Monday
22 Oct 2018

‘ഒാക്കി’ എന്ന പേര് ആര് നല്‍കി?

By: Web Desk | Thursday 30 November 2017 8:40 PM IST

ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ കരകളില്‍ നാശം വിതച്ച് തുടങ്ങിയത് മുതലാണ് ഇതിന് പേര് നല്‍കണം എന്ന ആവശ്യം ശക്തമായത്.നാശനഷ്ടങ്ങള്‍ വരുത്തുന്ന ഇടങ്ങളില്‍ അന്തരീക്ഷ പഠനങ്ങളുടെ സഹായത്തോടെ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് പേര് അത്യന്താപേക്ഷികമായാരുന്നു. ഇത് ചുഴലികാറ്റുകളെയും അവയുടെ തീവ്രത തിരിച്ചറിയാന്‍ സഹായിച്ചു. ലോക അന്തരീക്ഷ വിജ്ഞാന സംഘടന, ഐക്യരാഷ്ട്ര സാമ്പത്തിക സംഘടന,സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യ ആന്‍ഡ് ദ പെസഫിക്ക് എന്നീ സംഘടനകള്‍ ചേര്‍ന്നാണ് ഈ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ക്ക് പേരുകള്‍ നിര്‍ദ്ദേശിച്ചു തുടങ്ങിയത്. ഇന്ന് തമിഴ്‌നാടിനെയും കേരളത്തെയും ആകെ ഉലച്ചു കൊണ്ട് നടമാകുന്ന ചുഴലിക്കാറ്റിന് ഓക്കി എന്ന പേര് നല്‍കിയത് ബംഗ്‌ളാദേശാണ്. ‘കണ്ണ്’ എന്നാണ് ഈ പദത്തിനര്‍ത്ഥം.

