ചലച്ചിത്ര പഠനം തുടങ്ങേണ്ടത് ക്ലീന്‍ സ്ലേറ്റില്‍ നിന്ന്

By: Web Desk | Friday 8 December 2017 12:53 AM IST

ആഷ്‌ലി മേരി തോമസ്‌

തലസ്ഥാനം 22ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേയ്ക്ക് മിഴിതുറക്കുമ്പോള്‍ ലോകസിനിമകളില്‍ മലയാളത്തിന്റെ അഭിമാനമായ അടൂരിനൊടൊപ്പം അല്‍പ്പനേരം. സിനിമ എങ്ങനെ കാണണമെന്നതിന്റെ ബാലപാഠങ്ങള്‍ ഈ മഹാപ്രതിഭയുടെ ഗുരുമുഖത്തു നിന്നുതന്നെ അറിയാം.

1. ഇതുവരെയുള്ള ചലച്ചിത്ര നിര്‍മാണത്തിലും ആസ്വാദനത്തിലും ഐഎഫ്എഫ്‌കെ എന്ത് മാറ്റമാണ് വരുത്തിയിട്ടുള്ളത്?

ഐഎഫ്എഫ്‌കെയുടെ കാരണങ്ങളുടെ മാറ്റമാണോ എന്ന് പറയാന്‍വയ്യ, ഒരു സത്യമുള്ളത് പുതുതായി നല്ല സിനിമകള്‍ ഉണ്ടാകുന്നു എന്നതാണ്. ഇടക്കാലത്ത് വളരെ മോശമായ അവസ്ഥയായിരുന്നു. ഒരു ഫിലിം ഫെസ്റ്റിവല്‍ വന്നതുകൊണ്ട് ഉടനെ നല്ല പടം ഉണ്ടാകണമെന്നില്ല. അത് കണ്ട്, പുതിയ തലമുറയില്‍ അത് ഇറങ്ങി ചെന്ന്, അതെപ്പറ്റി കാര്യമായി ചര്‍ച്ചകള്‍ നടന്ന്, വായിച്ച് ഒക്കെ ഉണ്ടാകുന്ന ഒരു സംസ്‌കാരമാണ് വേണ്ടത്.
ഐഎഫ്എഫ്‌കെ ലോക സിനിമയിലേക്കുള്ള ഒരു വാതിലാണ്. അല്ലെങ്കില്‍ ജനാലയാണ്. ദിവസവും അഞ്ച് പടം വച്ച് കാണാന്‍ തുടങ്ങിയാലും ഒരാള്‍ക്ക് മേളയില്‍ പരമാവധി 35 സിനിമയെ കാണാനാവൂ. ആകെ 190 പടങ്ങള്‍ വരും. കാണുന്ന 35 പടങ്ങളും, നേരത്തെ തെരഞ്ഞെടുത്തത്. മനസിലാക്കി വേണം കാണാന്‍. അല്ലാതെ വെറുതെ ആദ്യം കാണുന്ന തീയറ്ററില്‍ കയറിച്ചെന്ന് കണ്ടിട്ട് കാര്യമില്ല. എന്നാല്‍, അങ്ങനെ തെരെഞ്ഞെടുപ്പ് നടത്തണമെങ്കില്‍ നമ്മുക്ക് സിനിമയെ പറ്റി  എന്തെങ്കിലും അറിവു വേണം.
ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡുകള്‍ ലഭിക്കുന്നവ ഫിലിം സൊസൈറ്റികളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍, ഇതൊക്കെ നോക്കിവേണം കാണാന്‍. അങ്ങനെ തെരെഞ്ഞെടുത്തു വരുന്ന നല്ലൊരു ശതമാനം ആളുകള്‍ ഇവിടെയുണ്ട്. അങ്ങനെ ചെയ്യുന്നവരാണ് നല്ല ആസ്വാദകര്‍. മറ്റുള്ളവര്‍ വെറും കാഷ്വല്‍ ഓഡിയന്‍സാണ്. വലിയ പ്രയോജനമൊന്നും അത്തരം കാഴ്ച്ചക്കാര്‍ക്കുണ്ടാവില്ല.
