Monday
25 Jun 2018

എച്ച്എസ്എ റാങ്ക് ലിസ്റ്റ്: ഉദ്യോഗാര്‍ഥികളുടെ കാത്തിരിപ്പ് നീളുന്നു

By: Web Desk | Thursday 24 August 2017 7:34 PM IST

കോഴിക്കോട്:

2016 ഒക്‌ടോബറില്‍ നടന്ന എച്ച്എസ്എ സോഷ്യല്‍ സ്റ്റഡീസ്, നാച്വറല്‍ സയന്‍സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളുടെ റാങ്ക് ലിസ്റ്റുകള്‍ ഇതുവരെ പ്രസിദ്ധീകരിച്ചില്ല. നീണ്ട നാലുവര്‍ഷത്തെ കാത്തിരിപ്പിനും കഠിനാധ്വാനത്തിനും ശേഷമാണ് ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയെ അഭിമുഖീകരിച്ചത്. അത് കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ഈ മൂന്ന് വിഷയങ്ങളുടെയും ഷോര്‍ട്ട് ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാന്‍ പി എസ് സിയ്ക്ക് സാധിക്കാത്തത് ഉദ്യോഗാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
ഇതിനൊപ്പം നടന്ന ഭാഷാ വിഷയങ്ങളുടെ (മലയാളം, ഇംഗ്ലീഷ്, ഹിന്ദി) റാങ്ക് ലിസ്റ്റുകള്‍ നിലവില്‍ വരുകയും വിവിധ ജില്ലകളില്‍ നിയമനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വിജ്ഞാപനം പ്രസിദ്ധീകരിച്ച്
അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഷോര്‍ട്ട് ലിസ്റ്റും റാങ്ക് ലിസ്റ്റും വരാനുളള കാത്തിരിപ്പിലാണ് ഉദ്യോഗാര്‍ത്ഥികള്‍. പുതിയൊരു വിജ്ഞാപനം വരുമ്പോഴേക്കും പ്രായ പരിധി കഴിയുന്നതിനാല്‍ ഇനിയൊരു എച്ച്എസ്എ പരീക്ഷ എഴുതുവാന്‍ പലര്‍ക്കും സാധിക്കില്ല.
ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ എഴുതിയ എല്‍ഡിസി, ലാസ്റ്റ്‌ഗ്രേഡ്, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തുടങ്ങിയവയുടെ പരീക്ഷഫലം ചുരുങ്ങിയ കാലയളവില്‍ പ്രസിദ്ധീകരിക്കുന്ന പിഎസ് സി എന്തുകൊണ്ടാണ് ഹൈസ്‌കൂള്‍ അധ്യാപക തസ്തികകളിലേക്കുളള റാങ്ക് ലിസ്റ്റ് വൈകിപ്പിക്കുന്നത് എന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നത്. ഒഴിവുകളില്ല എന്നതാണ് പി എസ് സിയുടെ പ്രധാന വാദം. കേരളത്തില്‍ ആയിരത്തിലധികം സര്‍ക്കാര്‍ സ്‌കൂള്‍ നിലവിലുളള സാഹചര്യത്തില്‍ ഒഴിവുകള്‍ ഇല്ല എന്ന വാദം നിരത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതിരിക്കുന്നത് എന്തിനാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നു. ഒഴിവുകള്‍ ഇല്ലെന്ന് പറയുമ്പോഴും നാലായിരത്തിലധികം എയ്ഡഡ് അധ്യാപകരെയാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമിച്ചിരിക്കുന്നത്. ഭാഷാ വിഷയങ്ങളിലൊഴികെ മറ്റ് വിഷയങ്ങളില്‍ പുനര്‍വിന്യസിപ്പിച്ച എയ്ഡഡ് അധ്യാപകരെ പിഎസ്‌സി റാങ്ക് ലിസ്റ്റ് വന്നാലുടന്‍ മാതൃസ്‌കൂളുകളിലേക്ക് തിരിച്ചയയ്ക്കണം എന്ന ഉത്തരവ് വന്നിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കാലതാമസം ഉണ്ടാക്കുന്നത് പുനര്‍വിന്യസിപ്പിച്ച എയ്ഡഡ് അധ്യാപകരെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന സംശയം ഉണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

Related News