Sunday
19 Nov 2017

നിയമവിരുദ്ധമായി നല്‍കിയ 1843 വനഭൂമി പട്ടയങ്ങള്‍ റദ്ദാക്കി

By: Web Desk | Thursday 28 September 2017 11:14 PM IST

  • 1843 പട്ടയങ്ങളിലായി പതിച്ചുനല്‍കിയത് 4835 ഏക്കര്‍

  • വിതരണം ചെയ്തത് വനം വകുപ്പിന്റെ എതിര്‍പ്പുകളെ മറികടന്ന്

എ ബിജു
പത്തനംതിട്ട: ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ റവന്യു മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് പത്തനംതിട്ട ജില്ലയിലെ വിവിധ വില്ലേജുകളില്‍ വനഭൂമിക്ക് പട്ടയം നല്‍കിയത് റദ്ദാക്കി.
ആറ് വില്ലേജുകളിലെ 1843 പട്ടയങ്ങളാണ് കോന്നി തഹസില്‍ദാര്‍ റദ്ദാക്കിയത്. ആകെ 4835 ഏക്കര്‍ സ്ഥലത്തിനാണ് പട്ടയം നല്‍കിയിരുന്നത്. ഇത് നിയമപരമല്ലെന്ന് കണ്ടെത്തിയ ജില്ലാകളക്ടര്‍ ആര്‍ ഗിരിജ നടപടി റദ്ദാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പട്ടയം അനുവദിച്ച എല്ലാ ഭൂമിയും വനംവകുപ്പിന്റേതെന്നാണ് രേഖകളില്‍ കാണുന്നതെന്ന് കളക്ടര്‍ പറഞ്ഞു. വ്യക്തികള്‍ കൈപ്പറ്റിയ പട്ടയങ്ങള്‍ മടക്കിവാങ്ങുമെന്നും അവര്‍ അറിയിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു കോന്നി മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് പട്ടയം വിതരണം ചെയ്തത്. ഈ ഭൂമി വനഭൂമിയാണെന്നും പട്ടയം നല്‍കാന്‍ കഴിയില്ലെന്നുമുള്ള വനം വകുപ്പിന്റെ ഉത്തരവ് മറികടന്നതായി റവന്യൂ അന്വേഷണത്തില്‍ കണ്ടെത്തി.
സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍, കോന്നി-താഴം, അരുവാപ്പുലം, കലഞ്ഞൂര്‍ വില്ലേജുകളിലാണ് പട്ടയങ്ങള്‍ അനുവദിച്ചത്. സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍ വില്ലേജുകളില്‍പ്പെട്ടവര്‍ക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ കോന്നി തഹസില്‍ദാര്‍ വനം വകുപ്പിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. നിര്‍ദ്ദിഷ്ട ഭൂമി വനഭൂമിയാണന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പതിച്ചു നല്‍കാന്‍ കഴിയില്ലെന്നും കാണിച്ച് 2015 ഡിസംബര്‍ രണ്ടിന് റാന്നി ഡിഎഫ്ഒ മറുപടി നല്‍കിയിരുന്നു.
ഇത് അവഗണിച്ച് മുന്നോട്ട് പോയ റവന്യൂവകുപ്പ് ഭൂമി പതിച്ച് നല്‍കുന്നതിന് ഓഫീസ് തുറന്നു. 40 പേര്‍ക്ക് വിതരണം നടത്തി. വ്യാപകമായി ഭൂമി പതിച്ച് നല്‍കിയതിന് എതിരെ പരാതികളും ഉയര്‍ന്നു. പട്ടയം നല്‍കിയ ഭൂമി വനഭൂമിയാണെന്ന നിലപാടില്‍ വനം വകുപ്പ് ഉറച്ചുനിന്നു. ജില്ലയിലെ ആറ് വില്ലേജുകളിലെ 1843 പട്ടയങ്ങള്‍ റദ്ദാക്കി. നിയമപ്രകാരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പ് പട്ടയങ്ങള്‍ റദ്ദാക്കിയത്.
2016 ജനുവരി 26ന് പത്തനംതിട്ട ഗസ്റ്റ് ഹൗസില്‍ ജില്ലാകളക്ടര്‍ ഉള്‍പ്പടെയുള്ളവരുടെ യോഗം റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് വിളിച്ചിരുന്നു. തുടര്‍ന്നാണ് ഓഫീസ് തുറന്നത്. 4126 കൈവശക്കാര്‍ക്കായി 4865 ഏക്കര്‍ ഭൂമിയാണ് പട്ടയമായി നല്‍കാന്‍ തീരുമാനിച്ചത്. ഇതില്‍ 1843 പേര്‍ക്കാണ് പട്ടയം അനുവദിച്ചത്. 2016 ഫെബ്രുവരി 28ന് ചിറ്റാറില്‍ പട്ടയമേള സംഘടിപ്പിച്ച് അടൂര്‍ പ്രകാശ് തന്നെ 40 പട്ടയങ്ങള്‍ വിതരണം ചെയ്തു. ബാക്കിയുള്ളവ വിതരണത്തിനായി തയാറാക്കി.
പട്ടയം നല്‍കിയ ഭൂമി വനഭൂമിയായതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പട്ടയം നല്‍കിയ നടപടി സുപ്രിം കോടതി വിധിയുടെ ലംഘനമാണെന്ന് കണ്ടതോടെയാണ് റവന്യൂ വകുപ്പ് പട്ടയം റദ്ദാക്കാന്‍ നടപടികള്‍ തുടങ്ങിയത്. ഇത് റിസര്‍വ് വനമായി നിലനില്‍ക്കുന്നതിനാല്‍ വനേതര ആവശ്യത്തിന് ഉപയോഗിക്കാന്‍ നിയമതടസ്സമുണ്ടെന്ന് കാട്ടിയാണ് തുടര്‍നടപടിക്ക് പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ ഉത്തരവിട്ടത്. തുടര്‍ന്ന് കോന്നി തഹസില്‍ദാര്‍ ടി ജി ഗോപകുമാര്‍ പട്ടയങ്ങള്‍ റദ്ദു ചെയ്യുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിയമം ലംഘിച്ച് തയാറാക്കിയ പട്ടയങ്ങള്‍ പട്ടയമേളയിലൂടെ വിതരണം നടത്തിയപ്പോള്‍ സംസ്ഥാന ഖജനാവിന് ലക്ഷങ്ങളാണ് നഷ്ടമായത്. കുടിയേറ്റക്കാരുടെ മറവില്‍ ഒട്ടേറെ മത സ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പട്ടയം നല്‍കിയിരുന്നു.