആരോപണച്ചുഴിയില്‍. നടിമാരും സിനിമാ കമ്പനി ജീവനക്കാരുമായ ഇരുപതിലേറെപേരാണ് ഹാര്‍വിക്കെതിരെ ആരോപണവുമായി രംഗത്തുള്ളത്.
സ്‌റ്റെയിനിന്റെ സിനിമാ നിര്‍മ്മാണ കമ്പനി ജീവനക്കാരിയായിരുന്ന ലോറന്‍ ഒ-കോണറുടെ വെളിപ്പെടുത്തലാണ് വിവാദത്തിനു തുടക്കമായത്. തുടര്‍ന്ന് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുകൊണ്ടുവന്ന മൂന്നു ദശാബ്ദക്കാലം നീണ്ട പീഡനകഥകളാണ് ലോകസിനിമയുടെ തലസ്ഥാനത്ത് കത്തിപ്പടരുന്നത്.
സിനിമാ മേഖലയിലെ കിംങ് ആയ ഹാര്‍വിയെ സുഹൃത്ത് ആയിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പോലും തള്ളിപ്പറഞ്ഞിട്ടുണ്ട്. 64കാരനായ ഹാര്‍വിക്ക് നിര്‍മ്മാണ കമ്പനിയില്‍നിന്നും പുറത്തുപോകേണ്ടി വന്നുവെന്നുമാത്രമല്ല. അനുദിനം പുറത്തുവരുന്ന പീഡനകഥകള്‍ക്ക് മറുപടികൂടി കണ്ടെത്തണമെന്ന നിലയാണ്. ഹോളിവുഡില്‍ നിലവിലുള്ളവരും പുറത്തുപോയവരുമായ സിനിമാപ്രവര്‍ത്തകരുടെ അഭിമുഖങ്ങളിലൂടെയാണ് ഹാര്‍വിക്കെതിരെയുള്ള ആരോപണം പത്രം സ്ഥാപിക്കുന്നത്. നിയമരേഖകള്‍,ഇ-മെയിലുകള്‍,മിറാമാക്‌സ് ആന്റ് വെയിന്‍സ്റ്റീന്‍ കമ്പനി ആഭ്യന്തര രേഖകള്‍ എന്നിവയാണ് ആരോപണങ്ങള്‍ ഉറപ്പിക്കാനായി ഉപയോഗിക്കുന്നത്.
ലൈംഗികചൂഷണം,ആവശ്യമില്ലാത്ത ശാരീരിക സമ്പര്‍ക്കം എന്നിവയാണ് ആരോപണങ്ങളിലേറെ. കുറഞ്ഞത് എട്ടിടത്തെങ്കിലും സ്ത്രീകളുമായി എത്തിയിട്ടുണ്ട്. 1990ല്‍ ഒരു യുവസഹായി,1997ല്‍ ഒരു നടി,1998ല്‍ ഒരു അസിസ്റ്റന്‍ഡ് ,2015ല്‍ ഒരു ഇറ്റാലിയന്‍ മോഡല്‍ തുടര്‍ന്ന് ലോറന്‍ ഒ-കോണര്‍ എന്നിവരെ പീഡനത്തിനുവിധേയമാക്കിയിരുന്നുവെന്നാണ് തെളിവുസഹിതം വെളിവാക്കപ്പെട്ടത്. അതല്ലാതെ മൊഴികളില്‍കൂടിമാത്രമായി ഹാര്‍വിക്കെതിരെ നടിമാരുടെയും ജീവനക്കാരികളുടെയും വന്‍നിരതന്നെ രംഗത്തുണ്ട്.
കാസ്റ്റിംങ് കൗച്ച് ആക്ഷപമടക്കമാണ് നടിമാര്‍ നിരത്തുന്നത്. ജീവനക്കാരെ ജോലി ആവശ്യങ്ങള്‍ക്ക് ചര്‍ച്ചക്കുവിളിച്ചശേഷം പീഡിപ്പിക്കുകയാണ് ചെയ്തത്. ശരീരം മസാജിനും ,കുളിക്കും, ഡ്രസിംങിനും സഹായിക്കാന്‍ ആവശ്യപ്പെല്‍, ബലമായി ചുംബിക്കല്‍ തുടങ്ങിയവയാണ് ഏറെപ്പേര്‍ക്കും പറയാനുള്ള ആരോപണം.
നടിമാരായ ആസിയ ആര്‍ജെന്റോ,ലൂസിയ സ്‌റ്റോളര്‍,എമ്മാ ഡി കാന്‍സ്,റോസന്നാ ആംഗ്വിറ്റ,ജെസികാ ബാര്‍ത്,റോമോള ഗ്രായ്,ജൂഡിത് ഗോര്‍ഡ്രച്,ആന്‍ജെലീന ജൂലി,കാതറീന കെന്‍ഡല്‍,ടോമി ആന്‍ റോബര്‍ട്‌സ്,ലിയാ സെയ്‌ഡോസ്, മോഡല്‍ അംബ്രാ ബാട്ടിലാന,ടി.വി റിപ്പോര്‍ട്ടര്‍ ലോറന്‍ സിവന്‍, ഹാര്‍വിയുടെ സിനിമാ കമ്പനി ജീവനക്കാരായ സെല്‍ഡ പെര്‍ക്കിന്‍സ്,ലൂയിസ് ഗോള്‍ഡ്,ഗ്വേയന്‍ഡ് പെട്രോ,ഡാണ്‍ ഡണ്ണിംങ്,ഹീതര്‍ഗ്രേയം,കാരാ ഡെലെിവിംങ്‌നാ എന്നിവരുടെ പട്ടികയാണ് വെളിപ്പെടുത്തലോടെ പുറത്തുവന്നിട്ടുള്ളത്.
അക്കാഡമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ഹാര്‍വിക്കെതിരെ നടപടിക്ക് ശനിയാഴ്ച യോഗം ചേരുന്നുണ്ട്. ഹാര്‍വിക്കെതിരെ കേസ് എടുക്കാതിരിക്കാനാവില്ലെന്നും അഞ്ചുമുതല്‍ 25വര്‍ഷം വരെ തടവിന് അര്‍ഹമായകുറ്റകൃത്യങ്ങിലാണ് ഹാര്‍വി ഏര്‍പ്പെട്ടിട്ടുള്ളതെന്നും നിയമ വിദഗ്ധര്‍ പറയുന്നു.

Related News