Friday
22 Jun 2018

എയര്‍പോര്‍ട്ട് എങ്ങനെ നടത്തണമെന്ന് എനിക്കറിയാം, ഇന്‍ഡിഗോയൊട് തട്ടിക്കയറി സാല്‍വെ

By: Web Desk | Tuesday 5 December 2017 7:51 PM IST

ന്യൂഡല്‍ഹി: എയര്‍പോര്‍ട്ട് എങ്ങനെ നടത്തണമെന്ന് എനിക്കറിയാം രാജ്യത്തെ എണ്ണം പറഞ്ഞ അഭിഭാഷകരിലൊരാളായ ഹരീഷ് സാല്‍വെ ഡല്‍ഹി അന്ത്രാരാഷ്ട്ര വിമാനത്താവളത്തിനായി (ഡിയാല്‍) കോടതിയില്‍ ഹാജരായപ്പോള്‍ പറഞ്ഞവാക്കുകളാണിത്. സാല്‍വേയുടെ വിമര്‍ശന ശരം ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നേരെയായിരുന്നു. ഓപ്പറേറ്റിംഗ് ടെര്‍മിനലുകള്‍ മാറ്റിയതിനെ തുടര്‍ന്നാണ് വിമാനത്താവള അധികൃതരുടെ നടപടിക്കെതിരെ ഇന്‍ഡിഗോ കോടതിയെ സമീപിച്ചത്.
പുതുതായി നിര്‍മ്മിച്ച ടെര്‍മിനല്‍ രണ്ടിലേക്കാണ് നിലവിലെ ടെര്‍മിനല്‍ ഒന്നിന്റെ പ്രവര്‍ത്തനം മാറ്റിയത്. ഇത് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നാണ് ഇന്‍ഡിഗോയുടെ നിലപാട്. അതേസമയം, യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പ്രതികരിച്ചു. അപ്രതീക്ഷിതമായി ഒരു ഭീകരാക്രമണമോ, തീപിടിത്തമോ പോലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് പുതിയ പരിഷ്‌കാരമെന്നും എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു.
വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ നിലവില്‍ ഗോഎയര്‍, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. യാത്രക്കാരുടെ ബാഹുല്യം നിമിത്തം വന്‍ തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം ടെര്‍മിനല്‍ രണ്ടിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വര്‍ഷം തോറും 80 ലക്ഷത്തിലധികം യാത്രക്കാരാണ് ഡല്‍ഹി അന്ത്രാരാഷ്ട്ര വിമാനത്താളത്തില്‍ വന്ന് പോകുന്നത്.

Photo Courtesy: Zee News

Related News