ചുഴലിക്കൊടുങ്കാറ്റുകള്‍ക്ക് മനുഷ്യരുടെ പേരുകളാണ് കണ്ടുവരാറ്. 1950 മുതലാണ് ഇത്തരത്തില്‍ കൊടുങ്കാറ്റുകള്‍ക്ക് മനുഷ്യരുടെ പേരിടുന്ന രീതി നടപ്പിലാക്കാന്‍ തുടങ്ങിയത്. ലോക കാലാവസ്ഥ നിരീക്ഷണ സംഘടനയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇംഗ്ലീഷ് അക്ഷരമാലക്രമത്തിലാണ് ഇത് ചെയ്യുന്നത്. ഒരു തവണ സ്ത്രീനാമമെങ്കില്‍ അടുത്തത് പുരുഷന്റെ എന്ന ക്രമത്തിലാണ് പേരിടല്‍ നടത്തുന്നത്. 1979 വരെ കൊടുങ്കാറ്റുകള്‍ക്ക് സ്ത്രീകളുടെ പേര് മാത്രമാണ് നല്‍കിയിരുന്നത്. അതിനുശേഷം പുരുഷ പേരുകളും വന്നു തുടങ്ങി.
ആറു വര്‍ഷത്തിലൊരിക്കലാണ് ഒരു പേര് മാറുക. ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന പേരുകള്‍ 2023 ലാണ് ഇനി ആവര്‍ത്തിക്കുക. വലിയ നാശം വിതയ്ക്കുന്ന കൊടുങ്കാറ്റുകളുടെ പേരുകള്‍ ആവര്‍ത്തിക്കുക പതിവില്ല. ആന്‍ഡ്രു, സാന്‍ഡി, കത്രീന എന്നിവ ഉദാഹരണങ്ങള്‍. ആന്‍ഡ്രു 1998 ല്‍ അലക്‌സായി, കത്രീന 2011 ല്‍ കാറ്റിയ ആയി. 2018 ല്‍ സാന്‍ഡിക്ക് പുതിയ പേര് വരും. ഇതിനകം 82 പേരുകള്‍ ഇത്തരത്തില്‍ അപ്രത്യക്ഷമായിട്ടുണ്ട്.
ഇത്തവണ കരീബിയന്‍ മേഖലയില്‍ ആഞ്ഞടിച്ച ഹാര്‍വി-ഇര്‍മ കൊടുങ്കാറ്റിന് വീണ്ടും ഈ പേരു ലഭിക്കുന്നത് പന്ത്രണ്ടു വര്‍ഷം കഴിഞ്ഞാണ്. പന്ത്രണ്ട് വര്‍ഷം മുന്‍പ് ഉപേക്ഷിച്ച പേരുകള്‍ വീണ്ടും ലഭിക്കുന്നത് ഈ കൊടുങ്കാറ്റിനാണ്. പേരിടല്‍ ആരംഭിച്ചശേഷം ഇതുപോലെ ഏഴുതവണ സംഭവിച്ചിട്ടുണ്ട്. 2005 ല്‍ റിസ-സ്താന്‍, 2004 ല്‍ ഇവാന്‍-ജെനി, 2003 ല്‍ ഇസബല്‍-ജുവാന്‍, 1995 ല്‍ ലൂയിസ്-മര്‍ലിന്‍, 1964 ല്‍ ക്ലിയോ-ഡോറ, 1955 ല്‍ കൊന്‍-ഡയാന, ലോന്‍-ജനറ്റ് എന്നിവയാണ് ആ പേരുകള്‍.
ഇത്തവണത്തെ ഹാര്‍വി-ഇര്‍മ പേരിടലില്‍ ഒരേസമയം അത്ഭുതം കൂറുകയും വേദനിക്കുകയും ചെയ്യുന്ന രണ്ടുപേര്‍ അമേരിക്കയില്‍ ജീവിച്ചിരുപ്പുണ്ട്. 104 കാരനായ ഹാര്‍വിയും 93 കാരിയായ ഇര്‍മയും-ഭാര്യാഭര്‍ത്താക്കന്മാരാണിവര്‍. തങ്ങളുടെ ജീവിതത്തില്‍ ഇതാദ്യമാണ് ഇത്തരമൊരനുഭവമുണ്ടാകുന്നതെന്നാണ് ഇവര്‍ പറയുന്നത്. 1979 ന് ശേഷം സ്ത്രീപുരുഷ പേരുകള്‍ മാറിമാറി ചുഴലിക്കാറ്റുകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതാണ് ഇതിന് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ സംഘടന വെളിപ്പെടുത്തുന്നു, വിനാശകരം ആറുവര്‍ഷത്തിലൊരിക്കല്‍, അക്ഷരമാലക്രമം ഇതൊക്കെ പാലിച്ചുകൊണ്ട് നാമകരണം നടത്തിയപ്പോഴാണ് ഈ പേരുകള്‍ വന്നുവീണത്. 1981 ലാണ് ഹാര്‍വി ആദ്യം വരുന്നത്. 2011 ല്‍ ഇര്‍മയും വന്നു. എന്നാല്‍ ഇതുരണ്ടും ഒരുമിച്ച് വന്നത് 2017 ലാണ് എന്ന് മാത്രം. അതേപേരില്‍ ദമ്പതികളുണ്ടെന്നത് കൗതുകകരമായ കാര്യമായി കാലാവസ്ഥാ കേന്ദ്രം കാണുന്നു.
1942 ലാണ് ഹാര്‍വി സ്ലൂട്ടറും ഇര്‍മയും വിവാഹിതരാകുന്നത്. പട്ടാളത്തില്‍ നിന്ന് വിരമിച്ചശേഷം ഇവര്‍ വാഷിങ്ടണില്‍ താമസമാക്കി. രണ്ടുപേരും തരക്കേടില്ലാത്ത വരുമാനമുള്ള കുടുംബത്തില്‍ നിന്ന് വരുന്നവരായതുകൊണ്ട് അവര്‍ക്ക് പൊതുവെ സാമ്പത്തിക ഭദ്രതയുണ്ട്. അങ്ങിനെയാണ് അനാഥക്കുട്ടികളെ ദത്തെടുക്കുന്നതിന് അവര്‍ തയാറാകുന്നത്. ഏതാണ്ട് 120 ല്‍പരം കുട്ടികളുടെ രക്ഷിതാക്കളാണ് അവരിന്ന്.
ഇതിനകം പതിനഞ്ചോളം ചുഴലിക്കാറ്റുകള്‍ തങ്ങളുടെ കാലത്ത് കടന്നുപോയെങ്കിലും ഒരിക്കല്‍പോലും ഒന്നിലും ഇവര്‍ പെട്ടിരുന്നില്ല. നാശനഷ്ടത്തിന്റെ തീവ്രത അതുകൊണ്ട് തന്നെ എന്തെന്ന് ഇവര്‍ക്കൊട്ടറിയുകയുമില്ല. ഉത്തര പടിഞ്ഞാറന്‍ പെസഫിക്കിലുണ്ടായ കാട്ടുതീ പടര്‍ത്തിയ പുക ഉണ്ടായപ്പോള്‍ കുറച്ചുനാള്‍ വീട്ടിനകത്ത് ഇരിക്കേണ്ടതൊഴിച്ചാല്‍ ഒരുവിധത്തിലുള്ള പ്രകൃതി ദുരന്തവും ഇവരെ വേട്ടയാടിയിട്ടില്ല എന്നതാണ് വസ്തുത.
എന്നാല്‍ ഇന്ന് 75 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനുശഷം രാജ്യത്തെ നടുക്കിയ ചുഴലിക്കാറ്റിന് തങ്ങളുടെ പേര് വീണിരിക്കുന്നു. സംഭവത്തിലെ യാദൃച്ഛികത മനസിലാക്കുമ്പോള്‍ തന്നെ ദുരിതബാധിതരെ എങ്ങനെ സഹായിക്കാനാകുമെന്ന ഉല്‍ക്കണ്ഠയിലാണിവര്‍. അനാഥത്വം എന്താണെണ് തങ്ങള്‍ സംരക്ഷിക്കുന്ന കുട്ടികളുടെ ജീവിതത്തില്‍ നിന്ന് നന്നായി തിരിച്ചറിഞ്ഞ ഇവര്‍ക്ക് ചുഴലിക്കാറ്റ് അനാഥമാക്കുന്നവരെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടാതിരിക്കാനാവില്ലല്ലോ.