Wednesday
23 Jan 2019

നമ്മള്‍ നന്നായില്ലെങ്കില്‍ ക്യാമറകള്‍ കിടക്കമുറിയില്‍ പോലും വേണ്ടിവരും

By: Web Desk | Tuesday 15 May 2018 10:22 PM IST

ഹരികുറിശേരി

നം മര്യാദപഠിക്കട്ടെ, തേയ്ക്കാന്‍ മറന്ന എണ്ണധാരകോരേണ്ടിവന്നു എന്നൊരു പഴഞ്ചൊല്ലുണ്ട്. അതുപോലെ നിയമങ്ങളെ അനുസരിക്കാന്‍ മടിക്കുന്നവരെ അനുസരിപ്പിക്കുന്ന റോളിലേക്കുമാറിയിരിക്കയാണ് സിസിടിവി ക്യാമറകള്‍. നാട്ടില്‍ പലപ്രമാദമായ കേസുകളിലും മുഖ്യസാക്ഷിയായപ്പോഴേക്കും സിസിടിവി ഒരു ഹീറോപരിവേഷം നേടിക്കഴിഞ്ഞു. ഏതെങ്കിലും കുറ്റകൃത്യം നടന്നതായി വിവരം ലഭിക്കുമ്പോള്‍ പൊലീസ് പരിസരത്തെ സിസി ടിവികളെ തേടുന്ന പ്രവണത വര്‍ദ്ധിച്ചിട്ടുണ്ട്.
വിഖ്യാത ഇംഗ്ലീഷ് എഴുത്തുകാരന്‍ ജോര്‍ജ്ജ് ഓര്‍വെലിന്റെ 1984 എന്ന മാസ്റ്റര്‍ പീസ് നോവലില്‍ പൊതു സ്വകാര്യ ഇടങ്ങളില്‍ ഭരണകൂടം സ്ഥാപിച്ച ടെലി സ്‌ക്രീനുകള്‍ നിയന്ത്രിക്കുന്ന ജീവിതം വര്‍ണിക്കുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യം എന്നൊന്നില്ലാത്ത ലോകത്ത് ഭക്ഷണവും വ്യായാമവും പ്രേമവും ജോലിചെയ്യലും എല്ലാം നിയന്ത്രിക്കുന്നത് ടെലിസ്‌ക്രീനുകളാണ്. എവിടെയോ വല്യേട്ടന്‍ നിന്നെ കാണുന്നുണ്ട് എന്ന സങ്കല്‍പത്തിലും ഭയത്തിലുമാണ് ജീവിതം.
നമ്മുടെ ഇടവഴികളേയും ഇടനാഴികളെയും ടെലിസ്‌ക്രീനിനു പകരം ഇന്ന് സിസിടിവി ക്യാമറകള്‍ നിയന്ത്രിച്ചു തുടങ്ങിയിരിക്കുന്നു. ഇടവഴിയിലെ മാലിന്യനിക്ഷേപത്തിനും സാമൂഹിക വിരുദ്ധ അക്രമത്തിനും കവര്‍ച്ചക്കും ഒക്കെ സിസി ടിവി തെളിവു നല്‍കുകയാണ്. വളപ്പിലും ഓഫീസിലും അച്ചടക്കം നിയന്ത്രിക്കുന്ന മേലധികാരിയുടെ റോളിലേക്ക് സിസിടിവി കടന്നു കഴിഞ്ഞു. സ്വാതന്ത്ര്യത്തിന്റെ ചോദ്യം ചെയ്യലായി സിസിടിവിയെ കണ്ടവര്‍ തങ്ങള്‍ക്ക് ചോദ്യം ചെയ്യാനാവാത്ത പലയിടത്തും അത് കണ്ട് മൗനമായി മര്യാദക്ക് നടക്കേണ്ട അവസ്ഥയുണ്ട്.
മര്യാദക്കാണെങ്കില്‍ പേടിക്കേണ്ട എന്നതാണ് സിസിടിവിയുടെ അടിസ്ഥാന പ്രമാണം. നിങ്ങള്‍ സിസിടിവി പരിധിയിലാണെന്ന അറിയിപ്പുകൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം എന്ന പ്രശ്‌നത്തെ നിസാരമായി മറികടക്കുന്നു. പലയിടത്തും ബോര്‍ഡുവയ്ക്കുന്ന പതിവുമില്ലാതായിട്ടുണ്ട്. പൊതു സ്വകാര്യ ഇടങ്ങളില്‍ എവിടെ വേണമെങ്കിലും സിസിടിവി ഉണ്ടാകാം എന്നപൊതു തത്വം മോഷ്ടാക്കള്‍ പോലും അംഗീകരിച്ചു കഴിഞ്ഞു.അച്ചടക്കത്തിന്റെ ചിലവുകുറഞ്ഞ വക്താവായി സിസിടിവി അതിദ്രുതം മാറുകയാണ്. നിശബ്ദ നിരീക്ഷകന്‍ എന്ന നിലയില്‍ നമുക്കുചുറ്റുമുള്ള നൂറുകണക്കിന് ക്യാമറകളെപ്പറ്റി ആരും ഉത്ക്കണ്ഠപ്പെടുന്നില്ല. മറിച്ച് പാസഞ്ചര്‍ ട്രയിനുകളിലും ബസുകളിലും കൂടി അവനുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണ്.
