Sunday
19 Aug 2018

കറവയോടൊപ്പം രോഗങ്ങളും

By: Web Desk | Friday 18 August 2017 10:05 PM IST

ഡോ. സാബിന്‍ ജോര്‍ജ്ജ്
ത്പാദനശേഷി കുറഞ്ഞ നാടന്‍ പശുക്കളെ ഒഴിവാക്കി ഉയര്‍ന്ന ഉത്പാദനശേഷിയുള്ള സങ്കരയിനം പശുക്കള്‍ രംഗത്തെത്തിയതോടെ കറവക്കാലം ക്ഷീര കര്‍ഷകന് പ്രശ്‌നകാലമായിരിക്കുകയാണ്. പാലുല്പാദനത്തിനായി ശരീരത്തില്‍ നിന്നുണ്ടാകുന്ന പോഷകങ്ങളുടെ വലിയൊരു പങ്ക് ഉപയോഗിക്കപ്പെടുന്നു. ഇങ്ങനെ നഷ്ടപ്പെടുന്ന പോഷകങ്ങള്‍ ആഹാരത്തിലൂടെ നല്‍കാന്‍ പരാജയപ്പെടുന്നതുമൂലം കറവപ്പശുക്കളില്‍ ഉത്പാദന സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുന്നു. ഗര്‍ഭ സമയത്തേയും, കറവക്കാലത്തേയും പരിപാലനം ഇതിനാല്‍ വളരെയധികം ശ്രദ്ധയര്‍ഹിക്കുന്നു. മാത്രമല്ല കറവയുടെ സമയത്ത് ഉണ്ടാകുന്ന ഏതൊരു പ്രശ്‌നവും പശുവളര്‍ത്തലിന്റെ ആദായത്തെ നേരിട്ട് ബാധിക്കും.
പ്രസവിച്ച ഉടന്‍ പശുക്കളെ ബാധിക്കുന്ന രോഗമാണ് ക്ഷീരസന്നി (പാല്‍പനി). പ്രസവത്തിനുശേഷം രണ്ട് ദിവസത്തിനുള്ളിലാണ് ഇത് ഏറ്റവുമധികമായി കാണപ്പെടാറുള്ളത്. പശുവിന്റെ മൂന്നാമത്തെ പ്രസവം മുതലാണ് ഇതിന് സാധ്യത കൂടുതലുള്ളത്. പ്രസവത്തിനുശേഷം പാലുത്പാദനം കൂടുന്നതുമൂലം രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് കുറയുന്നതാണ് രോഗകാരണം. നാവ് പുറത്തേക്ക് നീട്ടുക, കഴുത്തിലേയും, കാലുകളിലേയും മാംസപേശികളുടെ വിറയല്‍, ക്ഷീണം, പല്ലുകള്‍ കൂട്ടിയുരുമുക എന്നിവയാണ് ലക്ഷണങ്ങള്‍.
ഈ ഘട്ടത്തില്‍ ചികിത്സ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ഘട്ടത്തില്‍ പാലുത്പാദനം കുറയും. പിന്നീട് പശു കഴുത്ത് വളച്ച് തോളോടു ചേര്‍ത്ത്‌വച്ചു കിടക്കും. ക്ഷീരസന്നിയുടെ ഏറ്റവും പ്രധാന ലക്ഷണമാണിത്. ശരീരതാപനില സാധാരണയിലും താഴെയായിരിക്കും. മൂക്ക് ഉണങ്ങി വരളുക, മലദ്വാരം വികസിച്ച് കട്ടിയായ ചാണകം വന്നു നിറയുക എന്നീ ലക്ഷണങ്ങളും ഉണ്ടാകും. ഇത്തവണയും ചികിത്സ നല്‍കിയില്ലെങ്കില്‍ അവസാനഘട്ടത്തിന്റെ ലക്ഷണങ്ങള്‍ കാണാം. തല തറയോട് ചേര്‍ത്ത് വെച്ച് കൈകാലുകള്‍ നീട്ടി ഒരു വശത്തേക്ക് കിടക്കുന്നു. യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കില്‍ പശു ചത്തുപോകും.
