Monday
18 Dec 2017

ആണവ ആക്രമണത്തിന് ട്രംപ് ഉത്തരവിട്ടാല്‍ നിരസിക്കുമെന്ന് വ്യോമസേനാ മേധാവി

By: Web Desk | Monday 20 November 2017 11:19 PM IST

വാഷിങ്ടണ്‍:

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് വ്യോമസേനാ മേധാവി. ട്രംപ് നിയമവിരുദ്ധമായി ആണവ ആക്രമണത്തിന് ഉത്തരവ് പുറപ്പെടുവിച്ചാല്‍ നിരസിക്കുമെന്ന് വ്യോമസേന ജനറല്‍ ജോ ഹെയ്റ്റന്‍ വ്യക്തമാക്കി. ആണവ ആക്രമണത്തിന് പകരം എന്തെന്ന് ചിന്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുമെന്നും ജോ പറഞ്ഞു. യുഎസിലെ സമുന്നത ആണവ കമാന്ററായ അദ്ദേഹം നോവ സ്‌കോട്ടിയയില്‍ നടന്ന ഹാലിഫാക്‌സ് അന്താരാഷ്ട്ര സുരക്ഷ ഫോറത്തില്‍ വച്ച് വിശദീകരിച്ചു.
പ്രസിഡന്റിന്റെ ഈ ഉത്തരവ് നിരസിച്ചത് മൂലം ഭാവി ജിവിതം ജയിലില്‍ ചിലവഴിക്കാനും താന്‍ ഒരുക്കമാണെും അദ്ദേഹം വ്യക്തമാക്കി.ഫോറത്തില്‍ നടന്ന ന്യൂക്‌സ്: ദ ഫയര്‍ ആന്റ് ഫ്യൂറി എന്ന സംവാദത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അമേരിക്കന്‍ ആണവായുധങ്ങളുടെ ചുമതലയുള്ള യുഎസ് സ്‌ട്രേറ്റജിക് കമാന്റിന്റെ മേധാവിയെന്ന് ചടങ്ങിന്റെ വീഡിയോ റെക്കോഡിംഗ് നടത്തിയ ഫേസ്ബുക്ക് പേജ് വ്യക്തമാക്കുന്നു. എന്നാല്‍ എന്താണ് നിയമവിരുദ്ധമായ ആക്രമണ ഉത്തരവ് അദ്ദേഹം വിശദീകരിച്ചില്ല. തനിക്ക് സായുധ സംഘര്‍ഷങ്ങളുടെ നിയമത്തില്‍ 36 വര്‍ഷത്തെ പരിചയമുണ്ട്, ഇത്തരം തീരുമാനങ്ങള്‍ ആനുപാതിക പ്രതികരണങ്ങളുടെയും അത്തരത്തിലുള്ള ഒരു ആക്രമണം ഉണ്ടാക്കാവുന്ന അനാവശ്യ ദുരിതങ്ങളും കൂടി കണക്കിലെടുത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് നിയമപരമായിട്ടുള്ളതെന്ന് പ്രസിഡന്റ് ആരായുമ്പോള്‍ നിരവധി സാധ്യതകള്‍ ഉരുത്തിരിഞ്ഞുവരും. നിശ്ചിത സാഹചര്യങ്ങളെ നേരിടാനുള്ള ശേഷികളുടെ പര്യാപ്തതയെ കുറിച്ചുള്ള അത്തരം ചര്‍ച്ചകള്‍ ഗുണകരമാവുമെന്നും അതിനാല്‍ അത്തരം ചര്‍ച്ചകള്‍ സങ്കീര്‍ണമായിരിക്കില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.
സൈന്യം നിയമപരമായ ഉത്തരവുകള്‍ മാത്രം പാലിച്ചാല്‍ മതിയാകുമെന്ന് 2011 മുതല്‍ 2013 വരെ സ്ട്രാറ്റജിക് കമാന്റിന്റെ ചുമതല വഹിച്ചിരുന്ന വിരമിച്ച ജനറല്‍ റോബര്‍ട്ട കെല്‍ഹര്‍ ഈ മാസം ആദ്യം ഒരു കോണ്‍ഗ്രസ് സമിതിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ഡൊണാള്‍ഡ് ട്രംപ് ഉത്തരകൊറിയയ്‌ക്കെതിരെ ആവര്‍ത്തിച്ച് ഭീഷണികള്‍ മുഴക്കുന്നതിനിടയിലാണ് ഹെയ്ന്റണിന്റെ അഭിപ്രായങ്ങള്‍ പുറത്തുവരുന്നത്.

Related News