Monday
17 Dec 2018

ഐഎല്‍ ആന്‍ഡ് എഫ്എസ് ഏറ്റെടുക്കലും ഒരു കോര്‍പ്പറേറ്റ് ദാസ്യവേല

By: Web Desk | Thursday 11 October 2018 10:40 PM IST

ടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കലും സാമ്പത്തിക സേവനങ്ങള്‍ നല്‍കലും ലക്ഷ്യം വച്ച് കേന്ദ്ര പൊതുമേഖലയില്‍ സ്ഥാപിതമായതും പിന്നീട് ഓഹരികള്‍ വിദേശ – ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതുമായ സ്ഥാപനമാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഐഎല്‍ ആന്‍ഡ് എഫ്എസ്). ഈ സ്ഥാപനം വന്‍ നഷ്ടത്തിലും കടബാധ്യതയിലും മുന്നോട്ടുപോകുകയാണ്. അതുമായി ബന്ധപ്പെട്ട വിവാദങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങളും കഴിഞ്ഞ കുറച്ചുമാസങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടുവരികയായിരുന്നു. 91,000 കോടി രൂപയുടെ കടബാധ്യതയുള്ള പ്രസ്തുത സ്ഥാപനം ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ആറംഗ ഭരണസമിതിയെ നിശ്ചയിക്കുകയും ചെയ്തതാണ് ഇതുമായി ബന്ധപ്പെട്ട ഒടുവിലത്തെ വാര്‍ത്തകള്‍.

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുകയോ സ്വകാര്യവല്‍ക്കരിക്കുകയോ ചെയ്യുകയെന്നുള്ള ഉദാരവല്‍ക്കരണ നയങ്ങളാണ് നേരത്തേ യുപിഎയും ഇപ്പോള്‍ ബിജെപി സര്‍ക്കാരും സ്വീകരിച്ചുപോരുന്നത്. അങ്ങനെയൊരു ഘട്ടത്തിലാണ് ഫലത്തില്‍ സ്വകാര്യമേഖലയിലായ ഭീമമായ കടബാധ്യതയും വിവിധ സ്ഥാപനങ്ങള്‍ക്ക് അതിലുമധികം സാമ്പത്തിക ബാധ്യതയുമുള്ള ഐഎല്‍ ആന്‍ഡ് എഫ്എസ് ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ തീരുമാനമുണ്ടായത്. ഇത് വിചിത്രവും വൈരുദ്ധ്യവുമായൊരു തീരുമാനമാണ്. 1987ലാണ് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഈ സ്ഥാപനം ആരംഭിക്കുന്നത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഭവന വികസന ധനകാര്യ കോര്‍പ്പറേഷന്‍, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്നിവ ചേര്‍ന്നായിരുന്നു ആരംഭത്തില്‍ പ്രധാന ഓഹരിപങ്കാളികള്‍. പിന്നീട് ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി കൂടുതല്‍ ധനസമാഹരണം ലക്ഷ്യമിട്ട് വന്‍കിട ആഗോള കമ്പനികളായ ജപ്പാന്‍ ആസ്ഥാനമായുള്ള മിത്‌സുബിഷി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി എന്നിവയ്ക്കും കമ്പനിയില്‍ ഓഹരിപങ്കാളിത്തം നല്‍കി. ഇതിന് പുറമേ അനുബന്ധ കമ്പനികളില്‍ മറ്റു ചില വിദേശ – സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഓഹരി പങ്കാളിത്തം നല്‍കുകയുണ്ടായി. 2012 ല്‍ എ2ഇസഡ് എന്ന സ്ഥാപനം ഐഎല്‍ ആന്‍ഡ് എഫ്എസിന്റെ നാല് അനുബന്ധ സ്ഥാപനങ്ങളില്‍ ഓഹരിപങ്കാളിത്തം നേടുകയുണ്ടായി. അങ്ങനെ എല്ലാ അര്‍ഥത്തിലും പൂര്‍ണമായും സ്വകാര്യ സ്ഥാപനങ്ങളുടെ പട്ടികയില്‍പ്പെടുത്താവുന്ന ഐഎല്‍ ആന്‍ഡ് എഫ്എസിനെയാണ് ഒക്‌ടോബര്‍ ഒന്നിന് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്.

