Saturday
23 Jun 2018

ആശയങ്ങളുടെ രക്തസാക്ഷിത്വം

By: Web Desk | Tuesday 12 September 2017 1:47 AM IST

ഡോ. കെകെഎന്‍ കുറുപ്പ്‌

ആശയപ്രകടനവും അതിന്റെ പ്രവര്‍ത്തനങ്ങളും ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ അടിസ്ഥാനശിലയാണ്. അതിനെ അടിച്ചമര്‍ത്തുകയും അതിന്റെ പ്രകടനത്തിനാവശ്യമായ പശ്ചാത്തലം നിഷേധിക്കുകയും ചെയ്യുമ്പോള്‍ അത് ഏകാധിപത്യ പ്രവണതയുള്ള ഫാസിസ്റ്റ് സ്റ്റേറ്റായി രൂപാന്തരപ്പെടുന്നു. സമകാലീന ഇന്ത്യയില്‍ ഇന്ന് നടക്കുന്ന പല പ്രവര്‍ത്തനങ്ങളും ഇത്തരം ഒരു ഘട്ടത്തിലേക്ക് കടന്നുചെല്ലുന്നു. അതിന്റെ ഏറ്റവും അവസാനത്തെ ഒരു ഉദാഹരണമാണ് മനുഷ്യാവകാശ പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയും പത്രപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ വധമെന്നു പറയാം. വധത്തിന്റെ കാരണം അവരുടെ എന്തുവിധ പ്രവര്‍ത്തനമാണെന്നു വാദിച്ചാലും വ്യാഖ്യാനിച്ചാലും ഇന്ത്യയില്‍ മുമ്പെങ്ങും കാണാത്തവിധം ആശയപ്രകടനത്തിന്റെ സ്വാതന്ത്ര്യത്തെ ശാരീരിക വിധ്വംസനത്തിലൂടെ അഥവാ തോക്കിന്‍ കുഴലിലൂടെ ഇല്ലാതാക്കുന്ന ഒരു പ്രവണത വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
റൂസോ ഒരവസരം എഴുതിയതെല്ലാം ചവറുകളാണെന്നായിരുന്നു വോള്‍ട്ടയറിന്റെ വാദം. എന്നാല്‍ ആ ആശയപ്രകടനത്തിനു വേണ്ടി താന്‍ മരിക്കുവാന്‍ തയാറാണെന്നും അദ്ദേഹം എഴുതുമ്പോള്‍ ജനാധിപത്യത്തിന്റെ വസന്തകാലമാണ് ആശയ പ്രകടനത്തിന്റെ സ്വാതന്ത്ര്യം എന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നു.
കൊളോണിയല്‍ ഭരണത്തിനു കീഴില്‍പോലും സ്റ്റേറ്റിനെതിരായിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളായിരുന്നു രാജ്യദ്രോഹവും, രാജദ്രോഹവുമായി വ്യാഖ്യാനിക്കപ്പെട്ടത്. എന്നാല്‍ അത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താത്ത എഴുത്തുകാരിയെ സന്നദ്ധസംഘങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ പ്രത്യേക രാഷ്ട്രീയ സമീപനത്തിന്റെ പേരില്‍ ജീവിതം നിഷേധിക്കുന്നുവെന്നതും സ്റ്റേറ്റ് മൗനസമ്മതത്തോടെ അതംഗീകരിക്കുന്ന വിധം നോക്കിനില്‍ക്കുന്നുവെന്നതും ഇന്ത്യന്‍ ജനാധിപത്യം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.
തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഹിറ്റ്‌ലര്‍, മുസോളിനി പ്രഭൃതികള്‍ നയിച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ ഇന്ത്യയിലെ പല സംഭവങ്ങള്‍ക്കും സമാനമായിരുന്നുവെന്നു കാണാം. അതുകൊണ്ട് ഫാസിസത്തിന്റെ വഴിയിലേക്കാണോ ഈ രാഷ്ട്രം നീങ്ങുന്നതെന്നു നമ്മള്‍ സംശയിക്കേണ്ടിയിരുന്നു. ചരിത്രവും ചരിത്രത്തിന്റെ വഴികളും നിഷേധിച്ചുകൊണ്ട് പുതിയ വ്യാഖ്യാനങ്ങള്‍ രചിച്ചുകൊണ്ട് ഒരു ഹൈന്ദവരാഷ്ട്രം സങ്കല്‍പ്പിക്കുന്നവര്‍ ഹൈന്ദവ മതം എന്തെന്നു മനസിലാക്കാത്ത പല്ലവഗ്രാഹികളാണ്. അത് സെമിറ്റിക്ക് മാതൃകയിലുള്ള ഒരു മതമല്ലെന്നും ഒരു ജീവിതരീതിയാണെന്നും അതിന്റെ ഏറ്റവും ശക്തമായ അടിസ്ഥാനം ധര്‍മമാണെന്നും അതിനെ നിഷേധിച്ചുകൊണ്ട് മൗലികവാദത്തെ അടിസ്ഥാനമാക്കി ഒരു മതം കെട്ടിപ്പടുക്കുവാനും ഇവിടെ ഭരണകൂടം ശ്രമിക്കുകയും ആ ശ്രമം പ്രോത്സാഹിപ്പിക്കുകയുമാണെന്ന് നമ്മള്‍ക്കറിയാവുന്നതാണ്. പശുപാലനവും പശുഹത്യയും അതിന്റ ആയുധങ്ങളാക്കി മാറ്റിക്കൊണ്ട് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. എന്നാല്‍ ധര്‍മം എന്ന ആശയം തന്നെ മറ്റുള്ളവനോട് ചെയ്യുന്ന ഉപകാരം പോലെ പുണ്യവും അവനോടു ചെയ്യുന്ന ദ്രോഹം പോലെ പാപവും ഇല്ലെന്നു സ്വയം വ്യാഖ്യാനിക്കുന്നു. സ്വയം ധരിക്കപ്പെടുന്നതാണ് ധര്‍മമെന്നു പറയപ്പെടുന്നു.
നരമേധം ഒരു രാഷ്ട്രത്തിന് ഒരിക്കലും ഭൂഷണമല്ലെന്നിരിക്കേ അതിനെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളും കൂട്ടായ്മകളും സ്വയം രാജ്യദ്രോഹ കുറ്റങ്ങളിലേര്‍പ്പെടുകയുമാണ്. ഗാന്ധിജിയുടെ വധത്തിനു കാരണക്കാര്‍ ബ്രിട്ടീഷുകാരായിരുന്നില്ല. ഇന്ത്യന്‍ മണ്ണില്‍ ജീവിച്ചുവളര്‍ന്നവരാണെന്നു കാണുമ്പോള്‍ ഇന്ത്യന്‍ സാംസ്‌കാരിക ധാരയിലെ ശ്രദ്ധേയരായ വ്യക്തിത്വങ്ങളെ ശാരീരികമായി ഇല്ലായ്മ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു ആധുനിക രാഷ്ട്രത്തിനു ഭൂഷണമല്ലെന്നുകാണാം. ഭൂരിപക്ഷത്തിന്റെ വര്‍ഗീയതയും അതുപോലെ ന്യൂനപക്ഷത്തിന്റെ വര്‍ഗീയതയും ഒരു രാഷ്ട്രത്തിന്റെ നിലനില്‍പിനെത്തന്നെ അപകടപ്പെടുത്തുകയാണ്. അതിനെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണാധികാരികളും ആ അപകടത്തെ ത്വരിതപ്പെടുത്തുകയാണ്. സ്റ്റേറ്റിന്റെ എല്ലാവിധ ഉപകരണങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് സ്വയം ആദര്‍ശവല്‍ക്കരിക്കുവാന്‍ അവര്‍ ശ്രമിക്കുമ്പോള്‍ രാഷ്ട്രത്തിന്റെ പതനം സംഭവിക്കുന്നു. ജര്‍മനിയിലും ഇറ്റലിയിലും സ്‌പെയിനിലും എല്ലാം അത്തരം പതനങ്ങള്‍ക്ക് ചരിത്രം സാക്ഷ്യം വഹിച്ചു. എന്നാല്‍ കര്‍മഭൂമിയായ ഭാരതത്തില്‍ ജീവിക്കുമ്പോള്‍ ഇന്ത്യയുടെ ഓരോ പൗരനും ഭരണഘടനാനുസൃതമായ ഒരു സ്വാതന്ത്ര്യമുണ്ട്. അതിനെ നിഷേധിക്കുവാന്‍ ആര്‍ക്കും അവകാശമില്ല. രാമരാജ്യം സ്വപ്‌നം കാണുന്നവര്‍ രാമന്റെ ധര്‍മബോധത്തിന്റെ വ്യാപ്തികൂടി മനസിലാക്കേണ്ടിയിരിക്കുന്നു. സീതയ്ക്ക് പാതിവ്രത്യഭംഗം സംഭവിച്ചുവെന്നു പറയുന്ന വെളുത്തേടന്‍ വധിക്കപ്പെട്ടില്ലെന്നതാണ് ഐതിഹ്യം. ഇവിടെ ഗൗരി ലങ്കേഷ് വധിക്കപ്പെടുമ്പോള്‍ ഒരു ആശയം തന്നെ രക്തസാക്ഷിത്വം വരിക്കുന്നു.