സൊഖുറോവിനെ വണങ്ങുന്ന കേരളം

By: Web Desk | Friday 8 December 2017 2:13 AM IST

സമഗ്രസംഭാവനയ്ക്ക് 2017 ലെ പുരസ്‌കാരം നേടുന്നത് റഷ്യന്‍ ചലച്ചിത്ര സംവിധായകന്‍ അലക്‌സാണ്ടര്‍ സൊഖുറോ മേളയിലെ മഖ്യ ആകര്‍ഷണമാകും. റഷ്യന്‍ ആര്‍ക്കിന്റെയും ഫോസ്റ്റിന്റെയും സംവിധായകന്‍.
അധികാരത്തിന്റെ ദുഷിപ്പുകള്‍ അന്വേഷിക്കുന്ന നാല് ചിത്രങ്ങള്‍: മൊളൊഷ് (1999) ഹിറ്റ്‌ലറെക്കുറിച്ച്. തോറസ് (2000) ലെനിനെക്കുറിച്ച്. ദി സണ്‍ (2004) ഹിറൊഹിതൊ ചക്രവര്‍ത്തിയെക്കുറിച്ച്. ഇതിന്റെ നാലാം ഭാഗം ഗൊയ്‌ഥെയുടെ ദുരന്തനാടകം ഫോസ്റ്റ് (2011) പുറത്തിറങ്ങിയത് വെനീസിലെ ഫിലിം ഫെസ്റ്റിവലില്‍ അത്യുന്നത അവാര്‍ഡായ ഗോള്‍ഡണ്‍ ലയണ്‍ നേടിക്കൊണ്ടായിരുന്നു. ഫോസ്റ്റ് സമകാലിക സംഭവങ്ങളിലേക്ക് ഇറങ്ങുന്നില്ല, പക്ഷേ മനുഷ്യനും അവന്റെ ആന്തരിക ശക്തികളുമാണ് ഇതില്‍ സൊഖുറോവ് പരിശോധിക്കുന്നത്. അതിനുമുമ്പുതന്നെ, അര്‍ദ്ധഡോക്യുമെന്ററിയായ റഷ്യന്‍ ആര്‍ക്ക് (2002) ഏറെ വിമര്‍ശക ശ്രദ്ധ നേടിയിരുന്നു. എഡിറ്റിങ്ങില്ലാതെ ഒറ്റ ഷോട്ടിലാണിത് ചെയ്തിരിക്കുന്നത്. മദര്‍ ആന്‍ഡ് സണ്‍ (1997) മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷ്യല്‍ സില്‍വര്‍ സെന്റ് ജോര്‍ജ് നേടി. ഫാദര്‍ ആന്‍ഡ് സണ്‍ (2003) സ്വവര്‍ഗാനുരാഗമെന്ന് വിമര്‍ശകര്‍, അതല്ലെന്ന് സൊഖുറോവ്.
സ്പിരിച്വല്‍ വോയ്‌സസ് (1994) യുദ്ധത്തെക്കുറിച്ചുള്ളു സിനിമാറ്റിക് ധ്യാനമാണ്. സോള്‍ഡിയേഴ്‌സ് ഡ്രീംസ് (1995) ആണ് മറ്റൊരു യുദ്ധചിത്രം. സൈബീരിയന്‍ പട്ടാള കുടുംബത്തില്‍ ജനിച്ച സൊഖുറോവ്, തര്‍ക്കോവ്‌സ്‌കിയുടെ ‘മിറര്‍’ എന്ന ചിത്രത്തെ ഏറെ ആദരിച്ചിരുന്നു. ആദ്യകാല ചിത്രങ്ങള്‍ പലതും സോവിയറ്റ് യൂണിയന്‍ നിരോധിച്ചു. ഡയലോഗ് വിത് സോള്‍ഷെനിറ്റ്‌സിന്‍ ഉള്‍പ്പെടെ നിരവധി ഡോക്യുമെന്ററികളും സൊഖുറോവ് നിര്‍മിച്ചു. ബര്‍ലിന്‍ ഫെസ്റ്റിവലില്‍ അദ്ദേഹത്തിന്റെ മോണ്‍ഫുള്‍ അണ്‍കണ്‍സേന്‍ (1987) ഗോള്‍ഡണ്‍ ബേറിനു നോമിനേറ്റ് ചെയ്തിട്ടുണ്ട്. അറുപത്തെട്ടുകാരനായ സൊഖുറോവിന് കടുത്ത കാഴ്ചപ്രശ്‌നമുണ്ട്. എങ്കിലും മേളയ്‌ക്കെത്തും.

പരീക്ഷണങ്ങളില്‍ ഉള്‍പ്പെട്ട “ഫോസ്റ്റ് “

ചെകുത്താന് ഇയ്യോബിനെ പരീക്ഷിക്കാന്‍ സ്വര്‍ഗത്ത് നിന്നും ദൈവം അനുമതി കൊടുക്കുന്ന ഇയ്യോബിന്റെ പുസ്തകം പോലെയാണ് ഗൊയ്‌ഥെയുടെ ‘ഫോസ്റ്റ്’ ആരംഭിക്കുന്നത്. കുറ്റമറ്റ മനുഷ്യനായ ഫോസ്റ്റിനെ പരീക്ഷിക്കാന്‍ ചെകുത്താന് അനുമതി ലഭിച്ചതിനെ ഇതിവൃത്തമാക്കി, ഗൊയ്‌ഥെ രചിച്ച ദുരന്ത കാവ്യത്തിന് റഷ്യന്‍ ചലച്ചിത്രകാരന്‍ അലക്‌സാണ്ടര്‍ സൊഖുറോവ് ചലച്ചിത്ര ഭാഷ്യം നല്‍കുമ്പോള്‍ അതീന്ദ്രിയമായ അനൂഭൂതിയായി അത് മാറുന്നു.

വെനീസ് മേളയില്‍ ഗോള്‍ഡന്‍ ലയണ്‍ നേടിയിട്ടുള്ള ഫോസ്റ്റ് തുടങ്ങുന്നത് മാര്‍ലോവിന്‍രെ 16-ാം നൂറ്റാണ്ടിലെ ഫോസ്റ്റസിനെ അനുസ്മരിപ്പിക്കുന്ന പശ്ചാത്തലത്തില്‍, മൃതദേഹങ്ങള്‍ കീറിപ്പരിശോധിക്കുന്ന ആമുഖത്തോടെയാണ്. ഫോസ്റ്റും കൂട്ടുകാരനും ചേര്‍ന്ന് ശവശരീരം കീറിമുറിച്ച് ആത്മാവിനെ തെരയുന്നു. നെറ്റിയില്‍, ഹൃദയത്തില്‍, ഇനി കാലിലാണോ….?

അര്‍ധനാരീ ചെകുത്താന്‍ (ആന്റന്‍ അഡാസിന്‍ സ്‌കി)ഫോസ്റ്റിന്‍രെ ആത്മാവിനെ പണം ഈടു നല്‍കിയാല്‍ രക്ഷിക്കാന്‍ തയ്യാറാണ്. സ്വരക്തത്തില്‍ ഒപ്പുവെച്ച് ഫോസ്റ്റ് സമ്മതിക്കുന്നു. ഫോസ്റ്റിന് സ്വര്‍ണ്ണത്തിന്‍രെ രുചിയറിയണം. ക്രീം കേക്കിന്‍രെ രുചിയെന്ന് ചെകുത്താന്‍. പിന്നീട് നാമറിയുന്നു, ഫോസ്റ്റിന്‍രെ അമ്മ ക്രീം കേക്ക് തൊണ്ടയില്‍ കുടുങ്ങിയാണ് മരിച്ചതെന്ന്.

ആദിയില്‍ വചനമുണ്ടായി, വചനം ദൈവത്തോടുകൂടിയായിരുന്നുവെന്ന യോഹന്നാന്റെ സുവിശേഷം എന്താണെന്ന് മനസ്സിലാകാതെ ഫോസ്റ്റ് കുഴയുകയാണ്. അയാള്‍ സുന്ദരിയായ പെണ്‍കുട്ടി മാര്‍ഗരറ്റുമായി (ഇസോള്‍ഡ ഡിച്ചോക്ക്) പ്രണയത്തിലാകുന്നു. ചെകുത്താന്‍ കാമനകള്‍ സാക്ഷാത്കരിക്കാന്‍ പ്രലോഭിപ്പിക്കുന്നു. അതയാളെ കൂടുതല്‍ ആഴമുള്ള അവസ്ഥയിലേയ്ക്ക് തള്ളി വീഴ്ത്തുന്നു. ഫോസ്റ്റിന് ലൈംഗിക ശേഷിയില്ല.
കയ്യില്ലാത്തവനെങ്ങനെ മുഷ്ടികളുണ്ടാകും? സൊഖുറോവ് ജര്‍മ്മന്‍ പഴഞ്ചൊല്ല് ആവര്‍ത്തിക്കുകയാണ്.

സ്റ്റുഡിയോയില്‍ ഓവര്‍ ഡബ്ബ് ചെയ്ത്, ചിലപ്പോള്‍ അടക്കം പറച്ചിലിലൂടെയുള്ള ആത്മഭാഷണം വഴി, സൊഖുറോവ് കഥ വിവരിക്കുമ്പോള്‍, ഛായാഗ്രഹണത്തിലൂടെ മാന്ത്രികത കാണിക്കുമ്പോള്‍, ഫോസ്റ്റിന്റെ ദുഖദായിയായ ഏകാന്തത ദൃശ്യത്തിനും പുറത്തേയ്ക്ക് വ്യാപിക്കുന്നു.
ശക്തിഹീനനും ദരിദ്രനുമായ ഫോസ്റ്റ് എന്ന മനുഷ്യന്‍ നാശവും നരകവും അഴുക്കും നിറഞ്ഞ ഗ്രാമത്തില്‍ പലിശക്കാരന്റെ വേഷപ്രശ്ഛന്നതയില്‍ വന്ന സാത്താനാല്‍ പരീക്ഷിക്കപ്പെടുമ്പോള്‍ അയാള്‍ ദുര്‍ബലനായ ഇരയോ അതോ ശക്തിമത്തായ ദൈവത്തിന്റെ പ്രതിനായകനോ?
ഒടുവില്‍ സാത്താനുമേല്‍ തന്റെ സര്‍വശക്തിയും പ്രയോഗിക്കുമ്പോള്‍ അത് ഫോസ്റ്റിന്റെ ജയമോ പരാജയമോ? മരണം ജീവിതത്തിന്റെ അന്ത്യമോ? ഒട്ടേറെ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ ‘ഫോസ്റ്റ്’ ബാക്കിവെക്കുന്നു.

 

 
റഷ്യന്‍ ആര്‍ക്ക് (2002)