Monday
17 Dec 2018

ഐഐഎമ്മിൽ  നിന്നും പഠിച്ചിറങ്ങിയ പച്ചക്കറിക്കച്ചവടക്കാരൻ

By: Web Desk | Sunday 31 December 2017 8:34 PM IST

ഐഐഎമ്മിൽ  നിന്നും പഠിച്ചിറങ്ങിയ കൗശലേന്ദ്ര കുമാര്‍  ഇന്ന് പച്ചക്കറി വില്‍പ്പനയിലൂടെ സമ്പാദിക്കുന്നത് അഞ്ച് കോടി രൂപയാണ്.

ബിഹാറിലെ  പാറ്റ്നയിൽ  ആദ്യമായി റോഡരികിലെ ഒരു കടയില്‍ കച്ചവടം നടത്തുമ്പോള്‍ കൗശലേന്ദ്ര കുമാറിന്റെ സമ്പാദ്യം ദിവസം 22 രൂപയായിരുന്നു. എന്നാല്‍ ഇത് ഇന്ന് 5 കോടി രൂപയുടെ വിറ്റുവരവിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യം ബീഹാറില്‍ മാത്രമായിരുന്നു കച്ചവടം എങ്കില്‍ പിന്നീട് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇന്ന് കമ്പനിയില്‍ 700 ല്‍ പരം ജീവനക്കാരുണ്ട്. 

താഴേത്തട്ടിലെ സര്‍ക്കാരുദ്യോഗസ്ഥരുടെ മൂന്നുമക്കളില്‍ ഇളയവനായി 1981ല്‍ ബിഹാറിലെ നളന്ദ ജില്ലയില്‍ മൊഹമ്മദ്പൂര്‍ വില്ലേജില്‍ ജനിച്ച കൗശലേന്ദ്ര അഞ്ചാംതരംവരെ പഠിച്ചത് ഗ്രാമത്തിലെ ഹിന്ദി സര്‍ക്കാര്‍ സ്‌കൂളില്‍.

