Saturday
23 Jun 2018

പൊരുതിജയിക്കാന്‍ സ്ത്രീസമൂഹം ശക്തി പ്രാപിക്കണം

By: Web Desk | Monday 21 August 2017 1:54 AM IST

ഓഗസ്റ്റ് 11ലെ സ്ത്രീയുഗത്തില്‍ ‘മുഖം മറയ്‌ക്കേണ്ടത് അവളല്ല, അവന്‍’ എന്ന ശീര്‍ഷകത്തില്‍ വന്ന ഫീച്ചര്‍ വായിച്ചു.
രാത്രി ഒറ്റയ്ക്ക് കാറില്‍ യാത്ര ചെയ്ത ഐഎഎസ് ഓഫീസറുടെ മകള്‍ക്കുപിന്നാലെ ദുഷ്ടലാക്കോടെ മണിക്കൂറുകളോളം കാറില്‍ പിന്തുടര്‍ന്നു ശല്യം ചെയ്ത ഹരിയാന ബിജെപി അധ്യക്ഷന്റെ മകനും കൂട്ടാളിയും പൊലീസ് പിടിയിലായ വാര്‍ത്തയെക്കുറിച്ചും, സ്ത്രീസമൂഹം മാനം കാക്കാന്‍ സ്വീകരിക്കേണ്ടതായ മുന്‍കരുതലുകള്‍ വിശദമാക്കിയുമാണ് വര്‍ണിക കുന്ദുവെന്ന 29കാരി സ്ത്രീസമൂഹത്തിന് സ്ത്രീയുഗത്തിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്.
അര്‍ധരാത്രി സ്ത്രീകള്‍ തനിച്ചു സഞ്ചരിക്കാന്‍ പാടില്ലെന്നും രാത്രിയില്‍ എവിടേക്കു പോകുന്നു എന്തിനു പോകുന്നു എന്നൊക്കെ ചികഞ്ഞ് വര്‍ണികയെ പ്രതിസ്ഥാനത്തു നിര്‍ത്താനാണ് ചില ജനരക്ഷകര്‍ കിണഞ്ഞുപരിശ്രമിച്ചതെന്നതും ശ്രദ്ധേയമാണ്. പാതിരാത്രിയില്‍ സ്ത്രീകള്‍ യാത്ര ചെയ്യരുതെന്നും അഥവാ, യാത്ര ചെയ്താല്‍ കൂട്ടില്‍ നിന്നഴിച്ചു വിട്ട വേട്ട മൃഗങ്ങള്‍ തക്കം പാര്‍ത്തു നില്‍ക്കുന്നുണ്ടാവുമെന്നുമല്ലെ മഹാന്മാരുടെ വിശകലനത്തില്‍ നിന്ന് പൊതുജനം വിശ്വസിക്കേണ്ടത്? സ്ത്രീവേട്ടകള്‍ രാജ്യവ്യാപകമായി വര്‍ധിച്ചുവരുമ്പോഴും ഫലപ്രദമായ അനേ്വഷണവും ശിക്ഷാനടപടികളുമൊക്കെ ഇന്നും അതിവിദൂരെയാണെന്നു തെളിയിക്കുന്ന കണക്കുകളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നുതന്നെ വെളിപ്പെടുന്നത്. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ 51 ശതമാനം വര്‍ധിച്ചുവെന്നും രേഖപ്പെടുത്തിയ കേസുകളില്‍ നാലിലൊന്നുപോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നതുമായ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്.
അനേ്വഷണങ്ങള്‍ ഇഴഞ്ഞുനീങ്ങുമ്പോള്‍ മാനഹാനികൊണ്ട് അസ്വസ്ഥരാകുന്ന സ്ത്രീകള്‍ ജീവിതമവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയും, തേഞ്ഞുമാഞ്ഞു പോകുന്ന കേസുകള്‍ ബാധിക്കാത്തതിനാല്‍ അക്രമി വര്‍ഗം ശക്തിപ്രാപിക്കുകയും ചെയ്യുന്നു. ഈ നില മാറിയേ തീരൂ. പുരുഷവര്‍ഗത്തെപോലെ സ്ത്രീവര്‍ഗത്തിനും ഭയാശങ്കകളില്ലാതെ ജീവിക്കാനാവണം. സ്വന്തം ആവശ്യം നിറവേറ്റാന്‍ രാത്രിയിലും യാത്ര ചെയ്യാന്‍ സ്ത്രീകള്‍ക്കാവണം.
പേരും പെരുമയുമുള്ളവരുടെ മക്കളാണെന്ന ഹുങ്കില്‍ അര്‍ധരാത്രിയില്‍ മണിക്കൂറുകളോളം പിന്തുടര്‍ന്നു ശല്യം ചെയ്ത പകല്‍ മാന്യനേയും കൂട്ടാളിയേയും അഴിക്കകത്താക്കാന്‍ പൊരുതി ജയിച്ച വര്‍ണിക സ്വീകരിച്ച നടപടികള്‍ സ്ത്രീസമൂഹം മാതൃകയാക്കണം.
സി ബാലകൃഷ്ണന്‍
ചക്കരക്കുളമ്പ്, മണ്ണാര്‍ക്കാട്‌

Related News