ഐഎഫ്എഫ്കെ: 1000 ഡെലിഗേറ്റ് പാസുകള്‍ കൂടി അനുവദിച്ചു

By: Web Desk | Saturday 2 December 2017 2:58 PM IST

തിരുവനന്തപുരം: ചലച്ചിത്ര ആസ്വാദകരുടെ അഭ്യര്‍ത്ഥന മാനിച്ച് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പൊതുവിഭാഗത്തിനായി 1000 ഡെലിഗേറ്റ് പാസുകള്‍ കൂടി അനുവദിക്കാന്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തീരുമാനിച്ചു. ഇതിനായി 800 സീറ്റുകളുള്ള ഒരു തിയറ്റര്‍ കൂടി പ്രദര്‍ശനത്തിന് സജ്ജമാക്കിയിട്ടുണ്ട്.

പൊതുവിഭാഗത്തിലുള്ളവര്‍ക്ക് ഡിസംബര്‍ 4 തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ രജിസ്ട്രേഷന്‍ നടത്താം. സംസ്ഥാനത്തെ 2700 ലേറെ വരുന്ന അക്ഷയ ഇ-കേന്ദ്രങ്ങളിലും രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഈ വര്‍ഷം രജിസ്ട്രേഷന്റെ ആദ്യഘട്ടത്തില്‍ യൂസര്‍ അക്കൗണ്ട് തുറക്കുന്നവര്‍ക്ക് അതേ യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴിയും അക്ഷയ ഇ കേന്ദ്രങ്ങള്‍ വഴിയും പണമടയ്ക്കാം.

ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് പാസ് വിതരണവും ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനവും 4ന് ടാഗോര്‍ തീയേറ്ററില്‍ നടക്കും. രാവിലെ 11ന് ആദ്യ ഡെലിഗേറ്റ് പാസ് മന്ത്രി എ.കെ ബാലന്‍ സിനിമാ താരം കുഞ്ചാക്കോ ബോബന് നല്‍കും.