പഠന മികവുകൊണ്ട് അന്‍പതു കിലോമീറ്റര്‍ അകലെയുള്ള ജവഹര്‍നവോദയ സ്‌കൂളിലെത്തി. അത് വളര്‍ച്ചയുടെ കവാടമായിമാറി.
ഹയര്‍സെക്കന്‍ഡറിക്കുശേഷം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രി കള്‍ച്ചര്‍ റിസര്‍ച്ചില്‍ അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംങില്‍ ബി.ടെക് സ്വർണമെഡൽ വാങ്ങി പൂര്‍ത്തീകരിച്ചു. പിന്നീട് ഒരു ഇസ്രയേലി കമ്പനിയുടെ ഡ്രിപ് ഇറിഗേഷന്‍ യൂണിറ്റിന്റെ പ്രചാരകനായി ആറായിരം രൂപ പ്രതിമാസ ശമ്പളത്തില്‍ ജോലി, പിന്നീട് അതുപേക്ഷിച്ച് വായ്പയെടുത്ത് ഐഐഎംല്‍ പഠിക്കാന്‍ ചേര്‍ന്നു. 2007ല്‍ ബാച്ച് ടോപ്പറായി അവാര്‍ഡുനേടി പുറത്തിറങ്ങി. ഐഐഎം അഹമ്മദാബാദിലെ തന്‌റെ സഹപാഠികളെപ്പോലെ മള്‍ട്ടി നാഷണല്‍ കമ്പനിയുടെ പിണിയാളായി വന്‍ ശമ്പളം നേടാനും വിദേശത്ത് സ്വപ്‌നസമാനമായ പദവി നേടാനുമായിരുന്നില്ല താല്‍പര്യം. താന്‍ ജനിച്ച നാടിന് എന്തു ചെയ്യാനാകും എന്ന അന്വേഷണമായിരുന്നു ആദ്യം. അതുപക്ഷേ താഴേത്തട്ടില്‍നിന്നുതന്നെ തുടങ്ങേണ്ടിയിരുന്നു. ടോപ്പര്‍ ആയതിന്റെ സമ്മാനത്തുകയായി ലഭിച്ച 25000 രൂപക്ക് പട്‌നയില്‍ ഒരു മുറി
1200 രൂപ മാസ വാടകയ്ക്ക് തരപ്പെടുത്തി. കൃഷി രീതികളെപ്പറ്റി ഗ്രാമീണരില്‍നിന്നും പഠിക്കുവാന്‍ ഗ്രാമങ്ങളിലേക്കുപോയി. 2008ല്‍ കൗസല്യ ഫൗണ്ടേഷന്‍ എന്നും നിഡ്‌സ് ഗ്രീന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നും രണ്ട് കമ്പനികള്‍ രൂപീകരിച്ചു. ഫൗണ്ടേഷന്‍ കൃഷിരീതികളെപ്പറ്റി കര്‍ഷകരെ പഠിപ്പിച്ചു. നിഡ്‌സ് അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കച്ചവടക്കാരെ സജ്ജരാക്കി. സമൃദ്ധിഗ്രീന്‍ എസി വണ്ടികളാണ് പച്ചക്കറി വിപണനം നടത്തുന്നത്. കഠിനാധ്വാനത്തിന്റെ നാളുകളില്‍ കൗശലേന്ദ്ര തെരുവില്‍ പച്ചക്കറി വില്‍ക്കാനും കൂടിയിട്ടുണ്ട്. 50,000 രൂപ ലോണില്‍ തുടങ്ങിയ പ്രസ്ഥാനം അടുത്തഘട്ടം 50ലക്ഷം വായ്പയെടുത്ത് രംഗത്തിറങ്ങി. ആദ്യവര്‍ഷങ്ങളില്‍ മികച്ച ലാഭം കര്‍ഷകര്‍ക്ക്ും വിലക്കുറവ് നാട്ടുകാര്‍ക്കും എന്ന ലക്ഷ്യത്തില്‍മുന്നോട്ടുപോയതിനാല്‍ നഷ്ടത്തിലാണ് നീങ്ങിയത്. ഉല്‍പാദനം വര്‍ദ്ധിപ്പിക്കലും വില്‍പ്പനയിലെ തന്ത്രങ്ങളുമായി പിന്നീട് സഥാപനം ലാഭത്തിലേക്ക് മുന്നേറുകയായിരുന്നു. ഭാര്യ രേഖാകുമാരിയും സഹോദരന്‍ ധീരേന്ദ്രകുമാറും കൗശലേന്ദ്രയുടെ നിയോഗത്തില്‍ സജീവ പങ്കാളികളായി.

നാടൻ കര്‍ഷകരെ പരിശീലിപ്പിച്ച് വലിയപഠിത്തം പാഴാക്കുകയാണെന്ന് കരുതിയവരെ മറികടക്കുകയെന്നതായിരുന്നു ശ്രമകരമെന്ന് കൗശലേന്ദ്ര പറയുന്നു.
ഇന്ന് സ്ഥാപനം മികവിന്ഡറെ പൊന്‍ കിരീടമണിയുകയും സ്വന്തം നാടിനെ സേവിക്കുകയെന്ന ദൗത്യം പൂര്‍ത്തീകരിക്കുകയും ചെയ്യുകയാണ്.
എല്ലാവരും ഉദിച്ചുയരുന്ന സൂര്യനെമാത്രമേ നമസ്‌കരിക്കാറുള്ളൂ, നിങ്ങളുടെ സ്വപ്‌നങ്ങളെ വിട്ടുകളയരുത്,അവയെ പിന്തുടരണം പുതുതലമുറയോട് അദ്ദേഹത്തിനുപറയാനുള്ളത് ഇതാണ്.