Wednesday
19 Sep 2018

സ്വവര്‍ഗാനുരാഗികളെ കുറിച്ച്‌ സമൂഹത്തിന് തെറ്റിദ്ധാരണ മാറേണ്ടതാണെന്ന് സുപ്രീം കോടതി

By: Web Desk | Thursday 12 July 2018 1:53 PM IST

ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗികളെ കുറിച്ച് സമൂഹത്തിന് തെറ്റിദ്ധാരണയുണ്ടെന്നും അത് മാറേണ്ടതാണെന്നും സുപ്രിം കോടതി നിരീക്ഷിച്ചു. സ്വവര്‍ഗാനുരാഗം കുറ്റകരമാക്കുന്ന ഭരണഘടനയിലെ 377-ാം വകുപ്പ് ഇല്ലാതായാല്‍ ഈ തെറ്റിദ്ധാരണ മാറുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന 377-ാം വകുപ്പിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു കോടതിയുടെ ഈ പരാമര്‍ശം.
എല്‍ജിബിടി വിഭാഗത്തെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിറുത്തുന്ന രീതി വര്‍ഷങ്ങളായി ഇന്ത്യയില്‍ തുടര്‍ന്നു വരികയാണ്. ഇത് സ്വവര്‍ഗാനുരാഗികളോടുള്ള വേര്‍തിരിവിന് സമൂഹത്തില്‍ ആഴത്തില്‍ വേരോട്ടമുണ്ടാകാന്‍ കാരണമായി. ഈ വിവേചനം കാരണം സ്വവര്‍ഗാനുരാഗികള്‍ അനുഭവിക്കുന്ന മാനസിക വിഷമം ചെറുതൊന്നുമല്ല. ഇത്തരം വിവേചനങ്ങള്‍ അവരുടെ മാനസികാരോഗ്യത്തെ പോലും ബാധിച്ചിട്ടുണ്ട്, അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ക്കും പുരുഷനും ലഭിക്കുന്ന അവകാശങ്ങള്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് നല്‍കാതിരിക്കുന്നതിനുള്ള നിയമമോ, ചട്ടമോ, മാര്‍ഗനിര്‍ദ്ദേശങ്ങളോ ഉണ്ടോയെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകനായ മനേകാ ഗുരുസ്വാമിയോട് കോടതി ചോദിച്ചു. എന്നാല്‍ അങ്ങനെയൊന്നും ഇല്ലെന്ന് അവര്‍ മറുപടി നല്‍കി.
ഉഭയസമ്മതത്തോടെയുള്ള ലൈംഗികത കുറ്റകരമാക്കിയതിനാല്‍ തന്നെ എല്‍ജിബിടി സമൂഹം കളങ്കിതരായി മുദ്ര കുത്തപ്പെടുകയാണ്. അതിനാല്‍ തന്നെ ഈ വകുപ്പ് ഇല്ലാതായാല്‍ ഈ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന ഹര്‍ജികളെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുകയോ പിന്തുണയ്ക്കുകയോ ചെയ്തിരുന്നില്ല. തീരുമാനം സുപ്രിംകോടതിക്ക് വിട്ട് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ദീപക് മിശ്രയെ കൂടാതെ ജസ്റ്റിസുമാരായ എം എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഢ്, ആര്‍ എഫ് നരിമാന്‍, ഇന്ദുമല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.