ഈ തെരഞ്ഞെടുപ്പ് വളരെ വിവേകപൂര്‍വ്വം, മുന്നറിവോടെ നടത്തണം. നമ്മുടേതിന് സമാനമായ പല അനുഭവങ്ങളും ഇതില്‍ കണ്ടേക്കാം, ജീവിതം കണ്ടേക്കാം. ചിലപ്പോള്‍ നമ്മുടെ ജീവിതവുമായി ഒരു ബന്ധവും ഇല്ലാത്ത പടവുമാകാം. അവിടെയും നമ്മള്‍ അവിടത്തെ ജീവിതമാണ് കാണുന്നത്. അല്ലാതെ വിനോദമെന്ന പേരില്‍ നടക്കുന്ന ആഭാസമല്ല. ഒരു രാജ്യത്തില്‍ നിന്നും പടം വരുമ്പോള്‍ ആ രാജ്യത്തില്‍ ജീവിതമായിരിക്കും അതിലുള്ളത്. അതില്‍ കള്ളം കാണില്ല.
അതേസമയം നമ്മുടെ നാട്ടിലെ ഒരു വാണിജ്യ സിനിമ കണ്ടാല്‍ നമ്മുടെ ജീവിതവുമായി അതിന് ഒരു ബന്ധവും ഉണ്ടാവില്ല. ജീവിത പ്രശ്‌നങ്ങളുമായി ബന്ധമില്ല, അതാണ് അതിന്റെ വ്യത്യാസം.
നമ്മുടെ നാട്ടില്‍  കുറേ കാലമായി നല്ല സിനിമകള്‍ വളരെ കുറവായിരുന്നു. ഇപ്പോള്‍ മാറ്റം വന്നുതുടങ്ങി. ചെറുപ്പക്കാര്‍ നല്ല സിനിമ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. സന്തോഷകരം, അവരെ പ്രോത്സാഹിപ്പിക്കണം.  പ്രോത്സാഹനമെന്നുവച്ചാല്‍ ഒരൗദാര്യംപോലെ ചെന്ന് കാണുക എന്നല്ല, മനസിലാക്കി കാണുക എന്നാണ്.
ഇടക്കാലത്ത് ഒരു ധാരണ ഉണ്ടായിരുന്നു, എന്തെങ്കിലും അവാര്‍ഡ് കിട്ടുന്ന പടം കാണാന്‍ രസമുണ്ടാകില്ലെന്ന്. ആ ധാരണ ആളുകള്‍ക്കിടയില്‍ നിന്നും മാറ്റണം. മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ ധാരണയാണത്. അവാര്‍ഡ് പടത്തിന്റെ ഇഴഞ്ഞുനീങ്ങല്‍, വിരസത എന്നൊക്കെ പറഞ്ഞ് എഴുതും. ഉഴപ്പന്‍ ശൈലികള്‍ ഉപയോഗിക്കും. അവരും സാധാരണ പ്രേക്ഷകരില്‍ നിന്ന് ഒട്ടും മുകളില്ല.  വിവരമുള്ളവരാണെങ്കില്‍ അത്തരത്തില്‍ എഴുതുകയില്ല.
ചില അടി ഇടി പടങ്ങള്‍ മാത്രമേ ത്രില്ല് അടിച്ച് കാണാന്‍ പറ്റുകയുള്ളു. ഗൗരവമാര്‍ന്ന സിനിമ ഒരു ധ്യാനം പോലെയാണ്. സൂക്ഷിച്ചിരുന്ന്, ശ്രദ്ധിച്ചിരുന്ന് കാണുന്നവര്‍ക്ക് മാത്രമേ ആസ്വദിക്കാന്‍ കഴിയു. അത് ശീലമില്ലാത്തവര്‍ക്ക് ഇറങ്ങി പോകാം. അവര്‍ക്ക് അവിടെ ഇരിക്കേണ്ട ആവശ്യമില്ല.
നല്ല സിനിമ എന്തെന്ന് അറിയില്ലെന്ന് മാത്രമല്ല സിനിമയെപ്പറ്റി വളരെയധികം തെറ്റിദ്ധാരണകള്‍ തുടരെ ചീത്ത സിനിമകള്‍ കണ്ടിട്ട് ആള്‍ക്കാരില്‍ ഉണ്ടായിട്ടുണ്ട്. അതാണ് പ്രശ്‌നം. ആദ്യം സ്ലേറ്റ് തുടയ്ക്കണം. പൂര്‍ണ്ണമായും തുടച്ച് കളഞ്ഞിട്ട് വേണം പുതുതായി എഴുതുവാന്‍.

2. ഈ സ്ലേറ്റ് തുടയ്ക്കല്‍, പുതിയ സിനിമാ സൗന്ദര്യ ശാസ്ത്രം എങ്ങനെ സാധ്യമാകും? മാറ്റം പ്രയാസകരം അല്ലെ?   

മാറ്റം ഏറെ പ്രയാസകരം. പലരീതിയിലാണ് ഇത് ബാധിക്കുന്നത്. ആധുനിക സിനിമ എന്നു പറഞ്ഞാല്‍ കഥ പറച്ചില്‍ മാത്രമല്ല, ഒരുപാട് കാര്യങ്ങളെ പറ്റി ഒരേ സമയം പറയുന്നുണ്ട്. പ്രധാനപ്പെട്ട സിനിമകളില്‍ കഥ ആളുകള്‍ക്ക് താല്പര്യപൂര്‍വം തീയറ്ററില്‍ ഇരിക്കാന്‍ വേണ്ടിയുള്ള ഒരു ഉപായം മാത്രമാണ്. ആളുകളെ ആകര്‍ഷിക്കാന്‍ ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് ശരിക്കും കഥ. പക്ഷെ നമ്മള്‍ കാണുന്നത് ജീവിതമായിരിക്കണം. ജീവിതത്തിന്റെ സമസ്യകള്‍, ജീവിത പ്രശ്‌നങ്ങള്‍, ജീവിക്കുന്ന ആളുകളുടെ വ്യക്തിത്വങ്ങള്‍, ഇങ്ങനെ പോകുന്ന ഒരുപാട് അന്വേഷണം.  ജീവിതം എങ്ങനെ നേരിടണം, ജീവിത പ്രശ്‌നങ്ങള്‍ എങ്ങനെയാണ് കണ്ട് മനസിലാക്കേണ്ടത്, അതില്‍ നിന്ന് എങ്ങനെ ഒളിച്ചോടാതിരിക്കാം എന്നീ ധാരണകള്‍ നമുക്ക് നല്‍കുമ്പോഴാണ് ആ സിനിമയ്ക്ക് അര്‍ഥം വരുന്നത്.
വാണിജ്യ സിനിമകള്‍ നമ്മെ ഒളിച്ചോടാനാണ് പ്രേരിപ്പിക്കുന്നത്. സത്യത്തിനുനേരെ അവ നമ്മെ കൊണ്ട് നിര്‍ത്തില്ല. ദുഃഖം വരുമ്പോള്‍ ഒരു പാട്ട്, പ്രണയം വരുമ്പോള്‍ ഒരു പാട്ട്, സന്തോഷം വരുമ്പോള്‍ വേറൊരു പാട്ട്…ഇങ്ങനെയാണ് ജീവിതമെന്ന് ധരിക്കരുത്. അങ്ങനെയുള്ള തെറ്റിദ്ധാരണകളാണ് ഇവര്‍ പരത്തുന്നത്. സമ്പന്നനായ നായകന്‍ ദരിദ്രയായ സ്ത്രീയില്‍ അനുരക്തനാകുന്ന പ്രണയം, വിഘ്‌നം തുടര്‍ന്ന് പ്രണയ സാഫല്യം. അങ്ങനൊന്നും ജീവിതത്തില്‍ സംഭവിക്കുന്നില്ല. അപ്പോള്‍, ജീവിതത്തില്‍ അനുഭവം തീരെയില്ലാത്തവരാണ് ഇത്തരം സിനിമ എടുക്കുന്നത്. കഥാ നായകനും നായികയ്ക്കും വേറെ തൊഴിലൊന്നും ഇല്ല പ്രണയം മാത്രമേ ഉള്ളു. ഏതെങ്കിലും ഒരു തൊഴില്‍ ചെയ്യുന്നവര്‍, അല്ലെങ്കില്‍ വിദ്യാര്‍ത്ഥി എന്താണ് ചെയ്യുന്നതെന്നോ പഠിക്കുന്നതെന്നോ നമ്മള്‍ അറിയും. ഇവിടെ അതൊന്നും ഇല്ല, വെറും പ്രണയികള്‍ മാത്രം.
ജീവിതവിരുദ്ധമായ ഒരു സിദ്ധാന്തം തന്നെയുണ്ട് വാണിജ്യ സിനിമയ്ക്ക്. ജീവിതത്തോട് എത്രയും അകന്ന് നില്‍ക്കുന്നുവോ അത്രയും ബോക്‌സ് ഓഫീസ് വിജയം നേടാന്‍ കഴിയുമെന്ന്. ജീവിത പ്രശ്‌നങ്ങള്‍ പറയുന്ന സിനിമ ഓടില്ലെന്നാണ്. ഒരു രീതിയില്‍ അവര്‍ പറയുന്നത് സത്യമായിരിക്കും. പകല്‍ അന്തിയോളം അധ്വാനിച്ചിട്ട് ഒക്കെ മറക്കാന്‍ വന്നിരിക്കുമ്പോള്‍ ജീവിത പ്രശനങ്ങളിലേക്ക് മുഖം തിരിച്ച് നിര്‍ത്തുന്നത് ശരിയാണോ എന്ന് അവര്‍ ചോദിക്കും. അത്തരക്കാര്‍ നേരെ കള്ളുഷാപ്പില്‍ പോകുന്നതാണ് ഇത്തിരികൂടി നല്ലത്. ജീവിത പ്രയാസങ്ങള്‍ മറക്കാന്‍ എളുപ്പം കഴിയും.
സിനിമയെ അങ്ങനെയല്ല കാണേണ്ടത്. അത് വളരെ പ്രധാനപ്പെട്ടൊരു കലാരൂപമാണ്. കണ്ട് ആസ്വദിക്കുന്നതിന് അത്യാവശ്യം തയ്യാറെടുപ്പുകള്‍ ആവശ്യമുണ്ട്. വായിച്ച്, പഠിച്ച്, പറഞ്ഞ്, ഇങ്ങനെ പല രീതിയിലും നമ്മള്‍ ആര്‍ജ്ജിക്കുന്ന അനുഭവങ്ങളും അറിവുകളും ഭേദപ്പെട്ട സിനിമ ആസ്വദിക്കുന്നതിനു ആവശ്യമാണ്.