സൂപ്പര്‍ മാര്‍ക്കറ്റുകളിലും ടെക്സ്റ്റയില്‍ ഷോപ്പുകളിലും ഇരട്ടചുമതലയുള്ള ജോലിക്കാരനായി ടെലിക്യാമറ മാറിയിട്ടുണ്ട്. മോഷണം തടയാനെന്നപേരില്‍ സ്ഥാപിച്ച ക്യാമറ ജീവനക്കാരനുമീതേ മേല്‍നോട്ടക്കാരന്റെ അധികാരവും അതേസമയം തന്നെ പ്രയോഗിക്കുന്നുണ്ട്. പലയിടത്തും ജീവനക്കാരെ വിശ്രമിക്കാതെ പണിയെടുപ്പിക്കുന്നതും പിരിച്ചുവിടുവിക്കുന്നതും സിസിടിവി ഫുട്ടേജുകളാണ്.
അയ്യായിരം രൂപ ശമ്പളം വാങ്ങുന്ന ടെക്സ്റ്റയില്‍ ജീവനക്കാരിക്കുമീതേ വച്ച ക്യാമറയോടു മൗനം പാലിച്ച നിങ്ങള്‍ക്ക് എങ്ങനെ അമ്പതിനായിരം ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരനുമീതേ അതുപാടില്ലെന്നു പറയാനാകും.സിസിടിവി ഞങ്ങളുടെ അവകാശത്തിന്റെ ലംഘനമാണെന്നു പറയാനാകുമോ, പഞ്ചിങിനുപിന്നാലെ സിസിടിവിയും ഓഫീസുകളില്‍ എത്തുമെന്ന് ഉറപ്പാണ്.
സ്വകാര്യമേഖലയില്‍ ഇതിനോടകം ഓവര്‍സീയര്‍ പദവി നേടിയ സിസിടിവി ബാങ്കുകളിലും തൊഴില്‍മികവുകാട്ടിക്കഴിഞ്ഞിട്ടുണ്ട്. ബാങ്കുകളിലെ കൗണ്ടറുകളിലെ സിസിടിവി ഇന്ന് പലയിടത്തും അധികം നല്‍കിയ നോട്ടുകെട്ടു തിരികെ വാങ്ങുന്നതിനും ഉപകരിക്കുന്നുണ്ട്. അതിനെ തൊഴില്‍ ശല്യമെന്ന പേരില്‍ ആരും എതിര്‍ത്തിട്ടില്ല. അപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് സിസിടിവി വരുന്നത് ഇരുതരത്തില്‍ ഗുണമല്ലേ എന്നു ജനം ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. കളക്ടര്‍ക്ക് തഹസില്‍ദാരെയും അവര്‍ക്ക് വില്ലേജ് ഓഫീസര്‍മാരെയും വിളിക്കാതെ കാണാമെന്നത് ചെറിയ കാര്യമല്ലല്ലോ. ജയിലുകളില്‍ സാധനം എന്നേ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും അതു മര്യാദക്ക് പ്രവര്‍ത്തിക്കുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്.
മൊബൈല്‍ ഫോണുകള്‍ നമ്മെ ട്രാക്കുചെയ്തു തുടങ്ങിയിട്ട് കാലം കുറേയായി. മിക്കകുറ്റകൃത്യങ്ങളിലും മുഖ്യസാക്ഷിയാകുന്നത് മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ രേഖപ്പെടുത്തലുകളും വിളികളുമാണ്. ടിപി വധം,ജിഷ വധം,നടി മാനഭംഗം എന്നീ പ്രമാദ കേസുകളില്‍ മൊബൈല്‍ ഫോണ്‍ സാക്ഷ്യം പറഞ്ഞുവിജയിച്ചിട്ടുണ്ട്.
