Saturday
17 Nov 2018

മാനസികാരോഗ്യം വളര്‍ത്തിയെടുക്കാം

By: Web Desk | Tuesday 30 October 2018 11:08 PM IST

 

ഡോ. ചന്ദന ഡി കറത്തുള്ളി

ആയുര്‍വേദ ഫിസിഷ്യന്‍,
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്.
facebook/bodhihealthandlifestyle

എല്ലാ വര്‍ഷവും വ്യത്യസ്തമായ പ്രമേയങ്ങളോടെ മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിക്കാറുണ്ട്. മാറുന്ന ലോകത്തിലെ പുതുതലമുറയുടെ മാനസികാരോഗ്യം എന്നതായിരുന്നു ഈ വര്‍ഷം കടന്നുപോയ ദിനാചരണത്തിന്റെ വിഷയം. വേഗമേറിപ്പായുന്ന ഈ ലോകത്തില്‍ മനസിനെയും ചുറ്റുമുള്ളവരുടെയും മാനസിക പ്രയാസങ്ങളെക്കുറിച്ചും ചിന്തിക്കാന്‍ നമുക്കെവിടെ സമയം? ചെറിയ കുടുംബപ്രശ്‌നങ്ങളും മാനസിക പ്രയാസങ്ങളും മറ്റും മൂടിവയ്ക്കുന്നതും ആരെയുമറിയിക്കാതെ കൊണ്ടുനടക്കുന്നതും പ്രശ്‌നങ്ങള്‍ വഷളാക്കുന്നു. തന്റെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ആശങ്കകളുമൊന്നും പങ്കുവയ്ക്കാതെയും പ്രശ്‌നപരിഹാരമോ മാര്‍ഗനിര്‍ദേശമോ തേടാതെയും മാനസികാരോഗ്യമില്ലാതാവുകയും മാനസിക പ്രയാസങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു. അതിനുമുമ്പ് എന്താണ് മാനസികാരോഗ്യം എന്നറിയേണ്ടേ? ഭൂരിഭാഗം പേരുടെയും ധാരണ മാനസികാരോഗാശുപത്രിയില്‍ കയറേണ്ടിവന്നിട്ടില്ലാത്ത നാമെല്ലാവരും മാനസികാരോഗ്യമുള്ളവരാണ് എന്നാണ്. യഥാര്‍ത്ഥത്തില്‍ അതാണോ സത്യം? ഈഗോയും വെറുപ്പും വിദ്വേഷവും ആത്മവിശ്വാസക്കുറവും മാനസികസമ്മര്‍ദ്ദവും ആധിയും ആശങ്കയും വ്യഥയും പേറിനടക്കുന്ന നാം മാനസികാരോഗ്യം ഉള്ളവരാണോ?
ലോകാരോഗ്യസംഘടന മാനസികാരോഗ്യത്തെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്- മാനസികാരോഗ്യം നിറഞ്ഞ സ്വാസ്ഥ്യാവസ്ഥയുള്ള ഒരു വ്യക്തിക്ക് തന്റെ ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളുമായി പൊരുത്തപ്പെടാനും തന്റെ കഴിവുകള്‍ പൂര്‍ണമായി മനസിലാക്കി, അതനുസരിച്ച് ക്രിയാത്മകമായി പ്രവര്‍ത്തിക്കാനും വൈകാരികവും ബൗദ്ധികവുമായ ഔന്നത്യത്തില്‍ എത്തിച്ചേരാനും സ്വന്തം പ്രതിബന്ധങ്ങള്‍ സ്വയം മറികടക്കാനാവുമെന്നും അതിനുള്ള പ്രാപ്തിയും അവകാശവും തനിക്കുണ്ടെന്ന വിശ്വാസത്തോടെ മുന്നോട്ടുപോകാനും തനിക്കും തന്റെ സമൂഹത്തിനും പ്രയോജനപ്പെടുംവിധം പെരുമാറാനും പ്രവര്‍ത്തിക്കാനും സാധിക്കുന്നു. ഈ നിര്‍വചനത്തില്‍ നിന്നുതന്നെ ഒരു കാര്യം വ്യക്തമാണ്, മാനസികാരോഗ്യമെന്നത് മാനസികരോഗത്തിന്റെ അഭാവമല്ല. രോഗമില്ലാത്ത ഒരാള്‍ക്ക് ആരോഗ്യമുണ്ട് എന്നു പറയാനാവില്ലല്ലോ. മാനസികാസ്വാസ്ഥ്യാവസ്ഥയില്‍ താന്‍ തന്നെതന്നെ എങ്ങനെ നോക്കിക്കാണുന്നു എന്നതും തന്റെ സാഹചര്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുന്നു എന്നതും തന്റെ ചുറ്റുപാടുകളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതുമെല്ലാം ഉള്‍പ്പെടുന്നു.