3. നമുക്ക് എന്ത് കൊണ്ട് എല്ലാ ജനങ്ങളെയും ആകര്‍ഷിക്കുന്ന കലാചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ആകുന്നില്ല? ഷേക്‌സ്പിയര്‍ നാടകങ്ങള്‍ എല്ലാത്തരം കാണികളെയും ആകര്‍ഷിക്കുകയും ഇന്നും ആകര്‍ഷിച്ചു കൊണ്ടിരിക്കുകയും ചെയുന്നു. അങ്ങനെ ഒരു ക്രാഫ്റ്റ് സാധ്യമല്ലേ?

ഷേക്‌സ്പിയര്‍ നാടകങ്ങള്‍ ഒരു പ്രത്യേക വിഭാഗം  ആളുകളെ  മാത്രമേ ആകര്‍ഷിച്ചിട്ടുള്ളു. നാടകം അറിയാവുന്നവര്‍, ഷേക്‌സ്പിയറിനെ പറ്റി പഠിച്ചിട്ടുള്ളവര്‍. സാമാന്യ ജനം മുഴുവന്‍ ഷേക്‌സ്പിയര്‍ കാണാന്‍ പോകുമെന്ന് തെറ്റിദ്ധരിക്കരുത്. ആളുകള്‍ക്ക് സിനിമയെ സംബന്ധിച്ച് ധാരാളം തെറ്റായ ധാരണകളുണ്ട്. ആളുകള്‍ കണ്ട് ശീലിച്ചിരിക്കുന്നത് ഒരു തരം തെറ്റായ സിനിമകളാണ്. എന്ത് സിനിമയാണോ സിനിമയുടെ സ്വന്തം സിദ്ധികളാല്‍ ദാരിദ്ര്യമായിരിക്കുന്നത് അതിനെയാണ് സിനിമയെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നത്. ഉദാഹരണത്തിന് എല്ലാം സംഭാഷണത്തിലൂടെ പറഞ്ഞ് മനസിലാക്കി കൊടുക്കണം. വിജയിക്കുന്ന സിനിമകളുടെ സ്വഭാവം നോക്കിയാല്‍ അറിയാം, കഥാപാത്രങ്ങള്‍ നിരന്തരം സംസാരിച്ചു കൊണ്ടിരിക്കയാണ്. ഈ സംസാരം മാത്രമേ ആളുകള്‍ ശ്രദ്ധിക്കുന്നുള്ളു. അവര്‍ക്ക് കാണാന്‍ ഒന്നും ഇല്ലതാനും. പശ്ചാത്തലം മാറുമായിരിക്കും, വീട് മാറും, റോഡാകും, അല്ലെങ്കില്‍ റയില്‍വേ സ്റ്റേഷനാകും. അവര്‍ ഇങ്ങനെ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കയാണ്. അപ്പോള്‍ നാടകം കാണുന്ന പ്രകാരമേയുള്ളു. സിനിമ എന്നാല്‍ നാടകം ഫോട്ടോഗ്രാഫ്  ചെയ്തു കാണിക്കലല്ല. അതിന് പ്രത്യേക വ്യക്തിത്വം ഉണ്ട്. കുറേ നല്ല സിനിമകള്‍ കാണുമ്പോഴേ അത് എന്താണെന്ന് മനസ്സിലാവൂ.