ശരീരത്തില്‍ പിടിപ്പിച്ച ചിപ്പുകള്‍ വഴി കൃത്യസമയത്ത് ഉണരുകയും കൃത്യമായി ജോലിചെയ്യുകയും കൃത്യമായി ഉറങ്ങുകയും ഒക്കെ ചെയ്യുന്ന സൈബോര്‍ഗുകള്‍ വിദേശത്ത് പ്രിയമായി വരുന്നു. കൃത്യമായി വളര്‍ന്ന് കൃത്യമായി തീറ്റതിന്ന് കൃത്യമായി മുട്ടയിടുന്ന കോഴികളെന്നോ എഗ് ലേയിങ് മെഷീന്‍ എന്നോ വിളിക്കാവുന്ന ജീവികളെ നമ്മളിപ്പോള്‍ കാണുന്നുണ്ട്. ഇത്തരം സംവിധാനം തൊഴില്‍മേഖലയിലേക്കു പടര്‍ത്തിയ ചില രാജ്യങ്ങളുണ്ട്. മര്യാദകേടിന്റെ ഉസ്താദുമാരായ നമ്മുടെ മൂന്നാം ലോകത്തേക്ക് അവ കടന്നുവരാനിനി ഏറെക്കാലമില്ല. തീയില്‍പെട്ട ആളെ രക്ഷിക്കുന്ന റോബട്ട് ഓഫീസിലെ മേലധികാരി ആവരുതെന്ന് പറയാനാവില്ല. സിസിടിവിയും പഞ്ചിങ്‌മെഷീനും ഒരു സൗണ്ട് സിസ്റ്റവും ഒരുമിച്ച് ചേര്‍ന്നാല്‍ റോബട്ടിക് ഓവര്‍ സീയര്‍ ആയിക്കഴിഞ്ഞു. വിരലടയാളവും കൃഷ്ണമണിയും രേഖപ്പെടുത്തിയ ആധാര്‍ പഞ്ചുചെയ്ത മൊബൈലുമായി ഭാവികാലജീവിതം തുടരാന്‍ തീരുമാനിച്ചുകഴിഞ്ഞ ഇന്ത്യയിലേക്ക് ഇതൊക്കെ നിസാരമായി എത്തുമെന്നുറപ്പാണ്. ആളെതല്ലുന്ന പൊലീസുകാരന്റെ ഉടുപ്പിലും സ്റ്റേഷന്‍ വാതിലിലും ക്യാമറ വന്നു കഴിഞ്ഞു. മനസുമാറിയില്ലെന്നുമാത്രം.
പൊതു ജീവിതത്തില്‍ എത്ര സിനിമാ തീയറ്ററില്‍ ദേശീയ ഗാനത്തിന് സൈബോര്‍ഗ് ചേട്ടന്‍ എഴുന്നേറ്റില്ലെന്നും എത്ര ട്രാഫിക് സിഗ്നലുകള്‍ തെറ്റിച്ചെന്നും മദ്യപിച്ച് വണ്ടി ഓടിച്ചോ എന്നും കണക്കുപറയുകയും ശമ്പളത്തില്‍ നിന്നും പിഴ ഓട്ടോമാറ്റിക് ആയി പിടിക്കുകയും ചെയ്യുന്നത് ഓര്‍ത്തുനോക്കൂ. നിയമ ലംഘകന്‍ ചേട്ടന്‍ കഞ്ഞിക്കു വകയില്ലാതെ കുഴങ്ങിപ്പോവുകയില്ലേ. മര്യാദക്കു നടന്നില്ലെങ്കില്‍ ജീവിതമില്ലെന്നുവരും. ഇത്തരം ഒരു സുരഭിലകാലമാകും വരാനുള്ളത്.
എന്നാല്‍ ക്യാമറക്കാലം പകരുന്ന പുത്തന്‍ഭീതികളേയും കാണാതിരുന്നു കൂടാ. റെയില്‍വേ സ്റ്റേഷനുകളിലും ഇടവഴിയിലും അമ്മപെങ്ങന്‍മാരുടെ മാനം ക്യാമറയെ ഏല്‍പ്പിച്ച നമ്മള്‍ അര്‍മാദകേന്ദ്രങ്ങളിലും പൊതു ശൗചാലയങ്ങളിലും അവന്റെ ഒളിനോട്ടത്തെ കൂടുതല്‍ ഭയക്കേണ്ടിവരും. ഇടപ്പാള്‍ തീയറ്റര്‍ ഇത്തരം നിയമലംഘക പകല്‍മാന്യന്മാരുടെ മുഖംമൂടി ചീന്തിയത് മനസിലായല്ലോ. ഈ ഒറ്റ സംഭവം ആയിരങ്ങളുടെ മനസിലാണ് തീ കോരി എറിഞ്ഞത്. വനിതാകമ്മീഷന്‍ അംഗം കണ്ട ആലപ്പുഴ കടപ്പുറത്ത് ഇതില്ലായിരുന്നു എന്നതും ഓര്‍ക്കുക. നമ്മുടെ മര്യാദകേടുകള്‍ നമ്മുടെ പുരയ്ക്ക് അകത്തുവരെ സിസിടിവിഎത്തിക്കുമെന്നുറപ്പാണ്. രോഗിയായ അമ്മയെ സ്‌റ്റെയര്‍കേസ് കയറ്റി തള്ളിയിട്ടുകൊന്ന മകനെ നിയമത്തിനുമുന്നിലെത്തിച്ചത് പാവം സിസിടിവിയാണല്ലോ.
നമ്മള്‍ തേയ്ക്കാന്‍മറന്ന എണ്ണ ധാരകോരിക്കുകയാണ്. മൂല്യങ്ങള്‍ നഷ്ടപ്പെടുമ്പോഴും സാമൂഹിക മര്യാദകളെ അതിലംഘിക്കുമ്പോഴും കടന്നുവരുന്ന നിയമത്തിന്റെ കൈകള്‍ പോലെയാണ് ക്യാമറകള്‍. നമ്മള്‍ നന്നായിരുന്നെങ്കില്‍ നാട്ടില്‍ ക്യാമറകള്‍ കുറയുമായിരുന്നു. എന്തായാലും ക്യാമറകള്‍ പെരുകുകതന്നെയാണ്.

Related News