Friday
21 Sep 2018

ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പേരിലുള്ള ആരോപണങ്ങള്‍ ശരിവച്ച് കെസിഎ പ്രസിഡന്റ് ബി.വിനോദ് രാജിവച്ചു

By: Web Desk | Saturday 17 February 2018 10:19 PM IST

കൊച്ചി: സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പേരിലുള്ള ആരോപണങ്ങള്‍ ശരിവച്ച് ഇടക്കാല റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ കെസിഎ പ്രസിഡന്റ് ബി. വിനോദ് രാജിവച്ചു. കോട്ടയത്തു നിന്നുള്ള റോംഗ്ലിന്‍ ജോണ്‍ ആണ് പുതിയ പ്രസിഡന്റ്. കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന കെസിഎ സെന്‍ട്രല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷനെതിരെ നടപടിയെടുത്തതും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതും. സാജന്‍ കെ. വര്‍ഗീസ് (പത്തനംതിട്ട), അബ്ദുറഹ്മാന്‍ (കാസര്‍കോഡ്) എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.
തൊടുപുഴയിലെ കെസിഎയുടെ ഭൂമിയില്‍ അനധികൃതമായി പാറപൊട്ടിക്കാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളിലാണ് വിനോദിന്റെ പേര് ഉയര്‍ന്നു വന്നത്. പാറപൊട്ടിക്കലില്‍ വന്‍ അഴിമതി നടന്നതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു. ഈ സമിതി നടത്തി അന്വേഷണത്തില്‍ മണ്ണും കല്ലും നീക്കം നീക്കിയതില്‍ വന്‍സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തി. പിന്നീട് അഴിമതി സംബന്ധിച്ച് പരിശോധിക്കാന്‍ ഓംബുഡ്‌സ്മാനെയും നിയോഗിച്ചിരുന്നു. ഓംബുഡ്‌സ്മാന്റെ അന്വേഷണത്തിലും ക്രമക്കേട് നടന്നതായി കണ്ടെത്തി. ടി.സി. മാത്യുവിനോട് 4.50 ലക്ഷം തിരിച്ചടയ്ക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതുവരെ തുക തിരിച്ചടയ്ക്കാന്‍ ടി.സി. മാത്യു തയ്യറായിട്ടില്ല. ഇതിനിടെയാണ് അന്വേഷണ റിപോര്‍ട്ട് ഇന്നലെ ചര്‍ച്ച ചെയ്ത സെന്‍ട്രല്‍ കൗണ്‍സില്‍ ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷനെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്. ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധിയായ ബി. വിനോദ് കെസിഎയിലെ അംഗത്വം നഷ്ടമായതോടെ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് ലോധ കമ്മിറ്റിയുടെ മാനദണ്ഡപ്രകാരം ടി.സി. മാത്യു കെസി
എയില്‍ നിന്നും ഒഴിവായതോടെയാണ് അടുപ്പക്കാരനായ വിനോദ് തലപ്പത്തേക്ക് എത്തിയത്.