എല്ലാ ചിത്രകാരന്മാരും രവിവര്‍മ്മയെ പോലെയല്ല ചിത്രം വരയ്ക്കുന്നത്. ആ കാലഘട്ടം കടന്നു പോയി. ഫോട്ടോഗ്രാഫി വന്നതോടെ പെയിന്റിങ്ങിന്റെ സ്വഭാവവും മാറി. ഫോട്ടോഗ്രാഫിക്ക് ജീവിതത്തെ ശരിക്കും ഒപ്പിയെടുക്കാനുള്ള സാങ്കേതികത്വം കൈവന്നു.  അതോടെ ലൈഫ് ലൈക്ക് ചിത്രം വരയ്ക്കുക എന്നത് വലിയ കാര്യമല്ലാതായി. ആളുകളുടെ, വസ്തുക്കളുടെ, പ്രകൃതിയുടെ ഒക്കെ പുറമല്ല അകമാണ് ചിത്രീകരിക്കേണ്ടതെന്ന ധാരണ ചിത്രകാരന്മാരില്‍ വളര്‍ന്നു. അങ്ങനെയാണ് പുതിയ ധാരകളായ എക്‌സ്പ്രഷനിസം, ഇമ്പ്രെഷനിസം, ദാദായിസം, ക്യൂബിസം എന്നിവ വന്നത്. പ്രകൃതിയില്‍ കാണുന്ന സംഗതികളുടെ ശരി പകര്‍പ്പല്ല അവര്‍ വരച്ചത്. അത് ആ ചിത്രകാരനില്‍ ഉണ്ടാക്കിയ ഭാവമെന്താണോ അതാണ് ചിത്രമായത്. അപ്പോള്‍ ഒരാളെ കണ്ടതുപോലെ വരച്ചു വയ്ക്കുന്നതാണ് ചിത്രകലയുടെ ധര്‍മ്മം എന്ന് വിശ്വസിക്കുന്നവര്‍ ഇത്തരം ചിത്രങ്ങള്‍ കണ്ടാല്‍ എന്തിനാണ് ഇങ്ങനെ വരയ്ക്കുന്നതെന്നു സംശയിച്ചുപോകും. അതിനാല്‍ ഇതേപ്പറ്റി അറിഞ്ഞെങ്കില്‍ മാത്രമേ ആസ്വദിക്കാന്‍ പറ്റൂ.
ഏത് കലയും ആസ്വദിക്കാന്‍ ഒരാള്‍ രസികനായിരിക്കണം. അതായത് ഇതിലേക്ക് അയാള്‍ക്കൊരു പരിചയം ഉണ്ടാകണം. പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ട്. അത് പലപ്പോഴും നടക്കുന്നില്ല. അയാള്‍ക്ക് ശുദ്ധമായ ശരിയായ സംഗതി അറിയില്ലെന്ന് മാത്രമല്ല, പലപ്പോഴും വളരെ തെറ്റായ ഒന്നാണ് ശരിയെന്ന് അയാള്‍ ധരിപ്പിക്കപ്പെട്ടിട്ടുമുണ്ട്.
നല്ല സിനിമ അധികം പേര്‍ കാണാത്തത്തിന് രണ്ട് കാരണങ്ങള്‍  ഉണ്ട്. ഒന്ന്, എടുത്തയാള്‍ക്ക് ആളുകളോട് ശരിയായ രീതിയില്‍ സംവദിക്കാന്‍ കഴിയാതെ വരിക. മറ്റൊന്ന്, അയാളുടെ സൃഷ്ടികള്‍ ആസ്വദിക്കാന്‍ പ്രേക്ഷകന് കഴിവില്ലാതെ വരിക.

