സ്ക്രീനില്‍ സ്വാതന്ത്ര്യബോധത്തിന്‍റെ പോരാട്ടങ്ങള്‍; കമല്‍

By: Web Desk | Friday 8 December 2017 6:00 AM IST

ഷെഹിന ഹിദായത്ത്

താന്‍ സംവിധായകനിലുപരി ഒരു പ്രേക്ഷകനായാണ് സിനിമ കാണാന്‍ ഇഷ്ടപ്പെടുന്നതെന്ന് കമല്‍; മേളയുടെ തിരക്കുകള്‍ക്കിടയിലും താന്‍ പരമാവധി സിനിമ കാണാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാന നഗരിയില്‍ 22 ാമത് രാജ്യാന്തര ചലച്ചിത്രോഝവം അരങ്ങേറുമ്പോള്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന് പറയാനേറെ. ജീവിതയാഥാര്‍ത്ഥ്യങ്ങളെ വരച്ചുകാട്ടുന്ന ചിത്രങ്ങളാണ് മേളയില്‍ കൂടുതലും. മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ചിത്രങ്ങളുടെ പ്രത്യേകതകളെക്കുറിച്ച് കമലിന്റെ വാക്കുകളിലേക്ക്…

1. 22 ാമത് ഐഎഫ്എഫ്കെയില്‍ വന്നിട്ടുള്ള എന്തൊക്കെ മാറ്റങ്ങളാണ് പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാനുള്ളത്

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ മാറ്റങ്ങള്‍ ഇൗ പ്രാവശ്യത്തെ ഐഎഫ്എഫ്കെയില്‍  വരുത്തിയിട്ടുണ്ട്.  കൂടുതല്‍ സിനിമകള്‍ ഇൗ വര്‍ഷം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ട്രാന്‍സ്ജെന്‍ഡേഴ്സിന് പ്രത്യേകം പാസ് കൊടുത്തിരുന്നു. ഇൗ പ്രാവശ്യം ശാരീരിക വൈകല്യം ഉള്ളവര്‍ക്ക് പ്രത്യേകം പാസ് അനുവദിച്ചിട്ടുണ്ട്. മറ്റു പരിഷ്കാരങ്ങളും ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്.

ഇക്കുറി ജാപ്പനീസ് അനിമേഷന്‍ സിനിമകളാണ് മേളയുടെ പ്രത്യേകത. സാധാരണ അമേരിക്കന്‍ ആനിമേഷന്‍ സിനിമകളാണ് മികച്ചതെന്നാണ് ധാരണ. പക്ഷേ, ജാപ്പനീസ് ആനിമേഷന്‍ ചിത്രങ്ങള്‍ വളരെ മികവുറ്റതാണ്.

ഇത്തവണ ഐഡന്‍ററ്റി ആന്‍ഡ് സ്പേയ്സ് ആണ് തീം ആയ് എടുത്തത്. കഴിഞ്ഞ വര്‍ഷം മൈഗ്രേഷന്‍ ആയിരുന്നു- അഭയാര്‍ത്ഥി പ്രശ്നങ്ങള്‍. ഇക്കുറി സ്വതന്ത്ര ബോധത്തിനായി ലോകമെങ്ങും മനുഷ്യന്‍ നടത്തുന്ന പോരാട്ടങ്ങളെ സിനിമ ദര്‍ശിക്കുന്നത് എങ്ങനെയെന്ന് നാം കാണുന്നു.

2. സംവിധായകന്‍ എന്നതു മാറ്റിവച്ച് പ്രേക്ഷകന്‍ എന്ന നിലയില്‍ ഐഎഫ്എഫ്കെയെ എങ്ങനെ വിലയിരുത്തുന്നു

ഞാനൊരിക്കലും സംവിധായകന്‍ എന്ന നിലയിലല്ല ഐഎഫ്എഫ്കെയെ കാണുന്നത്. സാധാരണ ഒരു പ്രേക്ഷകനെ പോലെയാണ് സിനിമകള്‍ ആസ്വദിക്കുന്നതും കാണുന്നതും. ഷൂട്ടിങ് തിരക്കുകള്‍ വരികയാണെങ്കില്‍ കാണാന്‍ കഴിയില്ല. എന്നാലും, പരമാവധി നല്ല സിനിമകള്‍ കാണാന്‍ ശ്രമിക്കാറുണ്ട്.

3. ഗൗരവകരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചലച്ചിത്രങ്ങളാണ് ഫിലിം ഫെസ്റ്റിവലില്‍ കൂടുതലും പ്രദര്‍ശിപ്പിക്കാറ്. നര്‍മപ്രധാനമുള്ള സിനിമകള്‍ ഇറക്കാറുണ്ടെങ്കിലും അതിന്‍റെ എണ്ണം കുറക്കുന്നു, അതെന്തുകൊണ്ടാണ് കുറയ്ക്കുന്നത്

മന:പൂര്‍വ്വം കുറയ്ക്കുന്നതാണ്. വിനോദത്തിന് ഉൗന്നല്‍ കൊടുക്കുന്ന സിനിമകള്‍ തീയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ഗൗരവകരമായ സിനിമകള്‍ ആസ്വദിക്കാന്‍ ഇൗ വേദി പരമാവധി ഉപയോഗപ്പെടുത്തുന്നു. എന്നാല്‍,  ലൈഫ് ഇൗസ് ബ്യൂട്ടിഫുള്‍ പോലെ  നര്‍മത്തില്‍ ചാലിച്ച് ജീവിതത്തിന്‍റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ വരച്ചുകാട്ടുന്ന നിരവധി ചിത്രങ്ങള്‍ ഇവിടെ വന്നിട്ടുണ്ട്. നമ്മള്‍ ചിരിച്ചുകൊണ്ടിരിക്കും. പെട്ടെന്നായിരിക്കും ജീവിത്തതിന്‍റെ തനി സ്വരൂപം കണ്ട് കരയുന്നത്.

4. ഐഎഫ്എഫ്കെയില്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള കാര്യക്രമം എങ്ങനെയാണ്

വിവിധ ലോകോത്തര ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മികച്ച സിനിമകളാണ് ഇൗ പ്രാവശ്യവും ഉള്‍പ്പെടുത്തിയിട്ടുള്ളത്. 65 രാജ്യങ്ങളില്‍ നിന്നായി 190 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇവയില്‍ 40 ഓളം ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനവേദി കൂടിയാണ് ഇൗ മേള. മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രേംശങ്കര്‍ സംവിധാനം ചെയ്ത ‘രണ്ടുപേര്‍’, സഞ്ജു സുരേന്ദ്രന്‍റെ ‘ഏദന്‍’ എന്നിവയാണ് മത്സര വിഭാഗത്തിലുള്ള മലയാളചിത്രങ്ങള്‍.

മലയാളം സിനിമ, ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ 7 ചിത്രങ്ങള്‍ വീതം പ്രദര്‍ശിപ്പിക്കും.

കണ്ടംപററി മാസ്റ്റേഴ്സ് ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ചാഡ് എന്ന ആഫ്രിക്കന്‍ രാജ്യത്തു നിന്നുള്ള സംവിധായകന്‍ മുഹമ്മദ് സാലിഹ് ഹറൂണ്‍, മെക്സിക്കന്‍ സംവിധായകന്‍ മിഷേല്‍ ഫ്രാങ്കോ എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

റെക്ട്രോസ്പക്റ്റീവ് വിഭാഗത്തില്‍ ഇത്തവണ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നല്‍കി ആദരിക്കുന്നത് വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സൊകുറോവിനെയാണ്. അദ്ദേഹത്തിന്‍റെ ആറു ചിത്രങ്ങള്‍ റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കും.

ഫിലിപ്പിനോ സംവിധായകനായ ലിനോ ബ്രോക്ക, കെ പി കുമാരന്‍ എന്നിവരുടെ റെട്രോ സ്പെക്ടീവും മേളയില്‍ ഉണ്ടായിരിക്കും. ഐഡന്‍ററ്റി ആന്‍റ്  സ്പേസ് വിഭാഗത്തില്‍ ആറ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സമകാലിക ഏഷ്യന്‍ സിനിമ, ജാപ്പനീസ് അനിമേഷന്‍, റിസ്റ്റേര്‍ഡ് ക്ലാസിക്സ്, ജൂറി ഫിലിംസ് എന്നിവയാണ് മറ്റു വിഭാഗങ്ങള്‍.

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാമുഖ്യമുള്ള മലയാള സിനിമകളും ഒരു വിഭാഗമായി ഉള്‍പ്പെടുത്തിയുട്ടുണ്ട്. ഇൗ വര്‍ഷം പിരിഞ്ഞു പോയിട്ടുള്ള സംവിധായകരായ കെ ആര്‍ മോഹനന്‍, ഐ വി ശശി, കുന്ദന്‍ഷാ, നടന്‍ ഓംപുരി, നടി ജയലളിത എന്നിവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അവരുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

5. നവാഗതരുടെ സിനിമകള്‍ എത്രമാത്രം പ്രോത്സാഹിപ്പിക്കുന്നു

നവാഗതരുടെ സിനിമകള്‍ ഒരു പരിധിവരെ പ്രോത്സാഹിപ്പിക്കാറുണ്ട്. അവര്‍ക്കു പ്രത്യേക മത്സരവിഭാഗം ഉണ്ട്. മികച്ച സിനിമയ്ക്ക് ക്യാഷ് പ്രൈസുമുണ്ട്.