Friday
19 Oct 2018

വേണ്ടെന്നു വച്ച യു എസ് – ഉത്തര  കൊറിയൻ ഉച്ചകോടി ജൂൺ 12 നു

By: Web Desk | Saturday 2 June 2018 1:31 PM IST

ഉത്തര  കൊറിയയുടെ കിം യോങ് ചോളുമായി വൈറ്റ് ഹൗസിൽ ട്രംപ് നടത്തിയ കൂടിക്കാഴ്ചക്കിടയിൽ 

എട്ടു ദിവസം മുമ്പ് വേണ്ടെന്നു വച്ച യു എസ് – ഉത്തര  കൊറിയൻ ഉച്ചകോടി ജൂൺ 12 നു സിംഗപ്പൂരിൽ നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സന്നദ്ധം. പ്യോങ്യാങ്ങിന്റെ അണ്വായുധ പദ്ധതികൾ  ഇല്ലാതാക്കുന്നതിനുള്ള  ഉന്നത തല നയതന്ത്രങ്ങൾ വിജയിച്ചതിനെ  തുടർന്നാണ് ഉച്ചകോടിക്ക് വഴി തെളിഞ്ഞത്. കിം ജോങ് ഉന്നുമായി നിശ്ചയിച്ച ഉച്ചകോടി നടക്കുമെന്ന് ട്രംപ് അറിയിച്ചു.

പ്യോങ്യാങ്ങിന്റെ തുറന്ന ശത്രുത മൂലം താൻ പിൻവാങ്ങുന്നുവെന്നു  കിം ജോങ് ഉന്നിനു ട്രംപ് എട്ടു ദിവസം മുമ്പ് കത്തെഴുതിയിരുന്നു. തുടർന്ന് വൈറ്റ് ഹൗസിലെത്തിയ ഉത്തര  കൊറിയയുടെ മുൻ ഇന്റലിജൻസ് മേധാവിയെ ട്രംപ് പുഞ്ചിരിയോടെയും കൈ കൊടുത്തും കൈയ്യിൽ സ്നേഹപൂർവ്വം തട്ടിയുമാണ് സ്വീകരിച്ചത്.

കിം യോങ് ചോളുമായി 90 മിനിറ്റ് യോഗത്തിനു ശേഷം “നല്ല മീറ്റിംഗ്, ഇതൊരു മഹത്തായ തുടക്കം” എന്ന് ട്രംപ് പറഞ്ഞു. 18 വർഷത്തിന് ശേഷം വൈറ്റ് ഹൗസിലെത്തുന്ന ആദ്യ ഉത്തര  കൊറിയൻ നേതാവാണ്  കിം യോങ് ചോൾ. “ഉത്തര  കൊറിയയിലെ രണ്ടാമത്തെ ശക്തനായ നേതാവ്” എന്നാണ് ട്രംപ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

“വളരെ സകാരാത്മക ഫലം” അവിടെ ഉണ്ടാകും, “ജൂൺ 12 നു എന്തെങ്കിലും ഞങ്ങൾ ഒപ്പു വയ്ക്കാൻ പോകുന്നില്ല, അങ്ങനെ ഉദ്ദേശിച്ചിരുന്നില്ല” ട്രംപ് പറഞ്ഞു. “ഇതൊരു പ്രക്രിയയുടെ തുടക്കം. ഞാനവരോട് പറഞ്ഞു, നിങ്ങൾ വേണ്ടത്ര സമയം എടുത്തോളൂ, നമുക്ക് വേഗത്തിൽ പോകാം, പതുക്കെയുമാകാം” വൈറ്റ് ഹൗസിന്റെ ലോണിൽ വച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞുവെന്നു റോയിട്ടർ റിപ്പോർട്ട് ചെയ്യുന്നു.

ഒരുപാട് മീറ്റിംഗുകളിലൂടെ മാത്രമേ ഒരു കരാറിലെത്താൻ കഴിയൂ, പക്ഷെ കിം ജോങ് ഉൻ  അണ്വായുധ നിരായുധീകരണത്തിനോട് പ്രതിജ്ഞാ ബദ്ധമാണ്, ട്രംപ് പറഞ്ഞു.