4.ശരിയായ സിനിമ എന്തുകൊണ്ട് ഇത്രകാലമായിട്ടും ആസ്വദിക്കാന്‍  കഴിയാതെ വരുന്നു? 

വേറൊരു തരം സിനിമകളാണ് പോപ്പുലര്‍ ആവുന്നത്. അതിന് പ്രചാരണം നല്‍കാന്‍ എല്ലാ സൗകര്യവും ഉണ്ട്. റേഡിയോ, ലൗഡ്‌സ്പീക്കര്‍, കല്യാണ വീടുകള്‍ എല്ലായിടത്തും പാട്ട് സാര്‍വത്രികമാണ്. പാട്ട് ഒരു എലെമെന്റാണ്, അതുപോലെത്തന്നെ ഡാന്‍സും.  വേറൊരു സ്ഥലത്തും കാണാന്‍ കഴിയാത്ത നൃത്തം സിനിമയിലുണ്ട്. സര്‍ക്കസ്സും സ്റ്റണ്ടും ഒക്കെ ആളുകള്‍ക്ക് ആവേശം നല്‍കുന്നു. ഒരാളെ ദുഷ്ടനായി ചിത്രീകരിച്ച് അവസാനം അയാളെ നായകനോ നായകന്റെ ആളുകളോ ദണ്ഡിക്കുന്നു. ജനങ്ങളുടെ മുന്നില്‍ ഇങ്ങനെ തുടരെ ആക്ഷന്‍ നടക്കണം. ഇതില്ലാതെ സ്വച്ഛമായി പറയുന്ന ഒരു സിനിമ കണ്ടുകൊണ്ടിരിക്കാന്‍ ആളുകള്‍ക്ക്  ഇന്ന് ക്ഷമയില്ല.
നല്ല സിനിമയെ ആസ്വദിക്കുന്ന ഒരു ചെറു സംഘം ഇല്ലെന്നല്ല. അവരുടെ എണ്ണം കൂടണം. എണ്ണം കൂട്ടണമെങ്കില്‍ കലാസ്വാദനം താഴെ തലത്തില്‍ സ്‌കൂളുകളില്‍ നിന്ന് തുടങ്ങണം. ഏറ്റവും വഷളായ ചിത്രങ്ങളാണ് എല്ലാവരിലും സൗജന്യമായി എത്തുന്നത്. ടെലിവിഷന്‍ വഴി. ടിവി എന്തെങ്കിലും നിലവാരമുള്ള ഒരു സിനിമയും കാണിക്കില്ല. ഒരുപക്ഷെ അവര്‍ ശരിയായോ തെറ്റായോ ധരിച്ചിരിക്കുന്നത് നിലവാരം കുറഞ്ഞ സിനിമയ്ക്ക് മാത്രമേ കാഴ്ചക്കാര്‍ ഉള്ളുവെന്നാണ്.
കാല്‍ നൂറ്റാണ്ടിനുള്ളില്‍ ജനിച്ച ഒരു കുട്ടി വഷളായ സിനിമകള്‍ മാത്രം കണ്ടു വളരുന്നത്. അച്ഛനനമ്മമാര്‍ അവരെ കാണിക്കുന്നത് അത്തരം സിനിമകളാണ്. അവര്‍ ആസ്വദിക്കുന്നത് ഈ കുട്ടികളും ആസ്വദിക്കുന്നു. അവരോടൊപ്പം കുട്ടികളും അപ്പനപ്പൂപ്പന്മാരും എല്ലാവരും ഒരേ തരം സിനിമകളാണ് കാണുന്നത്. അതൊരു ചോദ്യം ചെയ്യപ്പെടാത്ത സമ്പ്രദായമായി മാറി. മറ്റ് രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് വേറെ സിനിമയുണ്ട് നമ്മുടെ നാട്ടിലും അങ്ങനെ ഒരു സ്ഥാപനമുണ്ട്, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി. കുറച്ച് നല്ല സിനിമകള്‍ അവരും ഉണ്ടാക്കുന്നുണ്ട്.
ഇവിടെ കുട്ടികള്‍ക്ക് വേണ്ട സിനിമ എടുക്കുന്നവര്‍ സിനിമ തന്നെ എടുക്കാന്‍ അറിയാത്തവരാണ്. കുട്ടികള്‍ ബുദ്ധി രഹിതരാണെന്നാണ് അവര്‍ കരുതുന്നത്. കുട്ടികള്‍ക്ക് വേണ്ട സിനിമ എടുക്കുന്നതാണ് മുതിര്‍ന്നവര്‍ക്കുള്ള സിനിമയെക്കാളും പ്രയാസം. ചൈല്‍ഡ് സൈക്കോളജി, ചൈല്‍ഡ് ഡവലോപ്‌മെന്റ് തുടങ്ങിയ ശാസ്ത്രങ്ങള്‍ പഠിച്ച ഒരാള്‍ക്ക് മാത്രമേ കുട്ടികളുടെ സിനിമയെടുക്കാന്‍ പറ്റൂ. അതൊരു സ്‌പെഷ്യലൈസേഷനാണ്.
നല്ല സിനിമ കുട്ടിക്കാലത്ത് തന്നെ കണ്ട് ശീലിച്ചാല്‍, സിനിമ മാത്രം കണ്ടാല്‍ പോര, നല്ല വായന വേണം, നല്ല നാടകം കാണണം, നല്ല സംഗീത ചിത്രത്തിലെ ഒക്കെ പരിചിതമായ ഇങ്ങനെ വളരെ വിശാലമായ പശ്ചാത്തലത്തിലേ നല്ല സിനിമ ആസ്വദിക്കാന്‍ കഴിയൂ.