മാനസികാരോഗ്യത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു
സ്വയംമതിപ്പ്: മാനസികാരോഗ്യമുള്ള ഒരു വ്യക്തിക്ക് സ്വയം ഒരു വ്യക്തിയെന്നനിലയില്‍ തന്നോടുതന്നെ ഒരു പോസിറ്റീവ് മനോഭാവം ഉണ്ടായിരിക്കും. അഹങ്കാരത്തിന്റെ ധ്വനിയില്ലാതെതന്നെ, തന്നെക്കുറിച്ച് പോസിറ്റീവായി ചിന്തിക്കുകയും ചെയ്യുന്നു. തന്റെ ജീവിതാനുഭവങ്ങളെയും അങ്ങനെതന്നെ നോക്കിക്കാണുന്നു.
വൈകാരിക പക്വത – മാനസികാരോഗ്യമുള്ള ഒരു വ്യക്തി ആരോഗ്യകരമായി തന്റെ വികാരങ്ങള്‍ ആശയവിനിമയം ചെയ്യുന്നു. ദേഷ്യമായാലും സങ്കടമായാലും സന്തോഷമായാലും തനിക്കും കൂടെയുള്ളവര്‍ക്കും ആരോഗ്യകരമായി അവ പങ്കുവയ്ക്കുന്നു. മാത്രമല്ല, മറ്റുള്ളവരുടെ വികാരങ്ങള്‍ മനസിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വ്യക്തമായി പറഞ്ഞാല്‍, ദേഷ്യം വന്നാല്‍ തെറിവിളിക്കുകയും സാധനങ്ങള്‍ തല്ലിപൊട്ടിക്കുകയും അക്രമാസക്തരാവുകയും ചെയ്യുന്നതും സങ്കടം വന്നാല്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയും മറ്റുള്ളവരെ ദ്രോഹിക്കുംവിധം പെരുമാറുന്നതും സമൂഹമാധ്യമങ്ങളില്‍ അപവാദപ്രചരണങ്ങളും മറ്റും അഴിച്ചുവിടുന്നതുമൊന്നും മാനസികാരോഗ്യത്തിന്റെ ലക്ഷണങ്ങളല്ല.
ആത്മവിശ്വാസം – സ്വന്തം കഴിവുകളെയും സ്വന്തം വ്യക്തിത്വത്തെയും കുറിച്ചുള്ള വിശ്വാസവും അഭിമാനവും കാത്തുസൂക്ഷിക്കാന്‍ മാനസികാരോഗ്യമുള്ളവര്‍ക്ക് സാധിക്കുന്നു. സ്വന്തം കഴിവ് തെളിയിക്കാന്‍ മറ്റുള്ളവരെ അടിച്ചമര്‍ത്താനോ മറ്റുള്ളവരെ അവഹേളിക്കാനോ മറ്റുള്ളവരുടെ കഴിവുകള്‍ കുറച്ചുകാണിച്ചും അധിക്ഷേപിച്ചും തന്റെ മേല്‍ക്കോയ്മ സ്ഥാപിക്കേണ്ട ആവശ്യം ആത്മവിശ്വാസമുള്ളവര്‍ക്കില്ല. മറ്റുള്ളവരെ അംഗീകരിക്കാനും തന്നില്‍ നിന്നും വ്യത്യസ്തമായ നിലപാടുകള്‍ സൂക്ഷിക്കുന്നവരോടുപോലും സംയമനം കൈവിടാതെ പോസിറ്റീവായി പ്രതികരിക്കാന്‍ ആത്മവിശ്വാസമുള്ളവര്‍ക്ക് സാധിക്കുന്നു. തന്റെ തെറ്റുകള്‍ സമ്മതിച്ചുകൊടുക്കാനും അത് അംഗീകരിക്കാനും അവ തിരുത്താനും തുറന്നമനസോടെ മാനസികാരോഗ്യം ഉള്ളവര്‍ക്ക് സാധിക്കുന്നു.
ആരോഗ്യകരമായ വ്യക്തിബന്ധങ്ങള്‍ – ആഴമേറിയതും ഏതു പ്രതിസന്ധിയിലും കൂടെനില്‍ക്കുന്നതുമായ വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കാന്‍ മാനസികാരോഗ്യമുള്ളവര്‍ക്ക് സാധിക്കുന്നു. പരസ്പരം മുതലെടുക്കാതെയും സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാതെയും പരസ്പര ബഹുമാനവും പരസ്പര സ്വാതന്ത്ര്യത്തിലൂന്നിയതുമായ ബന്ധങ്ങള്‍ മാനസികാരോഗ്യമുള്ളവര്‍ക്ക് മാത്രം സൂക്ഷിക്കാന്‍ കഴിയുന്നവയാണ്.