ഒരു വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ കാല്‍സ്യം കുത്തിവെയ്പ് നല്‍കിയാണ് ചികിത്സ. ഇതിന് താമസമുണ്ടായാല്‍ പശു കിടപ്പിലായി പോകും. ഇത് തുടര്‍ന്നാല്‍ പേശികളിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് എഴുന്നേല്‍ക്കാനാവാതെ വരും ഇങ്ങനെയുള്ള പശുക്കള്‍ക്ക് കൂടുതല്‍ ശ്രദ്ധവേണം. ഇവയെ ഒരു മണിക്കൂര്‍ ഇടവിട്ട് വശംതിരിച്ച് കിടത്തണം. വൈക്കോല്‍, പുല്ല് ഇവ കിടക്കാനായി നല്‍കണം. ഇടയ്ക്കിടെ ചാക്ക്‌കെട്ടി എഴുന്നേല്‍പ്പിച്ച് കൈകാലുകള്‍ തിരുമ്മിക്കൊടുക്കണം. ഈ കിടപ്പ് എട്ടു പത്തു ദിവസം തുടര്‍ന്നാല്‍ പശുക്കള്‍ സ്വയം എഴുന്നേല്‍ക്കാന്‍ സാധ്യതയില്ല.
കറവക്കാലത്ത് രക്തത്തില്‍ മഗ്നീഷ്യം എന്ന ധാതുവിന്റെ അളവ് കുറയുന്നത് അപസ്മാരത്തിന് കാരണമാകും. മഴയും തണുപ്പുമുള്ള കാലാവസ്ഥയില്‍ ഇത് കൂടുതലായി ഉണ്ടാകും. ധാരാളം ഇളംപുല്ല് കഴിക്കുന്നതാണ് ഇതിനുകാരണം. മാംസപേശികളുടെ വിറയല്‍, വീണുകിടന്ന് കൈകാലുകളിട്ടടിക്കുക, വെകിളി പിടിക്കുക, വായില്‍ നിന്ന് നുരയും, പതയും വരിക എന്നീ ലക്ഷണങ്ങളും കാണിക്കും. പശുക്കള്‍ തീറ്റ കഴിക്കാതെയാവുകയും പാലുത്പാദനം കുറയുകയും ചെയ്യും. മഗ്നീഷ്യമുള്ള കുത്തിവെയ്പാണ് പ്രതിവിധി.
പ്രസവത്തിന് ശേഷം ആദ്യത്തെ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ പശുക്കളില്‍ കണ്ടുവരുന്ന രോഗമാണ് കിറ്റോസിസ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതാണ് കാരണം. പാലിന്റെ അളവ് കുറയുന്നതാണ് ആദ്യ ലക്ഷണം. പിണ്ണാക്ക് മുതലായവ വിസര്‍ജ്ജിക്കുകയും വൈക്കോലും പുല്ലും കുറെശ്ശെ കഴിക്കുകയും ചെയ്യും. ശരീരത്തിന്റെ തൂക്കം കുറയും. രോഗം തീവ്രമായാല്‍ ഉന്മാദ ലക്ഷണങ്ങള്‍ കാണാം. ഇവ കയറില്‍ വലിഞ്ഞു നില്‍ക്കുകയും വട്ടത്തില്‍ കറങ്ങുകയും ചെയ്യും. മൂത്രം ശേഖരിച്ച് മൃഗാശുപത്രിയില്‍ പരിശോധിപ്പിച്ച് രോഗ നിര്‍ണ്ണയം നടത്താം. പാലിന്റെ അളവ് അകാരണമായി കുറയുമ്പോള്‍ ഇത് ചെയ്യണം. ഗ്ലൂക്കോസ് കുത്തിവയ്പ് നടത്തിയാണ് ചികിത്സ നല്‍കേണ്ടത്.