5. ഐഎഫ്എഫ്‌കെയില്‍ കാണിക്കുന്ന 190 സിനിമകളില്‍ 7 മലയാളം ചിത്രങ്ങള്‍ മാത്രമേ ഉള്ളു. എന്തുകൊണ്ടാണ് ഈ കുറവ്?

മലയാള സിനിമകള്‍ മുഴുവന്‍ കാണിക്കാനുള്ള ഒരു ഫെസ്റ്റിവല്‍ അല്ല ഇത്. ഞാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയിരുന്ന സമയത്താണ് മലയാള സിനിമകളുടെ വിഭാഗം ആരംഭിച്ചത്. ഏറ്റവും നല്ല രണ്ട് മലയാള സിനിമകള്‍ മത്സര വിഭാഗത്തില്‍ വരും. ചിലപ്പോള്‍ അത്രതന്നെ നല്ല ഒന്നോ രണ്ടോ സിനിമകള്‍ കൂടിവരാം. അതിനെ പുതിയ ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. അതില്‍ വെള്ളം ചേര്‍ത്താണ് 7എണ്ണമാക്കിയത്. . അത്രയൊന്നും മെച്ചപ്പെട്ട മലയാള സിനിമകള്‍ ഉണ്ടാകുന്നില്ല. ഏഴും രണ്ടും ഒന്‍പത് സിനിമ. നിലവാരമുള്ള ഒന്‍പത് പടം ഉണ്ടാകുന്നില്ല. അപ്പോള്‍ ഒത്തു തീര്‍പ്പ് ചെയ്യേണ്ടിവരുന്നു. നല്ലതല്ലാത്ത പടങ്ങളും ഉള്‍പ്പെടുത്തേണ്ടി വരുന്നു. മലയാളികള്‍ക്ക് കാണാനുള്ളതാണ് ഈ ഫെസ്റ്റിവല്‍. സിനിമ നിര്‍മ്മിക്കുന്നവര്‍ക്ക്, അഭിനയിക്കുന്നവര്‍ക്ക്, സിനിമ നിരൂപകര്‍ക്ക് ഒക്കെ കാണാന്‍ വേണ്ടി.
സിനിമയെ കുറിച്ച് എഴുതുന്നവര്‍ ഒരു തയ്യാറെടുപ്പും ഇല്ലാതെയാണ് എഴുതുന്നത്. നന്നായി പഠിച്ചെഴുതണമെന്ന ആവശ്യം അവര്‍ക്ക് ഇതുവരെ ബോധ്യമായിട്ടില്ല. ഒട്ടും പ്രൊഫഷണല്‍ ആയല്ല എഴുതുന്നത്. പല നിരൂപണങ്ങളും വായിച്ചു നോക്കിയാല്‍ ചിരിവരും.

