Friday
14 Dec 2018

വീട്ടമ്മയുടെ കൊലപാതകം; പ്രതി അറസ്റ്റില്‍

By: Web Desk | Wednesday 17 January 2018 9:56 PM IST

കടയ്ക്കല്‍:

വീട്ടമ്മയെ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു,പ്രതി അറസ്റ്റില്‍. കടയ്ക്കല്‍ മാര്‍ക്കറ്റിന് സമീപം പുതൂക്കോണം സീതാ മന്ദിരത്തില്‍ സീതാമണി (68)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വെഞ്ഞാറമൂട് തൈക്കാട് കെ പി ഹൗസില്‍ റഹീം(50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 14 നായിരുന്നു കൊലപാതകം. ഒറ്റയ്ക്ക് താമസിച്ചിരുന്ന സീതാമണി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് സീതാമണിയുടെ ഭര്‍ത്താവ് മരിച്ചു. മൂന്ന് പെണ്‍മക്കളുടെ വിവാഹശേഷം ഒരു വര്‍ഷമായി ഇവര്‍ തനിച്ചായിരുന്നു താമസം. അമ്മയെ ടെലിഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ഇളയ മകള്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ക്ലീനിങ് വിഭാഗത്തില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്ന റഹിം അവിടെ വച്ചാണ് സീതാമണിയുമായി പരിചയത്തിലാവുന്നത്. കഴിഞ്ഞ ആറ് മാസക്കാലത്തിനിടെ പണം ആവശ്യപ്പെട്ട് ഇയാള്‍ രാത്രി കാലങ്ങളില്‍ സീതാമണിയുടെ വീട്ടില്‍ വന്നു പോകാറുണ്ടായിരുന്നു. ജോലി നഷ്ടപ്പെട്ട ഇയാള്‍ പുതിയ ബിസിനസ് തുടങ്ങുന്നതിനായി 50,000 രൂപ ആവശ്യപ്പെട്ടിരുന്നു.
സംഭവ ദിവസം വീട്ടിലെത്തിയ പ്രതി പണത്തിന് വേണ്ടി സീതാമണിയുമായി വാക്ക് തര്‍ക്കമുണ്ടായി. ഭക്ഷണത്തിന് ശേഷം കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന സീതാമണിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയിണ ഉപയോഗിച്ച് മുഖം അമര്‍ത്തി മരണം ഉറപ്പാക്കിയ ശേഷം ദേഹത്തുണ്ടായിരുന്ന മാലയും വളകളും ഉള്‍പ്പടെയുള്ള ആഭരണങ്ങളും, അലമാരയിലുണ്ടായിരുന്ന 23,000 രൂപയും മൊബൈല്‍ ഫോണും കൈക്കലാക്കി. തെളിവ് നശിപ്പിക്കുന്നതിനായി വീട്ടിനുള്ളിലാകെ ലോഷന്‍ തളിച്ചു. അന്വേഷണം വഴിതെറ്റിക്കുന്നതിനായി കളഞ്ഞുകിട്ടിയ പഴ്സില്‍ ഒരു യുവാവും യുവതിയും ഒരുമിച്ചുള്ള ഫോട്ടോ, ഫോണ്‍ നമ്പരുകള്‍ എഴുതിയ കടലാസുകള്‍, കുറച്ച് രൂപ എന്നിവ തിരുകി മൃതദേഹത്തിനരികില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വീട് പൂട്ടി കടന്നുകളഞ്ഞു.
അന്വേഷണം വഴിതെറ്റിക്കാനാണ് പേഴ്സും ഫോട്ടോയും സംഭവസ്ഥലത്ത് ഉപേക്ഷിച്ചതെന്ന് മനസിലാക്കിയ പൊലീസ് പേഴ്സില്‍ നിന്നും ലഭിച്ച മൊബൈല്‍ നമ്പരുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയെ വലയിലാക്കിയത്. മാസങ്ങള്‍ക്ക് മുമ്പ് റഹീമിന് വെമ്പായത്ത് നിന്നും കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണിലെ സിം കാര്‍ഡുപയോഗിച്ചാണ് ഇയാള്‍ സീതാമണിയെ വിളിച്ചിരുന്നത്. ഇവരെ വിളിക്കാന്‍ മാത്രമേ ഇയാള്‍ ഇത് ഉപയോഗിച്ചിരുന്നുളളൂ.
കൊല്ലം റൂറല്‍ എസ്പി ബി അശോകന്‍, പുനലൂര്‍ ഡിവൈഎസ്പി ബി കൃഷ്ണകുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അനില്‍കുമാര്‍, കടയ്ക്കല്‍, അഞ്ചല്‍ സിഐ എസ് സാനി, അഞ്ചല്‍ സിഐ എ അഭിലാഷ്, എസ്ഐമാരായ ദിലീഷ്, മനാഫ്, മഹേഷ്, എസ് ബിനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് വെഞ്ഞാറമൂട്ടില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related News