പോസിറ്റീവ് മനോഭാവം – ഭാവിയെ കുറിച്ചുള്ള പ്രത്യാശയിലൂന്നിയ മനോഭാവം മാനസികാരോഗ്യമുള്ളവരുടെ പ്രത്യേകതയാണ്. ശുഭാപ്തിവിശ്വാസത്തോടെ നിരന്തരം കര്‍മ്മനിരതരായിരിക്കുന്ന അവര്‍ തന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നുവെന്ന് മാത്രമല്ല, വലിയ പ്രതിസന്ധികളില്‍പോലും തളരാതെ മുന്നോട്ടുതന്നെ പോവാനുള്ള ആര്‍ജ്ജവം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ചെറിയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍പോലും ആശങ്കാകുലരാകുന്നതും എനിക്ക് ഇത് നേരിടാന്‍ സാധിക്കുന്നില്ല എന്ന് പരിഭവം പറയുകയും ചെയ്യുന്നതും എന്റെ ജീവിതം എപ്പോഴും ഒരു പരാജയമാണെന്ന് വിലപിക്കുന്നതും പ്രശ്‌നപരിഹാരമോ മുന്നോട്ടു ചെയ്യേണ്ട കാര്യങ്ങളോ ചെയ്യാതെ പരാതി പറഞ്ഞിരിക്കുന്നതും മാനസികാരോഗ്യത്തിന്റെ ലക്ഷണങ്ങളല്ല.
വിമര്‍ശനങ്ങളോടുള്ള പോസിറ്റീവ് മനോഭാവം – തന്റെ ഭാഗത്തും തെറ്റുകള്‍ സംഭവിക്കാമെന്നും അങ്ങനെയുണ്ടായെങ്കില്‍ തിരുത്തുവാനുമുള്ള മനഃസ്ഥിതി മാനസികാരോഗ്യമുള്ളവര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. വിമര്‍ശനങ്ങളെ പോസിറ്റീവായി മാത്രം നേരിടുന്നതും തനിക്കുനേരെയുള്ള വ്യക്തിഹത്യകളില്‍ തളരാതെ ഒരു ചെറുപുഞ്ചിരിയോടെ മാത്രം മുന്നോട്ടുപോവാനും അവര്‍ക്ക് സാധിക്കുന്നു. മാത്രമല്ല, മറ്റുള്ളവരുടെ ഭാഗത്തുനിന്നും വരുന്ന വീഴ്ചകളെയും തെറ്റുകുറ്റങ്ങളെയും തുറന്നമനസോടെ കാണാനും ക്ഷമിക്കാനും സാധിക്കുന്നു. അല്ലാതെ എപ്പോഴും മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കുന്നത് മാനിസികാരോഗ്യത്തിന്റെ ലക്ഷണങ്ങളല്ല.
കര്‍മ്മനിരതയോടെ മുന്നോട്ടുപോകാനുള്ള അര്‍പ്പണബോധം – തന്റെ കഴിവുകളും താല്‍പര്യങ്ങളും സാമൂഹികനന്മയ്ക്ക് ഉതകുന്നരീതിയില്‍ വളര്‍ത്തി, നാമായിരിക്കുന്ന സമൂഹത്തിന് സംഭാവന നല്‍കുന്ന രീതിയില്‍ അര്‍പ്പണബോധത്തോടെ കര്‍മ്മനിരതരായിരിക്കും എന്നത് മാനസികാരോഗ്യത്തിന്റെ ലക്ഷണമാണ്. അര്‍പ്പണബോധത്തോടെയും ഉത്തരവാദിത്വബോധത്തോടെയുമുള്ള ഗാര്‍ഹികഭരണം പോലും ഇതിലുള്‍പ്പെടുന്നു.
വിഷമഘട്ടങ്ങളില്‍ തളര്‍ന്നുപോയാലും തിരിച്ചുവരാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം – ഇത്രയൊക്കെയാണെങ്കിലും വിഷമഘട്ടങ്ങളില്‍ അകപ്പെട്ടു പോകുമ്പോള്‍ തളര്‍ന്നുപോകുന്നത് സ്വാഭാവികം തന്നെ. എന്നാല്‍ അതോടെ ജീവിതം അവസാനിച്ചു എന്നു വിശ്വസിക്കാതെ പതുക്കെയാണെങ്കിലും സ്വാസ്ഥ്യാവസ്ഥയിലേയ്ക്ക് മടങ്ങിവരാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവും പ്രത്യാശയും കാത്തുസൂക്ഷിക്കുക എന്നതാണ് മാനസികാരോഗ്യത്തിന്റെ മുഖ്യഘടകം.
ഇങ്ങനെ നോക്കുമ്പോള്‍ നമ്മളില്‍ എത്രപേര്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കുന്നവരാണ് എന്ന് സ്വയം ചോദിച്ചറിയേണ്ടതാണ് മികച്ച മാനസികാരോഗ്യം കാത്തുസൂക്ഷിക്കാന്‍ നാമേവരും പരിശ്രമിക്കേണ്ടതുമാണ്. എന്നാല്‍ മാത്രമേ നാം കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കുന്ന ഈ ജീവിതം നമുക്ക് ആസ്വദിക്കാന്‍ സാധിക്കൂ. ഏവര്‍ക്കും അതിനുസാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു.