Wednesday
22 Aug 2018

ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടർ അവതരിപ്പിച്ച്  ഐബിഎം

By: Web Desk | Saturday 24 March 2018 3:45 PM IST

ലോകത്തിലെ തന്നെ ചെറിയ കമ്പ്യൂട്ടർ അവതരിപ്പിച്ച്  ഐബിഎം. കമ്പ്യൂട്ടറിന്‍റെ വലിപ്പം 1×1 മില്ലിമീറ്റര്‍ . കമ്പ്യൂട്ടറിന്‍റെ നിര്‍മ്മാണ ചെലവ് വെറും ഏഴു രൂപ മാത്രമാണ്.

കമ്പ്യൂട്ടറില്‍ x86 ശേഷിയുള്ള ചിപ്പ് ഉള്‍ക്കൊള്ളിച്ചാണ് ഐബിഎം പുറത്തിറക്കിയത്. പത്ത് ലക്ഷത്തോളം ട്രാന്‍സിസ്റ്ററുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ കമ്പ്യൂട്ടര്‍ നേരെ ചൊവ്വെ കാണാന്‍ മൈക്രോസ്‌കോപിന്‍റെ സഹായം ആവശ്യമാണ്. ഐബിഎമ്മിന്‍റെ 5 ഇന്‍ 5 എന്ന പ്രൊജക്ടിന്‍റെ ഭാഗമായാണ് കുഞ്ഞന്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തത്. ഭാവിയുടെ അഞ്ച് ടെക്‌നോളജികളില്‍ ഐബിഎം നടത്തുന്ന പരീക്ഷണങ്ങളാണ് 5 ഇന്‍ 5 പ്രൊജക്‌ട്.

ഇതിന്‍റെ പ്രവര്‍ത്തനം സോളാര്‍ സെല്‍ ഉപയോഗിച്ചാണ് . നിരീക്ഷണത്തിനും വിശകലനത്തിനും ആശയവിനിമയത്തിനും ശേഷിയുള്ളതാണ് പുതിയ കമ്പ്യൂട്ടര്‍. സ്റ്റാറ്റിക് റാം ആണ് മെമ്മറിക്കായി ഉപയോഗിക്കുന്നത്. എല്‍ഇഡിയും ലൈറ്റ് സെന്‍സറും ഉപയോഗിച്ച്‌ കമ്മ്യൂണിക്കേഷന്‍ നടത്താനും കമ്പ്യൂട്ടറിനാവാം. ബ്ലോക്ക് ചെയിന്‍, കൃത്രിമ ബുദ്ധി, എന്‍ക്രിപ്ഷന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ക്രിപ്‌റ്റോ ആങ്കേഴ്‌സ് എന്നീ ടെക്‌നോളജികളിലാണ് 5 ഇന്‍ 5 ന്റെ പരീക്ഷണം.