Wednesday
19 Sep 2018

വളന്തക്കാട് ദ്വീപിലേക്ക് ഉടന്‍ പാലം നിര്‍മ്മിക്കണം: സി പി ഐ

By: Web Desk | Wednesday 11 April 2018 8:52 PM IST

കൊച്ചി: വളന്തക്കാട് ദ്വീപില്‍ സാറ്റ്ലൈറ്റ് സര്‍വ്വെ നടത്തി 18 ഏക്കറോളമുള്ള മിച്ച ഭൂമി കണ്ടെത്തി സംരക്ഷിക്കുന്നതിനും മരടില്‍ നിന്നും വളന്തക്കാട്ടിലേക്ക് പാലം നിര്‍മ്മിക്കണമെന്നും സി പി ഐ ജില്ലാ സെക്രട്ടറി പി രാജു ആവശ്യപ്പെട്ടു. ഇന്ന് വൈകിട്ട് തൃപ്പൂണിത്തുറ മണ്ഡലത്തിലെ സി പി ഐ നേതാക്കളോടൊപ്പം വളന്തക്കാട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മരട് നഗരസഭയില്‍ പെട്ട പ്രദേശമായിട്ടും യാതൊരു ഗതാഗത മാര്‍ഗവും ഈ ദ്വീപില്‍ താമസിക്കുന്നവര്‍ക്ക് നിലവിലില്ല. ചെറു വഞ്ചികള്‍ ആശ്രയിച്ചാണ് മറു കരകളിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി പോകുന്നത്. അസുഖം വന്നാല്‍പോലും അടിയന്തിരമായി ആശുപത്രിയില്‍ എത്തിക്കുന്നതിനു പോലും കഴിയാത്ത ബുന്ധിമുട്ടുകയാണ് ഈ ദ്വീപിലെ 45 ഓളം കുടുംബങ്ങള്‍. യാതൊരു വിധ വികസനവും എത്താത്ത വളന്തക്കാടിന്‍റെ വികസനത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അതിനു സി പി ഐ ഇടപെടണമെന്നുള്ള നിവേദനം എ വി സദാനന്ദന്‍ സി പി ഐ ജില്ലാ സെക്രട്ടറിക്ക് നല്‍കി.

സി പി ഐ ജില്ലാ കമ്മിറ്റി അംഗം ടി രഘുവരന്‍, തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി പി വി ചന്ദ്രബോസ്, അസിസ്റ്റന്റ് സെക്രട്ടറി എ കെ സജീവന്‍, മരട് ലോക്കല്‍ സെക്രട്ടറി എ ആര്‍ പ്രസാദ്, മരട് നഗരസഭാ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ദിഷ പ്രതാപന്‍, സി പി ഐ പ്രാദേശിക നേതാക്കളായ എ എം മുഹമ്മദ്, പി ബി വേണുഗോപാല്‍, കെ എസ് മാത്തന്‍ , പി കെ ഷാജി, എന്‍ ഡി വാസുദേവന്‍, സംഗീത അജിത്ത്, എ കെ കാര്‍ത്തികേയന്‍, എ എസ് വിനീഷ്, കെ വി ലാലന്‍ , കെ ബി സുബീഷ്‌ലാല്‍ എന്നിവരും സംഘത്തില്‍ സന്നിഹിതരായിരുന്നു.

Related News