Tuesday
21 Aug 2018

കുതിരകള്‍ മനുഷ്യന്റെ മുഖഭാവം മനസിലാക്കുന്നുവെന്ന് പഠനം

By: Web Desk | Tuesday 1 May 2018 5:19 PM IST

ലണ്ടന്‍: മനുഷ്യന്റെ മുഖഭാവങ്ങള്‍ മനസ്സിലാക്കാനും ഓര്‍ത്ത് വയ്ക്കാനും കുതിരകള്‍ക്ക് കഴിയുമെന്ന് പഠന റിപ്പോര്‍ട്ട്. മനുഷ്യരുടെ മുഖത്തു നിന്നു വായിച്ചെടുക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് അപകടകാരികളായ ആളുകളില്‍ നിന്ന് രക്ഷ നേടുന്നതിനുള്ള വൈദഗ്ധ്യം അവയ്ക്കുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ലണ്ടനിലെ സസെക്‌സ് സര്‍വകലാശാലയാണ് വളര്‍ത്തുകുതിരകളെ കുറിച്ചുള്ള പുതിയ പഠനം നടത്തിയത്.
പഠനത്തിന്റെ ഭഗമായി ദേഷ്യത്തോടെയും സന്തോഷത്തോടെയും ഒരേ വ്യക്തിയുടെ ചിത്രം കുതിരയെ കാണിച്ച ശേഷം അതേയാളെ കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷവും ദിവസങ്ങള്‍ക്ക് ശേഷവും കുതിരയുടെ മുന്‍പിലെത്തിച്ചു. പാളിച്ചകള്‍ ഒഴിവാക്കാന്‍ കുതിരക്കു മുന്നില്‍ എത്തിക്കുന്ന ആളുടെ ഏതു ചിത്രമാണ് കുതിരയെ കാണിച്ചത് എന്ന് അയാള്‍ക്ക് സൂചനകള്‍ നല്‍കിയിരുന്നില്ല. വ്യക്തികയുടെ പുഞ്ചിരിയോടെയുള്ള മുഖത്തേക്കാള്‍ അയാളുടെ ഭീകരഭാവത്തെ ഓര്‍ത്തു വച്ച കുതിരയുടെ പ്രവര്‍ത്തന ശൈലികളില്‍ അത് വ്യക്തമായതായും കറണ്ട് ബയോളജി എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കുതിരകള്‍ക്ക് ഒരാളുടെ ഭാവത്തെ തിരിച്ചരിയാന്‍ മാത്രമല്ല പിന്നീട് അയാളെ ദിവസങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുമ്പോള്‍ അത് ഒര്‍ത്തു വയ്ക്കാനും കഴിയുന്നു എന്നതാണ് പഠനത്തിലൂടെ തെളിഞ്ഞത് എന്ന് പഠനത്തിന്റെ ഭാഗമായ കാരന്‍ മക് കോമ്പ് ചൂണ്ടിക്കാട്ടുന്നു. മികച്ച ബുദ്ധി വൈഭവങ്ങള്‍ ഉള്ള ജീവിയാണ് കുതിര എന്ന് മുന്‍പ് തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ പുതിയ തലം വ്യക്തമാക്കപ്പെടുന്നത് ഇതാദ്യമായാണ്.