Wednesday
17 Jan 2018

ഹൈന്ദവ മതഗ്രന്ഥങ്ങള്‍ പ്രചരിപ്പിക്കാന്‍ കാണ്‍പൂര്‍ ഐഐടി നീക്കം

By: Web Desk | Thursday 11 January 2018 3:28 PM IST

കാണ്‍പൂര്‍ ഐഐടി ഹൈന്ദവ മതഗ്രന്ഥങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രത്യേക ഗവേഷണവിഭാഗവും സൈറ്റും ആരംഭിച്ചു. ഇന്ത്യയില്‍ ഇത്തരം ഒരു പരിപാടി ആരംഭിക്കുന്ന ആദ്യ സര്‍ക്കാര്‍ എന്‍ജിനീയറിംങ് കോളജാണ് കാണ്‍പൂര്‍ ഐഐടി.

ഐഐടിയുടെ ഔദ്യോഗിക സൈറ്റില്‍ തന്നെയാണ് (www.gitasupersite.iitk.ac.in )ഈ പരിപാടിയുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നത്.
ശ്രീമദ് ഭഗവത് ഗീത,രാമചരിതമാനസ്, ബ്രഹ്മസൂത്ര,യോഗസൂത്ര,ശ്രീ രാംമഗല്‍ ദസ്ജി ,നരേന്ദ്ര ഭക്തിസൂത്ര എന്നിവയാണ് ഇതുമായി ബന്ധിപ്പിച്ചിട്ടുള്ള ഒന്‍പത് വിശുദ്ധ ഗ്രന്ഥങ്ങള്‍. ഐഐടി സ്വയംഭരമാവകാശമുള്ളതാണെങ്കിലും അതിന് ഫണ്ട് നല്‍കുന്ന കേന്ദ്ര മാനവശേഷി വികസന വകുപ്പ് ആണ് വിവാദപരമായ നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും അടിച്ചേല്‍പ്പിച്ചതെന്ന് സൂചനയുണ്ട്. 2001ല്‍ അടല്‍ബിഹാരി വാജ്‌പേയി മന്ത്രിസഭയുടെ കാലത്താണ് 25 ലക്ഷം രൂപ ഇത്തരമൊരു പദ്ധതിക്ക് അനുവദിച്ചത്. ഐഐടിയിലും പുറത്തുനിന്നുമുള്ള ഭാഷാ പണ്ഡിതരും ഏറെ നാളായി പദ്ധതിയില്‍ വ്യാപൃതരാണ്. ശ്‌ളോകങ്ങള്‍ ആലപിച്ച് രേഖപ്പെടുത്തി സൂക്ഷിക്കുന്ന പരിപാടിയും മുന്നേറുന്നു.
ഇത് ഹിന്ദുത്വ പ്രചരണത്തിനുള്ള ഉപാധിയായി കാണരുതെന്നും മികച്ച ഉദ്ദേശ്യമാണ് ഇതിനു പിന്നിലെന്നും പദ്ധതിചുമതല വഹിക്കുന്ന പ്രഫ.ടി വി പ്രഭാകര്‍,ഡയറക്ടര്‍ മഹേന്ദ്ര അഗര്‍വാള്‍ എന്നിവര്‍ പറഞ്ഞു. അതേസമയം ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ ഭാഷാവിദഗ്ധരും പുറത്തെ സന്യാസികളും ശ്‌ളോകങ്ങളുടെ ആലാപനത്തിലും മറ്റും ഭാഗഭാക്കാണ്. കൂടുതല്‍ ഫണ്ട് കേന്ദ്രത്തില്‍ നിന്നും നേടി കൂടുതല്‍ വിശുദ്ധ ഗ്രന്ഥങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും ശ്രമമുണ്ട്.