ഉടച്ച ചോളം പ്രസവത്തിന് മുമ്പ് തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വിശേഷാവസരങ്ങളില്‍ ബാക്കിവരുന്ന ചോറ് കഞ്ഞിയായി അമിത അളവില്‍ കൊടുക്കുന്ന ശീലം നല്ലതല്ല. പ്രസവിച്ച ഉടന്‍ കഞ്ഞി, ശര്‍ക്കര കഞ്ഞി, പായസം ഇവ നല്‍കുന്നതും ദോഷകരമാണ്. പ്രസവിച്ചതിനുശേഷം, പ്രസവിക്കുന്നതിന് മുമ്പ് ഉണ്ടായിരുന്ന ആഹാരരീതി തന്നെ ആദ്യ നാളുകളില്‍ തുടരുക. ക്രമേണ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. കറവപ്പശുക്കള്‍ക്ക് നിലനില്‍പ്പിനായി 1.5-2 കിലോഗ്രാം തീറ്റയും പാലുത്പാദനത്തിന് ഓരോ 2.5-2 കിലോഗ്രാം പാലിന് ഒരു കിലോഗ്രാം എന്ന വിധത്തില്‍ അധിക തീറ്റയും നല്‍കണം. തീറ്റയില്‍ ഖനിജ ലവണ മിശ്രിതങ്ങള്‍ നല്‍കണം. പ്രസവത്തിന് മുമ്പ് പശുക്കളെ പട്ടിണിക്കിടരുത്. പ്രസവത്തിന്റെ ആദ്യഘട്ടത്തില്‍ ധാന്യസമ്പന്നമായ തീറ്റ നല്‍കണം. പ്രവസത്തിനുശേഷം കുറച്ചു ദിവസം സോഡിയം പ്രൊപ്പിയോണേറ്റ് 60 ഗ്രാം രണ്ടു നേരമായി ആഹാരത്തില്‍ കൊടുത്താല്‍ കിറ്റോസിസ് തടയാം.
മേല്‍ പറഞ്ഞ ഉത്പാദന സംബന്ധമായ രോഗങ്ങള്‍ കൂടാതെ മറ്റു പ്രശ്‌നങ്ങളും ഗര്‍ഭാനന്തരം ഉണ്ടാകാം. മറുപിള്ള ശരിയായി പോയില്ലെങ്കില്‍ അണുബാധമൂലം ഗര്‍ഭപാത്രത്തില്‍ പഴുപ്പ് വരാം. ഇത് ചെന പിടിക്കാതിരിക്കാന്‍ കാരണമാകും. ഇതിനെതിരെ ആന്റിബയോട്ടിക്ക് കുത്തിവെയ്പുകള്‍ എടുക്കുക. അണുനാശിനികള്‍ ഉപയോഗിച്ച് ഗര്‍ഭപാത്രം കഴുകേണ്ടിവരും. കറവ സമയത്ത് ശുചിത്വം പാലിക്കുന്നതും ശരിയായ കറവരീതികള്‍ നടത്തുന്നതും അകിടുവീക്കം വരാനുള്ള സാധ്യത ഇല്ലാതാക്കാം.
പാലിലെ കൊഴുപ്പിന് പുല്ലും വൈക്കോലും നല്‍കാം
സാധാരണയായി ജേഴ്‌സി, സങ്കരയിനങ്ങള്‍ക്ക് കൊഴുപ്പ് കൂടുതലും, ഫ്രീഷ്യന്‍ ഇനങ്ങള്‍ക്ക് കുറവുമായിരിക്കും. ഇങ്ങനെ പാരമ്പര്യ സ്വഭാവമായി കൊഴുപ്പ് കുറയാം. കൂടാതെ പാലുത്പാദനം കൂടുമ്പോഴും പ്രസവിച്ച ആദ്യമാസങ്ങളിലും കൊഴുപ്പിന്റെ അളവ് കുറയാം. ഇത് തടയാന്‍ പുല്ലും, വൈക്കോലും ആവശ്യാനുസരണം കൊടുക്കണം. അന്നജാഹാരങ്ങള്‍ കൂടുതലാണെങ്കില്‍ അത് കുറയ്ക്കണം. വിനാഗിരി ദിവസവും 100 മില്ലീ ലിറ്റര്‍ വെള്ളവുമായി ചേര്‍ത്ത് ഒരാഴ്ചക്കുള്ളില്‍ കൊടുക്കുക. തേങ്ങാപ്പിണ്ണാക്ക്, പരുത്തിക്കുരു പിണ്ണാക്ക്, പച്ചപ്പുല്ല് എന്നിവ നല്‍കുന്നതും കൊഴുപ്പ് കൂട്ടും.