അപ്പോള്‍ തന്നെ ഇതിന് പിന്നില്‍ ചില ഗുഢോദ്ദേശ്യങ്ങളുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. അടിസ്ഥാന സൗകര്യ വികസനം എന്നതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമായും റോഡ് വികസന പ്രക്രിയയിലാണ് സ്ഥാപനം ഏര്‍പ്പെട്ടിരിക്കുന്നത്. അതിന് പുറമേ ഓഹരി – സാമ്പത്തിക ഇടപാടുകളും പ്രവര്‍ത്തനമേഖലയാണ്. പ്രധാനപ്പെട്ട സാമ്പത്തിക ഇടപാടുകാര്‍ കോര്‍പ്പറേറ്റ് ഭീമന്മാര്‍ തന്നെയാണ്. അടിസ്ഥാന സൗകര്യവികസനമൊരുക്കലിലും നിക്ഷേപങ്ങളിലും അവര്‍ക്ക് നല്ല പങ്കാളിത്തമുണ്ട്. അതുകൊണ്ടുതന്നെ കടബാധ്യതകളും ഓഹരിയും നിക്ഷേപവും മറ്റുമായുള്ള സാമ്പത്തിക ബാധ്യതകളും പ്രതികൂലമായി ബാധിക്കുന്നത് കോര്‍പ്പറേറ്റ് കമ്പനികളെയായിരിക്കും. ഇതിനകം തന്നെ ഇക്കാര്യത്തിലുള്ള അദാനിയുടെ പങ്കാളിത്തം പുറത്തുവന്നിട്ടുണ്ട്. ഐഎല്‍ ആന്‍ഡ് എഫ്എസും അദാനി ഗ്രൂപ്പുമായുള്ള ഇടപാടുകളില്‍ ക്രമക്കേടുകള്‍ നടന്നതായി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമേ കൂടുതല്‍ ക്രമക്കേടുകള്‍ നടന്നിരിക്കാനിടയുള്ളതായും കരുതപ്പെടുന്നുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി പുതിയതായി നിയോഗിക്കപ്പെട്ട ഭരണസമിതി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇവിടെയാണ് കമ്പനി ഏറ്റെടുത്തതിനെ കുറിച്ചുള്ള ദുരൂഹതകള്‍ വര്‍ധിക്കുന്നത്. വിദേശത്തും സ്വദേശത്തു മുള്ള സ്വകാര്യ – കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നൊരു സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് എന്തിനാണെന്ന ചോദ്യമാണ് ഏറ്റവും പ്രസക്തമായിട്ടുള്ളത്. പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്രമോഡിയുടെ ആശിര്‍വാദങ്ങളും വഴിവിട്ട സഹായങ്ങളുമായി വ്യാപാര സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് ഗൗതം അദാനി. അതുവരെ നൂറുകണക്കിന് കോടി രൂപ വിറ്റുവരവുണ്ടായിരുന്ന അദാനിയുടെ സ്ഥാപനങ്ങള്‍ ആഗോളതലത്തിലേയ്ക്ക് പടരുന്നത് അതിന് ശേഷമായിരുന്നു. മോഡി കേന്ദ്രഭരണാധികാരിയായതോടെ അദാനി ആഗോളഭീമനായി വളരുകയായിരുന്നു. അത്തരത്തിലുള്ള അദാനിമാര്‍ക്ക് സാമ്പത്തിക നഷ്ടം വരുമ്പോള്‍ ആര്‍ക്കാണ് പൊള്ളുന്നതെന്നതും അതുകൊണ്ടല്ലേ ഐഎല്‍ ആന്‍ഡ് എഫ്എസ് ഏറ്റെടുത്ത് സഹായിക്കുന്നതിനുള്ള തീരുമാനമുണ്ടായതെന്നുമുള്ള ചോദ്യങ്ങള്‍ക്ക് മോഡി ഉത്തരം നല്‍കേണ്ടതുണ്ട്. ഇനി കോര്‍പ്പറേറ്റുകളുടെ ബാധ്യതകള്‍ തീര്‍ക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുള്ളതാണ്. അതിന് അവര്‍ക്ക് സര്‍ക്കാരിനെതിരെ കേസിന് പോകാവുന്നതുമാണ്. അതോടൊപ്പം അദാനിമാരുമായുള്ള ഇടപാടുകളില്‍ നടന്ന ക്രമക്കേടുകള്‍ ഒതുക്കിത്തീര്‍ക്കാനും ഇതുവഴി സാധിക്കും. യഥാര്‍ഥത്തില്‍ കടക്കെണിയിലും നഷ്ടത്തിലുമായ ഒരു സ്വകാര്യ സ്ഥാപനം ഏറ്റെടുക്കുന്നതിന് പിന്നില്‍ മറ്റെന്ത് യുക്തിയാണ് കേന്ദ്ര സര്‍ക്കാരിന് പറയാനുള്ളതെന്നും ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്.