6. ലോക സിനിമയില്‍ മലയാളത്തിന്റെ സ്ഥാനം?

ലോക സിനിമയില്‍ നമ്മുടെ സിനിമ എങ്ങുമല്ല.

7. തീരെ അപ്രധാന രാജ്യങ്ങളില്‍നിന്നു പോലും നല്ല സിനിമകള്‍ വരുന്നു. നമുക്കും നല്ല സിനിമകള്‍ ഉണ്ടായിട്ടുണ്ട്, പക്ഷെ ആ വേഗത ഇപ്പോള്‍ കാണാനില്ലാത്തത് എന്തുകൊണ്ട്? ഗൗരവമായി സിനിമയെടുക്കുന്നത് കാണാന്‍ ആളുകള്‍ പോകുന്നില്ല. ആരുടെ കുറ്റമാണത് ? 

കാഴ്ചക്കാരുണ്ടായാലേ അത്തരം ചിത്രങ്ങള്‍ക്ക് വേരുപിടിക്കാന്‍ പറ്റുകയുള്ളൂ.

8 . മലയാളി സിനിമയുടെ ഭാഷ പഠിച്ചത് അങ്ങയെപ്പോലുള്ളവരുടെ ചിത്രങ്ങള്‍ കണ്ടാണ്. എന്നിട്ടും എന്തുകൊണ്ട് ലോക നിലവാരത്തിലേക്ക് ഉയരുന്നില്ല?

ലോക നിലവാരത്തിലേക്ക് എല്ലാ ചിത്രത്തിനും വരാന്‍ പറ്റില്ല. അവിടിവിടെ ഓരോ പടമൊക്കെ ഉണ്ടായേക്കാം. തെറ്റിത്തെറിച്ച്  ഉണ്ടാകുന്നവ. പൊതുനിലവാരം ഉയര്‍ന്നാലേ ലോക ഭൂപടത്തില്‍ എത്തൂ. ഒരു ചിത്രം എന്നത്, ഒരു വ്യക്തിയുടെ, കലാകാരന്റെ മാത്രം സൃഷ്ടിയാണ്. ഇറാനില്‍ ഒരാള്‍ മാത്രമല്ല അവിടെ നിന്ന് ഒരു ഡസന്‍ ആളുകളെങ്കിലും നല്ല ചിത്രങ്ങളുമായി വരുന്നു. വല്ലപ്പോഴും ഒരു നല്ല ചിത്രമുണ്ടാകുന്നു എന്നേ മലയാളത്തിന് പറയാനാവൂ.

9. മലയാളം ഉയരുമെന്ന പ്രതീക്ഷയുണ്ടോ?

നന്നാവാനുള്ള സാധ്യത വളരെ കുറവാണ്. ടെലിവിഷന്‍ ചീത്ത പടങ്ങള്‍ മാത്രമേ കാണിക്കൂ. സമൂഹത്തെ മൊത്തം ബാധിക്കുന്ന ഒരു പ്രതിപ്രവര്‍ത്തനമാണ് ടിവിയില്‍ നടക്കുന്നത്.

10. എങ്കിലും ഒരു മുന്നേറ്റത്തിന് സാധ്യത..?

ഇടിവെട്ടുംപോലെ, സുനാമി പോലെ, തുലാ വര്‍ഷംപോലെ. മാറ്റം അങ്ങനെയൊന്നും വരില്ല. മാറ്റം ഉള്ളില്‍ നിന്നാണ് വരേണ്ടത്. സാമൂഹിക വ്യവസ്ഥ തന്നെ കൊള്ളാവുന്ന കാര്യങ്ങള്‍ക്ക് എതിരാണിപ്പോള്‍. രാജ്യത്തെ സാംസ്‌ക്കാരിക കാലാവസ്ഥയാണെങ്കില്‍ ആശങ്ക ജനിപ്പിക്കുന്നു.

11. പ്രേക്ഷനെന്ന നിലയില്‍ അങ്ങ് ഐ എഫ് എഫ് കെ യെ എങ്ങനെ കാണുന്നു?

നല്ലതെന്ന് തോന്നിയിട്ടുള്ള പടങ്ങള്‍ പോയിക്കാണും. അതിന് പല സൂചകങ്ങളുണ്ട്. അത് വച്ച് തെരഞ്ഞെടുത്ത് നല്ല പടങ്ങള്‍ കാണാന്‍ ശ്രമിക്കും.